ADVERTISEMENT

പുതുപ്പള്ളി കരോട്ടു വള്ളക്കാലിലും പാലാ കരിങ്ങോഴയ്ക്കലിലും തിരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുൻപേ പ്രവർത്തകരുടെ തിരക്കാകും. ചർച്ച ഡൽഹി വരെ നീളുമെങ്കിലും തീരുമാനം അവിടെ നാലു ചുമരുകളിൽ രൂപപ്പെട്ടിരുന്ന കാലം. കേരളരാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളോളം യു‍ഡിഎഫ് നിർണായക തീരുമാനങ്ങളെടുക്കുമ്പോൾ അതിലെ പ്രധാന ആശയം രൂപപ്പെട്ടിരുന്നത് ഈ നേതാക്കളുടെ വീടുകളിൽനിന്ന്. അതിവേഗമായിരുന്നു തീരുമാനങ്ങൾ. ഏതു പ്രതിസന്ധിയിലും അവർ ഒന്നിച്ചിരുന്നാൽ മഞ്ഞുരുകും. നായകരുടെ പാരമ്പര്യത്തിന്റെ പാത കാത്ത് മക്കൾ ജനങ്ങൾക്ക് ഒപ്പം. ആ രാഷ്ട്രീയവസതികളിലെ തിരക്കിനും കുറവില്ല. 

ജോസ് കെ. മാണി

കൊള്ളാം അല്ലേ?’ എന്നു പറഞ്ഞാൽ 
നല്ലതു പോലെ ഒരുങ്ങി വിലപിടിപ്പുള്ള വസ്ത്രങ്ങൾ ധരിച്ച് ഞങ്ങൾ ആരെങ്കിലും മുന്നിൽപ്പെട്ടാൽ ‘മാണി സാർ’ പ്രതികരിക്കുന്നത് ഇങ്ങനെയായിരിക്കും : ‘കൊള്ളാം അല്ലേ, ഇതു നന്നായിട്ടുണ്ട് അല്ലേ..?’ – അപ്പോഴേ മനസ്സിലാക്കിക്കൊള്ളണം ഈ ഡ്രസ് ഇഷ്ടപ്പെട്ടില്ല. ഭക്ഷണത്തിന്റെ കാര്യത്തിലും വ്യത്യസ്തമായ എന്തെങ്കിലും ഉണ്ടാക്കി കൊടുത്താൽ, ഇഷ്ടപ്പെട്ടില്ലെങ്കിൽ പറയും –‘കൊള്ളാം അല്ലേ?’ വീട്ടിലും നാട്ടിലും ആരോടും നേരിട്ട് ഒരു കാര്യത്തിലും മോശമായി സംസാരിക്കുന്ന പ്രകൃതം പപ്പായ്ക്ക് ഉണ്ടായിരുന്നില്ലെന്നു ജോസ് കെ.മാണി. എല്ലാവരും ‘മാണി സാർ’ എന്നു വിളിക്കുന്നത് കേട്ട് മുതിർന്നപ്പോൾ മുതൽ ജോസ് കെ. മാണിയും പപ്പായെ അങ്ങനെ  വിളിച്ചുതുടങ്ങി. 

പ്രചാരണ ജീപ്പിലെ വിദ്യാർഥി 
ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ തിരഞ്ഞെടുപ്പ് പ്രചാരണ ജീപ്പിൽ ഒപ്പം പോയിട്ടുണ്ട് ജോസ് കെ. മാണി. അന്നൊന്നും രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല.  രാഷ്ട്രീയം പറയാതെ കുടുംബയോഗങ്ങൾ വിളിച്ച് കപ്പയും പുഴുക്കും കഴിച്ച് പിരിഞ്ഞിരുന്ന തിരഞ്ഞെടുപ്പ് യോഗങ്ങളുണ്ട്. മൈക്ക് ഇല്ലാതെ , ഫോട്ടോയെടുക്കൽ ഇല്ലാതെ കുടുംബസദസ്സിൽ കുശലം പറഞ്ഞ് മടങ്ങുക. ഒരു സ്ഥലത്ത് യോഗം കഴിഞ്ഞ് മടങ്ങിയപ്പോൾ സ്ഥാനാർഥിക്ക് പരാതി. വോട്ട് ചെയ്യണമെന്നു പറഞ്ഞില്ല. സ്ഥാനാർഥിയെ പരിചയപ്പെടുത്തിയില്ല. അതൊക്കെ അവർക്കു മനസ്സിലായിട്ടുണ്ട് എന്നായിരുന്നു മറുപടി. ആ ബൂത്തിൽ വൻ ഭൂരിപക്ഷം കിട്ടി. 

മരണവീടുകളിലെ ദുഃഖം 
വിവാഹച്ചടങ്ങുകളിലും മരണവീടുകളിലും പോകാറുണ്ടായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം പങ്കുചേരുകയാണ് ചെയ്യുന്നത്. മരണവീടുകളിൽ ചെല്ലുമ്പോൾ അവരുടെ ദുഃഖവും മറ്റും കാണുമ്പോൾ അറിയാതെ മുഖത്ത് വിഷമം വരുന്നതാണ്. അദ്ദേഹത്തിന്റെ മനസ്സിലെ വിഷമം മുഖത്ത് കാണാം. അതൊരിക്കലും അഭിനയമായിരുന്നില്ല. 

സുമുഖനായ മാണിസാർ
മാണിസാറിനെ മുഷിഞ്ഞ വേഷത്തിൽ കാണാനേ സാധിക്കില്ല. കുളിച്ച് വൃത്തിയുള്ള ജൂബയും മുണ്ടുമാണ് വേഷം. ഇതിനുമുണ്ട് കാരണം. നൂറുകൂട്ടം പ്രശ്നങ്ങളിൽപ്പെട്ട് ഉഴലുന്നവരാണ് സഹായത്തിനായി വരുന്നത്. അവർക്കു നമ്മളെ കാണുമ്പോൾ തന്നെ മനസ്സിനു സന്തോഷം വരണം. പോസിറ്റീവ് എനർജി ഉണ്ടാകണം.

എല്ലായിടത്തും അദ്ദേഹം 
എല്ലാ മണ്ഡലത്തിലും മാണി സാർ തന്നെയാണ് സ്ഥാനാർഥി എന്ന രീതിയിലാണ് പ്രചാരണം. പ്രസ്താവന തയാറാക്കുന്നത് മുതൽ ബൂത്തിലെ എല്ലാ കാര്യങ്ങളും അറിയണമെന്നു നിർബന്ധമാണ്.  പോസ്റ്ററുകളിലെ ഫോട്ടോ ഏതു വേണമെന്നു വരെ സൂക്ഷ്മമായി നിഷ്കർഷിക്കും. എല്ലാ സ്ഥാനാർഥികളുടെയും കാര്യത്തിൽ ഈ ശ്രദ്ധയുണ്ടായിരുന്നു. വിഷയങ്ങളിൽ വളരെ വേഗം തീരുമാനമെടുത്തിരുന്നു.  

ഒറിജിനൽ ചുമ തന്നെ
പത്രസമ്മേളനങ്ങളിലും മറ്റും മറുപടി പറയുമ്പോഴുള്ള ചുമ കൃത്രിമമല്ല. ഉത്തരം ആലോചിച്ചെടുക്കാൻ സമയമെടുക്കുമായിരിക്കും. അതു പക്ഷേ, മിമിക്രിക്കാർ അനുകരിക്കുന്നതുപോലെയല്ല. മിമിക്രിക്കാരുടെ പ്രകടനങ്ങൾ അദ്ദേഹം ആസ്വദിച്ചിരുന്നു. 

വീട്ടിൽ ഗൗരവത്തിന് സീറ്റില്ല
വീട്ടിലെ കാർപോർച്ചിൽവന്ന് ഇറങ്ങിയാൽ ഉച്ചത്തിൽ ‘കുട്ടിയമ്മേ’യെന്നു വിളിച്ചുകൊണ്ടാണ് വീടിനകത്തേക്കു വരുന്നത്. പിന്നെ അര മണിക്കൂറെങ്കിലും അമ്മയുമായി വർത്തമാനം പറയും. കൊച്ചുമക്കളുമായി പന്തു കളിക്കുന്ന വിഡിയോ വൈറലായതാണല്ലോ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com