ADVERTISEMENT

കൂട്ടിക്കൽ ∙ നാലാം ക്ലാസിൽ പഠിക്കുന്ന രണ്ട് സ്കൂൾ വിദ്യാർഥികളെ കാണാതായത് ആശങ്കയായി. നാലര മണിക്കൂർ തിരച്ചിലിനൊടുവിൽ വിജനമായ റബർ തോട്ടത്തിൽ കുട്ടികളെ കണ്ടെത്തി. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ സ്കൂളിൽ പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികൾ വീട്ടിൽ എത്താത്തതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. സ്കൂളിന് സമീപമുള്ള റബർ തോട്ടത്തിൽ കണ്ടതായും മുണ്ടക്കയം ഭാഗത്തേക്കു ബസ് കയറി പോയതായും വിവരം ലഭിച്ചതോടെ ആ ഭാഗങ്ങളിലെല്ലാം പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തി.

ഒരേ ക്ലാസിലെ ഉറ്റ സുഹൃത്തുക്കളാണ് ഇരുവരും. ഇടുക്കിക്ക് പോകുമെന്ന് ഇവർ സഹപാഠികളോട് പറയുകയും ചെയ്തിരുന്നു. ഇതു വിശ്വസിച്ച പൊലീസ് ഇടുക്കി റൂട്ടിലെ പ്രധാന ടൗണുകളിലും പരിശോധന നടത്തി.

വൈകിട്ട് ആറു മണിയോടെ സ്കൂളിൽ നിന്നു മൂന്നു കിലോമീറ്റർ അകലെ മാത്തുമല ഭാഗത്ത് കുട്ടികളെ കണ്ടതായി വിവരം ലഭിച്ചു. റബർ കൃഷി ഇന്ത്യയിലെത്തിച്ച മർഫി സായിപ്പിന്റെ ശവകുടീരം നിലനിൽക്കുന്ന ഈ പ്രദേശം വിജനമായ റബർ തോട്ടമാണ്. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ്‌ ജോസിന്റെ നേതൃത്വത്തിൽ നാട്ടുകാർ മാത്തുമലയിലെത്തി കുട്ടികളെ കണ്ടെത്തുകയായിരുന്നു. റബർ തോട്ടത്തിലേക്ക് രണ്ടു പേർ ചേർന്ന് തങ്ങളെ കൂട്ടിക്കൊണ്ടു വന്നതാണ് എന്നാണ് കുട്ടികൾ പൊലീസിനോടു പറഞ്ഞത്. കുട്ടികൾ തനിയെ നടന്നുപോയതായാണ് ദൃക്സാക്ഷികളുടെ മൊഴി. കുട്ടികളെ വീട്ടിൽ തിരിച്ചെത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com