ADVERTISEMENT

തൃപ്പൂണിത്തുറയിൽ മദ്യപന്റെ ക്രൂരമർദനത്തിന് ഇരയായ ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എൻ.കെ. റെ‍ജിമോൾ കടുത്തുരുത്തിയിലെ ഞാറക്കാലയിൽ വീട്ടിൽ വിശ്രമത്തിലാണ്. ക്രൂരമർദനത്തിന് ഇരയായിട്ടും പൊലീസ്  വരുന്നതു വരെ പ്രതിയെ പിടിവിടാതെ ഒറ്റയ്ക്കു തടഞ്ഞുനിർത്തി. ചവിട്ടു കൊണ്ട് നടുവിന് വേദനയുണ്ട്. കണ്ണു ചതഞ്ഞു കലങ്ങി. കയ്യിലും കാലിലും ചെറിയ മുറിവുകളുണ്ട്. ദേഹമാസകലം വേദനയുള്ളതിനാൽ നടക്കാൻ പ്രയാസമുണ്ട്. ആക്രണത്തിനിടയിൽ റെജി മോളുടെ മൊബൈൽ ഫോണും നഷ്ടപ്പെട്ടു. മദ്യപനായ ഒരാൾ സ്ത്രീകളെ ആക്രമിക്കുമ്പോൾ ആരും തടഞ്ഞില്ല. ഇതിൽ വിഷമമുണ്ടെന്നു റെജി മോൾ.

റെജി മോൾ പറയുന്നു:
‘‘ചൊവ്വാഴ്ച വൈകിട്ട് 5.20നു തൃപ്പൂണിത്തുറ കിഴക്കേക്കോട്ട ജംക്‌ഷനിലെ ബസ് സ്റ്റോപ്പിൽ നിൽക്കുന്ന സമയത്ത് ഒരു യുവതി സമീപത്തെ ഷോപ്പിങ് കോംപ്ലക്സിൽ നിന്നിറങ്ങി ഓടുന്നതു കണ്ടു. ഒരാൾ കയറിപ്പിടിച്ചുവെന്ന് അവർ പറഞ്ഞു. തൊട്ടുപിന്നാലെ മറ്റൊരു സ്ത്രീയുടെ കരച്ചിലും കേട്ടു. ഷോപ്പിങ് കോംപ്ലക്സിലേക്ക് ഓടിച്ചെന്നപ്പോൾ മദ്യപിച്ചു ലക്കുകെട്ട് ഒരാൾ വേറൊരു സ്ത്രീയെ ആക്രമിക്കുന്നു.  തടയാൻ നോക്കിയപ്പോൾ ‘നീയാരാടി’ എന്നു ചോദിച്ച് എന്റെ കയ്യിൽ ഒറ്റയടി.

ഒരടി ഞാനും കൊടുത്തു. അയാൾ എന്റെ വയറ്റിൽ ചവിട്ടി. ചവിട്ടിയ കാലിൽ ഞാൻ പിടിച്ചതോടെ എന്നെയും വലിച്ചു കൊണ്ടു മറിഞ്ഞുവീണു.  അവിടെ കി‍ടന്നും എന്നെ മർദിച്ചു. ജീവൻ കൊടുത്തും ഇയാളെ പിടികൂടണം എന്നു മാത്രമാണ് ചിന്തിച്ചത്. സംഭവം നോക്കിനിന്ന ആളുകൾ ആരും പ്രതികരിച്ചില്ല. ചിലർ മൊബൈൽ ഫോണിൽ വിഡിയോ എടുക്കുന്നുണ്ടായിരുന്നു. അരമണിക്കൂർ മൽപിടിത്തത്തിനു ശേഷം 2 യുവാക്കൾ ഓടിവന്നാണു പ്രതിയെ പിടിച്ചുമാറ്റിയത്.’’

വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് അനിൽ കുമാർ മൂന്നു ദിവസം മുൻപു നാട്ടിലെത്തി. ഭർത്താവിന് ഷർട്ട് വാങ്ങാൻ കൂടിയാണ് ഡ്യൂട്ടി കഴിഞ്ഞ് റെജി മോൾ കിഴക്കേകോട്ടയിലെത്തിയത്.  രണ്ടു മക്കളാണ് റെജിമോൾക്ക്. മൂത്തയാൾ റിഷിത പത്താം ക്ലാസിലും ഇളയ ആൾ റിതിക മുന്നാം ക്ലാസിലും പഠിക്കുന്നു. റെജിമോളുടെ സഹോദരൻ സജീവ് കുമാർ ആലപ്പുഴയിൽ എഎസ്ഐ ആണ്. റെജിമോളെ തൃക്കാക്കര എസിപി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി അഭിനന്ദിച്ചു. 20 വർഷമായി പൊലീസ് സേനയിൽ. മൂന്ന് വർഷമായി ഹിൽപാലസ് സ്റ്റേഷനിലാണ് ജോലി. 

പ്രതി റിമാൻഡിൽ
പ്രതിയായ കുരീക്കാട് പാത്രയിൽ പി.എസ്. മാധവനെ (64) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് ഓർമ പോലും ഇല്ലെന്നാണു പ്രതി ചോദ്യം ചെയ്യലിൽ പ്രതികരിച്ചത് എന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com