ADVERTISEMENT

കുമരകം ∙ വേനലിനോടു പൊരുതി ഒരു കൂട്ടം കുടുംബശ്രീ അംഗങ്ങളുടെ കപ്പക്കൃഷി. മഴക്കാലം ചതിച്ചപ്പോൾ വാഴക്കൃഷി നഷ്ടത്തിൽ കലാശിച്ചെങ്കിൽ വേനൽ മൂലം അതു സംഭവിക്കാതിരിക്കാൻ കുടംബശ്രീയിലെ 20 അംഗങ്ങളും ഒരേ മനസ്സോടെ കപ്പക്കൃഷിക്കിറങ്ങി. ജൈവകൃഷിയാണ് ഇവർ ചെയ്യുന്നത്. കടുത്ത ചൂടിൽ കപ്പക്കൃഷി നശിക്കാതിരിക്കാൻ ഓരോ ദിവസവും വൈകുന്നേരം ഒന്നിച്ചെത്തി കിണറ്റിൽ നിന്നു വെള്ളം കോരി ഒഴിച്ചാണ് വേനലിനെ നേരിടുന്നത്. തെളിമ ജെഎൽജി ഗ്രൂപ്പ് ഗവ. ഹൈസ്കൂളിനു സമീപത്തെ തൈപ്പറമ്പ് പുരയിടത്തിൽ 900 കപ്പക്കോൽ നട്ടു.

ഇതിനൊപ്പം ചേനയും കാച്ചിലും കൃഷി ചെയ്യുന്നു. സഹൃദയ ഗ്രൂപ്പ് ശാസ്താംകാവിനു സമീപത്തെ ചെപ്പന്നൂർ പുരയിടത്തിൽ 600 ചുവട് കപ്പയും നട്ടു. ഒരു ഗ്രൂപ്പ് കഴിഞ്ഞ നവംബർ ആദ്യവും രണ്ടാമത്തെ ഗ്രൂപ്പ് അവസാനവുമായാണ് കൃഷിയിറക്കിയത്. ചാരവും തേയില മട്ടും കൂട്ടി ചേർത്തുള്ള വളമാണ് കൃഷിക്കിടുന്നത്. 

6 മാസക്കപ്പ മൂന്നര– നാലര മാസമായി. കടുത്ത ചൂടിൽ ചില മൂടുകൾ കരിഞ്ഞുണങ്ങാൻ തുടങ്ങിയതോടെയാണു സംഘാംഗങ്ങൾ പാഴായിക്കിടന്ന കിണർ വൃത്തിയാക്കി എടുത്തു അതിൽനിന്നു വെള്ളം കോരി ഒഴിച്ചു തുടങ്ങിയത്. ചൂടിന്റെ കാഠിന്യത്തിൽ കിണറ്റിലെ വെള്ളം വറ്റിത്തുടങ്ങിയത് അംഗങ്ങളെ ആശങ്കയിലാഴ്ത്തുന്നു. രണ്ടര മാസം കൂടി കൃഷിയെ പരിപാലിച്ചാൽ മാത്രമേ വിളവെടുപ്പ് പൂർത്തിയാക്കാൻ കഴിയൂ. ഇതിനിടയിൽ വേനൽ മഴ വന്നാൽ മാത്രമേ ഇവർക്ക് ആശ്വാസമുള്ളൂ.

കഴിഞ്ഞ വർഷം ഏത്തവാഴക്കൃഷിയായിരുന്നു. പിണ്ടിപ്പുഴുവിന്റെ ശല്യം മൂലവും കാറ്റിൽ വാഴകൾ ഒടിഞ്ഞു വീണും കൃഷി നഷ്ടത്തിൽ കലാശിച്ചു. ഗ്രൂപ്പിനു റജിസ്ട്രേഷൻ ഇല്ലാഞ്ഞതിനാൽ നഷ്ടപരിഹാരം കിട്ടിയില്ല. ഈ വർഷം 2 ഗ്രൂപ്പുകളും റജിസ്ട്രേഷൻ നടത്തിയാണു കൃഷി ഇറക്കിയിരിക്കുന്നത്. കുടുംബശ്രീ എഡിസി പ്രസിഡന്റ് സിന്ധു മുരളി വാഴപ്പത്ര, തൊഴിലുറപ്പ് മേറ്റുമാരായ സജിനി ബിജു കാട്ടിത്തറ,ഉദയകുമാരി വാര്യത്തുകടവ് എന്നിവരുടെ നേതൃത്വത്തിലാണു കൃഷി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com