ADVERTISEMENT

ചങ്ങനാശേരി ∙ ഒപി ടിക്കറ്റ് കംപ്യൂട്ടർവൽക്കരണം നടത്തിയിട്ടും കാര്യമില്ല, ജനറൽ ആശുപത്രിയിൽ എല്ലാം പഴയ പടി തന്നെ. ആശുപത്രി ഒപി കൗണ്ടറിൽ ഒപി ടിക്കറ്റെടുക്കാൻ നീണ്ട ക്യൂവാണ്. ഒപിയിലെ തിരക്ക് കുറയ്ക്കാനും ജനങ്ങളുടെ സൗകര്യത്തിനുമായാണ് അത്യാധുനിക നിലവാരത്തിൽ പുതിയ ഒപി റജിസ്ട്രേഷൻ ബ്ലോക്കും ഒപി കംപ്യൂട്ടർവൽക്കരണവും നടത്തിയത്. മുൻപ് ചികിത്സ തേടിയെത്തുന്നവർക്കു വിവരങ്ങൾ രേഖപ്പെടുത്തി ഒപി ചീട്ട് എഴുതി നൽകുകയായിരുന്നു.

ഇതിനു പകരമാണ് കംപ്യൂട്ടറുകളിൽ വിവരങ്ങൾ രേഖപ്പെടുത്തിയ ഒപി ചീട്ട് നൽകുന്ന രീതി ആവിഷ്കരിച്ചത്. എന്നാൽ ഈ പദ്ധതി പാളിപ്പോയ കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. രോഗികൾക്കു നൽകുന്ന കംപ്യൂട്ടർ പ്രിന്റ് ചീട്ട് പലപ്പോഴും പ്രിന്ററിനുള്ളിൽ കുടുങ്ങുകയാണ്. ഗുണനിലവാരമില്ലാത്ത പേപ്പറായതിനാലാണ് പ്രിന്ററിൽ കുടുങ്ങുന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു.

തിരക്കേറിയ രാവിലെ സമയങ്ങളിൽ നൂറുകണക്കിനാളുകൾ ചീട്ടെടുക്കാൻ ക്യൂവിൽ കാത്തുനിൽക്കുമ്പോഴായിരിക്കും ഒപി ചീട്ട് പ്രിന്ററിൽ കുടുങ്ങുക. തുടർന്ന് കംപ്യൂട്ടർ കൈകാര്യം ചെയ്യുന്ന ജീവനക്കാരൻ പ്രിന്റർ അഴിച്ച് പേപ്പർ മാറ്റണം. ഈ സമയം മുഴുവൻ ക്യൂവിൽ ആളുകൾ കാത്തുനിൽക്കണം. ഇതു മൂലം ക്യൂവിൽ ബഹളം പതിവാണ്. 

ചികിത്സ തേടിയെത്തുന്നവർ ക്യൂവിൽ ഒരേ നിൽപ് നിൽക്കേണ്ട അവസ്ഥയാണ്. പലപ്പോഴും മെഷീൻ ശരിയാകാതെ വരുന്നതോടെ ആശുപത്രി ജീവനക്കാർ പഴയ രീതിയിൽ ചീട്ട് എഴുതി നൽകുന്നതും പതിവായി. മുതിർന്ന പൗരന്മാർക്ക് ടിക്കറ്റെടുക്കാനുള്ള കൗണ്ടർ പുതിയ ബ്ലോക്കിൽ തുറന്നില്ലെന്നുള്ള പരാതിയുമുണ്ട്.അത്യാഹിത വിഭാഗം ഒപിയെയാണ് പ്രശ്നം കൂടുതൽ ബാധിക്കുന്നത്. ഗുരുതരമായി പരുക്കേറ്റവരെയും കൊണ്ടുവന്നവർ ഒപി ചീട്ടെടുക്കാൻ ഏറെ നേരം കാത്തുനിൽക്കേണ്ട അവസ്ഥയും അടുത്തയിടെ ഉണ്ടായി.

കാലിന് അസുഖമായി ഡോക്ടറെ കാണാനെത്തിയതാണ്. ഒപി ടിക്കറ്റെടുക്കാൻ ഏറെ നേരം കാത്തുനിന്നു. ഒടുവിൽ വയ്യാതായപ്പോൾ മറ്റൊരാളാണ് ടിക്കറ്റെടുത്ത് തന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com