ADVERTISEMENT

ചങ്ങനാശേരി ∙ വേനൽമഴ ശക്തമാകുമോ എന്ന ആശങ്കയിൽ നെൽക്കർഷകർ. കാറ്റും മഴയും ശക്തമായാൽ കൊയ്യാറായ നെല്ലിന്റെ ചുവടു വീണ് നഷ്ടം സംഭവിക്കും. പാടശേഖരങ്ങളിൽ വെള്ളം കെട്ടിനിന്നാൽ നെല്ലു കൊയ്തെടുക്കാൻ കഴിയാതെ വരും. മേഖലയിൽ പലയിടത്തും കൊയ്ത്ത് തുടങ്ങി. കുമരങ്കരി ഭാഗങ്ങളിൽ കൊയ്തെടുത്ത നെല്ല് മാറ്റിത്തുടങ്ങി. നഗരസഭാ പരിധിയിലെ ഈര – പൊങ്ങാനം, കട്ടക്കുഴി, ചാലുവേലിൽ, ഉലക്കത്താനം പാടശേഖരങ്ങളിലാണ് കൊയ്ത്ത് നടക്കാനുള്ളത്. ഇവിടങ്ങളിൽ ഏപ്രിൽ ആദ്യവാരത്തോടെയാണ് കൊയ്ത്ത്. ഇതിനിടയിൽ വേനൽമഴ ശക്തമായാൽ കൊയ്ത്തിനെ ബാധിക്കും. 

വാഴപ്പള്ളി പഞ്ചായത്തിലെ ഓടേറ്റി, ആഞ്ഞിലിക്കൊടി, കാവാലിക്കരി, പറാൽ പാടശേഖരങ്ങളിലും കൊയ്ത്ത് ആരംഭിക്കുകയാണ്. ആയിരക്കണക്കിന് ഏക്കർ നെല്ല് കൊയ്തുമാറ്റാനുണ്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ചിലയിടങ്ങളിൽ നെല്ല് വീണെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായില്ല. വീണ്ടും മഴ പെയ്യുമെന്ന് കരുതുന്നതിനാൽ വെള്ളം ഇറങ്ങിപ്പോകാൻ കർഷകർ പാടത്തിനു ചുറ്റും ചെറിയ ചാൽ എടുക്കുകയാണ്. മഴ പെയ്താൽ വെള്ളം വേഗം ചാലിലൂടെ ഇറങ്ങിപ്പോകാനാണിത്.

വെള്ളം കെട്ടിനിന്നാൽ യന്ത്രം ഇറക്കി നെല്ല് കൊയ്തെടുക്കാൻ കഴിയാതെ വരും. യന്ത്രം താഴാനും ഇടയാകും. ഇതോടെ കൊയ്ത്ത് മുടങ്ങും. മഴ ശക്തമായാൽ നെല്ല് സംഭരണവും അവതാളത്തിലാകും. ഇപ്പോൾ കൊയ്തെടുക്കുന്ന നെല്ല് പാടത്തു തന്നെ കൂട്ടിയിടുകയാണ്. മഴ പെയ്താൽ നെല്ലു കൂട്ടിയിട്ടിരിക്കുന്ന മുടയ്ക്കടിയിൽ വെള്ളം കെട്ടിനിൽക്കും. ഇത നെല്ല് കിളിർക്കാൻ ഇടയാക്കും. 

അതേസമയം, കൃഷി സംരക്ഷിക്കാൻ പാടശേഖരങ്ങളിൽ പലയിടത്തും ബണ്ട് ബലപ്പെടുത്തിയിട്ടുണ്ട്. കട്ടക്കുഴി പാടശേഖരത്തിൽ ജോബ് മൈക്കിൾ എംഎൽഎയുടെ പദ്ധതി വിഹിതത്തിൽ നിന്ന് 47 ലക്ഷം രൂപ വിനിയോഗിച്ച് ബണ്ട് ബലപ്പെടുത്തി നിർമിച്ചിരുന്നു. ഇത്തവണ 30 ഹെക്ടറിലാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. ഇതിൽ തരിശുകിടന്ന 5 ഹെക്ടറോളം സ്ഥലത്തും കൃഷിയിറക്കിയതായി നഗരസഭാ കൃഷി ഓഫിസർ പി.ബിജു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com