ADVERTISEMENT

പാലാ ∙ ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയിൽ പുലിയന്നൂർ കാണിക്കമണ്ഡപം ജംക്‌ഷനിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ പാലാ സെന്റ് തോമസ് കോളജ് വിദ്യാർഥി മണ്ണാപറമ്പിൽ അമൽ ഷാജി (18) മരിച്ചതിനെ തുടർന്ന് മരിയൻ ജംക്‌ഷൻ റോ‍ഡിൽ വൺവേ ഏർപ്പെടുത്താൻ ഗതാഗത ഉപദേശക സമിതി യോഗം തീരുമാനിച്ചു. മാണി സി.കാപ്പൻ എംഎൽഎ, നഗരസഭാധ്യക്ഷൻ ഷാജു വി.തുരുത്തൻ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഇന്ന് മുതൽ ഗതാഗത പരിഷ്കാരങ്ങൾ നിലവിൽ വരും.

പാലാ ഭാഗത്തു നിന്ന് കോട്ടയം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ഹൈവേ വഴിയാണ് പോകേണ്ടത്. കോട്ടയം ഭാഗത്തു നിന്ന് പാലായ്ക്കു വരുന്ന വാഹനങ്ങൾ പുലിയന്നൂർ കാണിക്ക മണ്ഡപത്തിനു സമീപത്തു നിന്ന് മരിയൻ ജംക്‌ഷൻ വഴി എസ്എച്ച് ഹോസ്റ്റലിനു സമീപത്തെത്തി ഹൈവേയിൽ പ്രവേശിക്കണം. സമാന്തര റോഡിലൂടെ വരുന്ന വാഹനങ്ങൾ മരിയൻ ജംക്‌ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് എസ്‌എച്ച് ഹോസ്റ്റലിനു സമീപമെത്തി വലത്തോട്ട് തിരിഞ്ഞ് കോട്ടയം ഭാഗത്തേക്കു പോകണം. പാലാ ഭാഗത്തു നിന്നും മരിയൻ സെന്ററിലേക്കു വരുന്ന വാഹനങ്ങൾ ഹൈവേ വഴിയെത്തി പുലിയന്നൂർ പാലത്തിനു മുൻപായി തിരിയേണ്ടതാണ്.

പുലിയന്നൂർ അമ്പലം ഭാഗത്തു നിന്ന് കോട്ടയം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ഇടത്തു വശത്തേക്കു തിരിഞ്ഞ് എസ്എച്ച് ഹോസ്റ്റൽ ജംക്‌ഷനിലെത്തി ഹൈവേയിൽ പ്രവേശിച്ച് കടന്നു പോകണം. പാലാ ഭാഗത്തു നിന്ന് പുലിയന്നൂർ അമ്പലം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കാണിയ്ക്ക മണ്ഡപത്തിനു സമീപത്തു നിന്ന് വലത്തോട്ട് തിരിഞ്ഞ് പോകണം. കോട്ടയം ഭാഗത്തു നിന്ന് പാലാ ഭാഗത്തേക്കു വരുന്ന ബസുകൾ അരുണാപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിനു സമീപം നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. പാലാ ഭാഗത്തു നിന്ന് വരുന്ന ബസുകൾ പുലിയന്നൂർ കാണിക്ക മണ്ഡപത്തിനു സമീപമുള്ള സ്റ്റോപ്പിലും നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണം. ജനറൽ ആശുപത്രി ജംക്‌ഷൻ മുതൽ സ്റ്റേഡിയം ജംക്‌ഷൻ വരെ റോഡിന്റെ ഇടതു വശത്തു മാത്രമേ വാഹനങ്ങൾ പാർക്കു ചെയ്യാൻ പാടുള്ളൂ. കുരിശുപള്ളി ജംക്‌ഷനിൽ നിന്ന് സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗങ്ങളിലും റോഡിന്റെ ഇടതു വശത്തു മാത്രമാണ് വാഹനങ്ങൾ പാർക്കു ചെയ്യേണ്ടത്. സമാന്തര റോഡിൽ സിവിൽ സ്റ്റേഷൻ മുതൽ മരിയൻ സെന്റർ വരെ റോഡിന്റെ ഇടതു വശത്തു വാഹനങ്ങൾക്ക് പാർക്കു ചെയ്യാം.

റോഡിൽ സ്ഥാപിച്ചിരിക്കുന്ന കാഴ്‌ച മറയ്ക്കുന്ന ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യണം. വിവിധ സ്ഥലങ്ങളിൽ താൽക്കാലികമായി നഗരസഭ ട്രാഫിക് സൈൻ ബോർഡുകൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി.മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ജി.മീനാഭവൻ, ബൈജു കൊല്ലംപറമ്പിൽ, ജിമ്മി ജോസഫ്, മായാ പ്രദീപ്, കെ.പി.ദീപ, ജോസുകുട്ടി പൂവേലിൽ, രാജേഷ് കുമാർ, പി.സി.മനോജ്, കെ.എൻ.ബിനു, ഷിബു, കെ.ആർ. രാജേഷ് കുമാർ, ടി.എസ്.മനോജ് കുമാർ, എ.സിയാദ് തുടങ്ങിയവർ പങ്കെടുത്തു.

മരിയൻ ബസ് സ്റ്റോപ് നിലനിർത്തണം
‌പാലാ ∙ മരിയൻ ആശുപത്രി, പൊതുമരാമത്ത്, ഇറിഗേഷൻ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ ഇറങ്ങുന്ന മരിയൻ ജംക്‌ഷനിലെ ബസ് സ്റ്റോപ് ഇല്ലാതാക്കുന്ന ഗതാഗത പരിഷ്കാരങ്ങൾ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും മരിയൻ ബസ് സ്റ്റോപ്പ് നിലനിർത്തണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഏറ്റുമാനൂർ ഭാഗത്തേക്കുള്ള മരിയൻ ബസ് സ്റ്റോപ് ഇല്ലാതാകുന്നതോടെ അരുണാപുരത്തോ പുലിയന്നൂരോ ഇറങ്ങി റോഡ് കുറുകെ കടക്കേണ്ടി വരുന്നത് വലിയ അപകടങ്ങൾക്കും ഗതാഗത തടസ്സങ്ങൾക്കും ഇടയാക്കും. പുലിയന്നൂർ ജംക്‌ഷനിൽ നാറ്റ്പാക് ഡിസൈൻ പ്രകാരം റൗണ്ടാനയും ഡിവൈഡറും സ്ഥാപിക്കുകയും 16 മീറ്റർ വീതിയുള്ള അരുണാപുരം ബൈപാസ് നാലുവരി പാതയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ജയ്സൺ മാന്തോട്ടം അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com