ADVERTISEMENT

ചങ്ങനാശേരി ∙ ‘ ഒരു കാലത്ത് നീന്തിക്കളിച്ചിരുന്ന ആറാണ് ഇത്. ഇന്ന് ഇതിലിറങ്ങിയാൽ അസുഖം ഉറപ്പാണ് ശരീരം മുഴുവൻ ചൊറി‍ഞ്ഞ് തടിക്കും’ നഗരത്തിന്റെ മാലിന്യവാഹിനിയായി മാറിയ പുത്തനാറിനെ ചൂണ്ടി മനയ്ക്കച്ചിറ നിവാസിയായ ശ്രീമുരുകൻ പറയുന്നു. എസി കനാലിലെ പോള നീക്കം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണു പുത്തനാറിന്റെ മാലിന്യം മുകളിലേക്ക് വന്നു തുടങ്ങിയത്. പോള മാറിയപ്പോൾ ചാക്കുകൾക്കുള്ളിൽ കെട്ടി തള്ളി അഴുകിയ ഇറച്ചി അവശിഷ്ടങ്ങൾ ഉൾപ്പെടെ മാലിന്യം പലയിടത്തും പൊങ്ങിത്തുടങ്ങി. ചെളിയും മാലിന്യവും കൂടിക്കലർന്ന ദുർഗന്ധം കാരണം എസി കോളനിയിലുള്ളവർക്കും മനയ്ക്കച്ചിറ നിവാസികൾക്കും വീടുകൾ‌ക്കുള്ളിൽ പോലും ഇരിക്കാൻ കഴിയാത്ത അവസ്ഥ.

ചങ്ങനാശേരി ടൗൺ പരിസരത്തെ മാലിന്യങ്ങൾ മുഴുവൻ ഒഴുകിയെത്തുന്ന ആവണി തോടും പുത്തനാറിൽ മനയ്ക്കച്ചിറ ഭാഗത്തേക്ക് വന്നു ചേരുന്നു. ലോഡുകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഈ ഭാഗത്ത് കെട്ടിക്കിടക്കുന്നത്. വർഷങ്ങൾക്ക് മുൻപ് വലിയ വള്ളങ്ങൾ വരെ കടന്നുവന്നിരുന്ന ആവണി തോട് ഇന്ന് അനധികൃത കയ്യേറ്റങ്ങൾ കാരണം നീർച്ചാലു പോലെയായി. കെട്ടിക്കിടന്ന പോളയെന്ന ദുരിതം തീർന്നെന്നു കരുതിയിരിക്കുമ്പോഴാണ് മാലിന്യ ദുരിതം നാട്ടുകാരെ തേടിയെത്തിയത്.

ഇനി സമരം

മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ എസി റോഡ് ഉപരോധിച്ചുള്ള സമര പരിപാടികൾ ആരംഭിക്കുമെന്ന് മനയ്ക്കച്ചിറ നിവാസികൾ പറയുന്നു. മഴക്കാലമായാൽ മാലിന്യം മുഴുവൻ വീടുകളിലേക്ക് കയറും. ഇതിനു മുൻപ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

പോള നീക്കാം പക്ഷേ, 

പ്ലാസ്റ്റിക് ?

എസി കനാലിലെ പോള മാത്രം നീക്കം ചെയ്യാനുള്ള പദ്ധതിയാണ് ഇപ്പോൾ പൂർത്തിയാകുന്നതെന്നു മേജർ ഇറിഗേഷൻ വിഭാഗം പറയുന്നു. നീക്കം ചെയ്യുന്ന പോളകൾ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും മറ്റും അവരുടെ അനുമതിയോടെ നിക്ഷേപിക്കുകയാണ്. ആറിൽ നിന്നും മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും ശേഖരിച്ച് ഇവിടങ്ങളിൽ നിക്ഷേപിക്കാൻ കഴിയില്ല.

 നഗരസഭ സ്ഥലം കണ്ടെത്തി നൽ‌കിയാൽ മാലിന്യം നീക്കം ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങൾ പരിഗണിക്കാൻ കഴിയുമെന്നും ഇറിഗേഷൻ വിഭാഗം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com