ADVERTISEMENT

മുണ്ടക്കയം ∙ ‘ നാലു വർഷത്തെ അധ്വാനം, ഇനിയുള്ള 30 വർഷത്തെ ഭാവി പ്രതീക്ഷകൾ ഇവയാണ് തന്റെ കൃഷിയിടത്തിൽ വേനൽച്ചൂടേറ്റു വാടിപ്പോയത്. മഴ തുടർച്ചയായി ലഭിച്ചില്ലെങ്കിൽ വലിയ നഷ്ടം തന്നെ സഹിക്കേണ്ടിവരും’ കർഷകനായ ഇഞ്ചിയാനി ചെറുകാനായിൽ ദേവസ്യ ചാക്കോയുടെ വാക്കുകളാണിത്. വേനലിൽ മലയോര മേഖലയിൽ കൃഷി നശിച്ച ഒട്ടേറെ ആളുകളിൽ ഒരാൾ മാത്രമാണ് ദേവസ്യ ചാക്കോ. തങ്ങളുടെ അധ്വാനഫലം കരിഞ്ഞുണങ്ങി പോകുന്നത് കണ്ണീരോടെ കാണേണ്ടി വരുന്ന കർഷകർ പ്രാർഥിക്കുകയാണ്– മഴ ഒന്നു ലഭിച്ചിരുന്നെങ്കിലെന്ന്.

മരുഭൂമി പോലെ കൃഷി ഭൂമി
നാലുവർഷം മുൻപു ദേവസ്യ ചാക്കോ റബർ മരങ്ങൾ വെട്ടിനീക്കിയാണ് കുരുമുളകുചെടി നട്ടത്. 1200 മൂട് കുരുമുളക് ചെടികളിൽ 60 ശതമാനവും കരിഞ്ഞുണങ്ങിക്കഴിഞ്ഞു. ഒന്നരയേക്കർ കൃഷി ഭൂമിയിൽ ഉണ്ടായിരുന്ന 250 കമുക്, അൻപതോളം കാപ്പി, കുലച്ചതും കുലയ്ക്കാത്തതുമായ അൻപത് വാഴ, എന്നിവയെല്ലാം വെയിലേറ്റു നശിച്ചു. നാലു വർഷം വളർത്തി ഇത്തവണയാണ് കുരുമുളക് വിളവെടുപ്പ് നടത്തിയത്. വരുന്ന 30 വർഷത്തേക്കുള്ള പ്രതീക്ഷയായിരുന്നു കുരുമുളക് കൃഷി. 1982-83ൽ ഉണ്ടായ വരൾച്ചയിൽ കൂടുതലാണ് ഈ വർഷം സംഭവിച്ചതെന്ന് ദേവസ്യ പറയുന്നു.

കറുത്ത പൊന്നിന് കലികാലം
ഒരു കുരുമുളക് ചെടിയുടെ തൈ വാങ്ങണമെങ്കിൽ 40 രൂപ മുടക്കണം ഇത് വളർത്താനുള്ള ചെറിയ മരങ്ങൾ ആദ്യം കൃഷി ചെയ്യുന്നത് ഉൾപ്പെടെ നിരവധി ഘട്ടങ്ങളിലായി ലക്ഷക്കണക്കിന് രൂപ മുതൽ മുടക്കും അതിലുപരി അധ്വാനവും വേണം കുരുമുളക് കൃഷി ചെയ്യാൻ. ഇടുക്കി ജില്ലയിൽ നിന്നു 15 രൂപ വീതം മുടക്കിയാണു കുരുമുളക് ചെടി വളർത്താനുള്ള മുരിക്ക് കമ്പുകൾ വാങ്ങുന്നത്. ചൂടിന്റെ ശക്തിയിൽ ഇവയും ഉണങ്ങിയ നിലയിലാണ്. ‍

കരിഞ്ഞുണങ്ങി കമുകുതോട്ടം
മലയോര മേഖലയിൽ അതിർത്തി കൃഷി എന്ന് മാത്രം വിശേഷിപ്പിച്ച കമുകുകൾ ഇപ്പോൾ പുരയിടത്തിൽ പൂർണമായി കൃഷി ചെയ്യുന്ന കാഴ്ചയാണ് ഉള്ളത്. പണ്ട് കാലത്ത് പറമ്പിന്റെ അതിർത്തിയിൽ മാത്രമായിരുന്നു കമുക് ഉണ്ടായിരുന്നത്. അത് നാടൻ കമുകുകൾ ആയിരുന്നു. എന്നാൽ പ്രധാന കൃഷിയായി കമുകിനെ കണ്ടതോടെ നാടൻ കമുകുകൾക്കു പകരം മറ്റ് തൈകൾ ഉപയോഗിക്കാൻ തുടങ്ങി.

നാടൻ കമുകുകൾക്ക് ആദായം കുറവായതാണ് കാരണം. ഇതോടെ മംഗള, കുറ്റിയാടി, കാസർകോടൻ, തുടങ്ങിയ ഇനങ്ങളിലെ കമുക് തൈകൾ മല കയറിയെത്തി. നട്ടുവളർത്തിയാൽ ഫലം പ്രതീക്ഷയിൽ അധികം തരുന്ന ഇവ കർഷകരുടെ ഇഷ്ടക്കാരനായി. പക്ഷേ, പ്രതിരോധ ശേഷി കുറവായ ഇത്തരം കമുക് വേനലിൽ വാടി കരിയുമ്പോൾ കർഷകരുടെ പ്രതീക്ഷയുടെ സ്വപ്നങ്ങളും തകരുന്നു.

സർവം നാശത്തിൽ
വേനൽമഴ ലഭിച്ചാൽ പിന്നെ മലയോര മേഖലയിൽ മൂന്ന് ദിവസങ്ങൾക്കകം ഒരു പ്രത്യേക ഗന്ധം പടരും. അത് കർഷകരുടെ മനം തണുപ്പിക്കുന്ന കാപ്പി പൂക്കളുടെ ഗന്ധമാണ്. ഇക്കുറിയും ചെറിയ മഴ ലഭിച്ചതോടെ കാപ്പി ചെടികൾ പൂത്തു. പക്ഷേ തുടർന്ന് വെയിൽ ഇങ്ങനെ നിന്നാൽ ഉൽപാദനം കുറയാൻ സാധ്യതയുണ്ടെന്ന് കർഷകർ പറയുന്നു.

വാഴകൾ എത്ര സംരക്ഷിച്ചിട്ടും രക്ഷിക്കാൻ കഴിയാതെ പോയ തോട്ടങ്ങളുമുണ്ട്. പലരും സ്ഥലം പാട്ടത്തിനെടുത്താണ് വാഴ കൃഷി നടത്തുന്നത്. ഇത്തരക്കാർക്ക് സാമ്പത്തിക നഷ്ടവും അധികമാണ്.  പച്ചക്കറികൾ അധികം കൃഷി ചെയ്യാറില്ല എങ്കിലും അടുക്കള തോട്ടങ്ങളിലെ കൃഷികൾ പലതും  ഉണങ്ങിയ നിലയിലാണ്.

ഇൗ മഴ പോരാ
കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് ചെറിയ മഴകൾ ലഭിച്ചതോടെ കരിഞ്ഞുണങ്ങിയ കുരുമുളക് ചെടികളിൽ പലതിലും ചെറിയ പച്ചപ്പ് രൂപപ്പെട്ടു. പക്ഷേ, അതിൽ കർഷകർക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ല. തളിരുകൾ ഒറ്റ വെയിലിൽ ഉണങ്ങും എന്നതിനാൽ തുടർച്ചയായി നാലു ദിവസങ്ങളിലെങ്കിലും മഴ ലഭിച്ചെങ്കിൽ മാത്രമേ ഇനി കൃഷിയെ രക്ഷിക്കാൻ കഴിയുകയുള്ളൂ എന്നാണു കർഷകർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com