എസ്എസ്എൽസി പരീക്ഷ കഴിഞ്ഞു; അവർ ഇനി ‘പാട്ടിനു’ പോകും.!– വിഡിയോ
Mail This Article
കോട്ടയം ∙ പരീക്ഷ കഴിഞ്ഞു; അവർ ഇനി ‘പാട്ടിനു’ പോകും.! വിദ്യാർഥികളായ ലക്ഷ്മി പ്രിയയും കീർത്തന അഭിഷേകും. ഒളശ്ശ അന്ധ വിദ്യാലയത്തിലെ 10 –ാം ക്ലാസ് വിദ്യാർഥിനിയാണ് ലക്ഷ്മിപ്രിയ. ലക്ഷ്മിക്കു വേണ്ടി പരീക്ഷ എഴുതിയ (സ്ക്രൈബ്) വിദ്യാർഥിനിയാണ് കീർത്തന. നൂറു ശതമാനവും കാഴ്ച പരിമിതിയുള്ള കുട്ടിയാണ് ലക്ഷ്മി. ഗായികയാണ്. സംഗീതജ്ഞ മാതംഗി സത്യമൂർത്തിയുടെ കീഴിലായിരുന്നു കുട്ടിക്കാലത്ത് സംഗീത പഠനം.
ഭിന്നശേഷി വിദ്യാർഥികളുടെ കലാസംഗമത്തിലും ചാനലുകളിലെ സംഗീത പരിപാടികളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഒളശ്ശ പൊറ്റേത്തറ പരേതനായ ബിജുകുമാറിന്റെയും എൻ.സി.സ്മിതയുടെയും മകളാണ്. ബിജുവിൽനിന്നു പാരമ്പര്യമായി കിട്ടിയതാണ് സംഗീതം. 7 വർഷം മുൻപ് വാഹനാപകടത്തിൽ അച്ഛൻ ബിജു മരിച്ചു. പരിപ്പ് ഹൈസ്കൂളിലെ വിദ്യാർഥിനിയാണ് സ്ക്രൈബായി എത്തിയ കീർത്തന. അയ്മനം പഞ്ചായത്ത് 17–ാം വാർഡ് (പള്ളിക്കവല) അംഗം സുനിത അഭിലാഷിന്റെയും വട്ടുകുളം എ.ബി.അഭിലാഷ് രാജിന്റെയും മകളാണ്.
അച്ഛനും മകളും ചേർന്നു ഗാനമേള ട്രൂപ്പ് നടത്തുന്നുണ്ട്. അവസാന ദിവസത്തെ പരീക്ഷ കഴിഞ്ഞ് മടങ്ങിയപ്പോൾ ലക്ഷ്മിയെ ഈ ഗാനമേള ട്രൂപ്പിലേക്ക് കീർത്തന ക്ഷണിച്ചു. കൂട്ടുകാരികൾ ഒരുമിച്ച് ഇഷ്ടപ്പെട്ട ഒരു ഗാനവും പാടി: ‘ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ.. അമ്പലത്തിൽ ഇന്നല്ലയോ സ്വർണരഥഘോഷം..’ കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ എല്ലാ സഹായവും നൽകുമെന്ന് ഒളശ്ശ സ്കൂൾ പ്രധാനാധ്യാപകൻ ഇ.ജെ.കുര്യൻ പറഞ്ഞു.