ADVERTISEMENT

കറുകച്ചാൽ ∙ വിലയുമില്ല, ഒപ്പം ഉൽപാദനക്കുറവും. കടുത്ത ചൂടിൽ ‘ പൊള്ളലേറ്റ് ’ പൈനാപ്പിൾ കർഷകർ. വേനൽ ചൂട് മൂലം പൈനാപ്പിൾ വിളവ് 30% കുറഞ്ഞതായി കർഷകർ പറയുന്നു. വില റെക്കോർഡിൽ എത്തുന്ന റമസാൻ മാസമായിട്ടും വില ഉയരാതെ നിൽക്കുകയാണ്. എ ഗ്രേഡ് പൈനാപ്പിളിന് 30 രൂപയാണ് നിലവിലുള്ളത്. കഴിഞ്ഞ വർഷം  50 രൂപയായിരുന്നു വില. കർഷകനു വില ലഭിക്കുന്നില്ലെങ്കിലും വിപണിയിൽ പൈനാപ്പിൾ 60 - 65 രൂപയ്ക്കാണു വിൽക്കുന്നത്.

കയറ്റുമതിയിൽ ഉണ്ടായ വലിയ ഇടിവാണ്, പൈനാപ്പിൾ ലഭ്യതയിൽ പ്രതിദിനം 1000 ടണ്ണിന്റെ കുറവ് ഉണ്ടായിട്ടും വില ഉയരാത്തതിനു കാരണമെന്നു കർഷകർ പറയുന്നു. കേരളത്തിൽ കൃഷി ചെയ്ത് ആഭ്യന്തര ഉപഭോഗം കഴിഞ്ഞ് മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന ഏക ഫലമാണ് പൈനാപ്പിൾ. സീസണിൽ ദിവസേന 300 ലോഡ് പൈനാപ്പിളാണ് കേരളത്തിൽ നിന്ന് കയറ്റി അയയ്ക്കുന്നതെന്ന് സെൻട്രൽ ട്രാവൻകൂർ റബർ ആൻഡ് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോജി വാളിപ്ലാക്കൽ പറഞ്ഞു.

ചൂടിൽ ഗ്രേഡ് പോയി
അനുകൂല കാലാവസ്ഥയിൽ തോട്ടത്തിൽ നിന്ന് 80% എ ഗ്രേഡ് പൈനാപ്പിൾ ലഭിക്കാറുണ്ട്. ഒരു കിലോയ്ക്ക് മുകളിൽ വരുന്നതാണ് എ ഗ്രേഡ് പൈനാപ്പിൾ. ഇത്തവണ ഉണക്കു രൂക്ഷമായതോടെ എ ഗ്രേഡ് പൈനാപ്പിൾ 40% പോലും ലഭിക്കുന്നില്ല. ചൂട് മൂലം വലുതായ പൈനാപ്പിൾ വളഞ്ഞു പോകുന്നതായും ഇവ 500 ഗ്രാമിൽ താഴെയുള്ള ‘ കാലി ’ ഗ്രേഡിൽ വരുന്നതിനാൽ തുച്ഛമായ വിലയേ കിട്ടുകയുള്ളൂവെന്നും കർഷകർ പറയുന്നു. ചൂട് മൂലം ചെടികൾ ഉണങ്ങി മഞ്ഞ നിറം വന്ന് പൈനാപ്പിൾ വലുതാകാതെ നിൽക്കുന്നതും തോട്ടങ്ങളിലെ വേനൽ കാഴ്ചയാണ്.

ഒരേക്കറിന് ഒന്നര ടാങ്ക് വെള്ളം
ചൂട് കൂടിയതോടെ പൈനാപ്പിൾ തോട്ടങ്ങൾ ആഴ്ചയിൽ ഒന്ന് നനച്ചു കൊടുത്താണ് രക്ഷപ്പെടുത്തുന്നത്. ഒരേക്കർ നനയ്ക്കാൻ ഒന്നര ടാങ്കിന് മുകളിൽ വെള്ളം വേണ്ടി വരും. കായ്ച്ച ചെടികൾക്കാണ് നനയ്ക്കുന്നത്. ഗ്രീൻ നെറ്റും കൂടി ഇടുന്നതോടെ ചൂടിനെ ഒരു പരിധിവരെ പ്രതിരോധിക്കാം. ഉണക്ക് ഭീഷണി നേരിടുന്നതിനു തോട്ടങ്ങളിൽ ഏക്കറിനു 20000 രൂപ വരെ കർഷകർക്ക് കൂടുതൽ ചെലവഴിക്കേണ്ടി വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com