ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ പൊലീസിന്റെ മോക്ഡ്രില്ലിൽ നാട്ടുകാർ മുൾമുനയിൽ നിന്നത് മണിക്കൂറുകൾ. ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന വിവരം ലഭിച്ചാൽ ജില്ലയിലെ പൊലീസ് എങ്ങനെ സജ്ജമായി ഉണർന്നു പ്രവർത്തിക്കുമെന്നു വിലയിരുത്താൻ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് മറ്റ് ഉദ്യോഗസ്ഥർ പോലും അറിയാതെ രഹസ്യമായ നടത്തിയ മോക് ഡ്രില്ലാണു ജനങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയത്.

മോക്ഡ്രിൽ ഇങ്ങനെ
സമയം രാവിലെ 10.00

പൊലീസിന്റെ ക്രൈം സ്റ്റോപ്പറിൽ നിന്നും വയർലെസ് വഴി സന്ദേശം എത്തുന്നു. കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിനു പരിസരത്തു നിന്നും 6വയസ്സുകാരനെ ആരോ തട്ടിക്കൊണ്ടു പോയി. ക്രൈം സ്റ്റോപ്പറിലേക്ക് ദൃക്സാക്ഷി ഫോണിൽ നൽകിയ വിവരം അനുസരിച്ചു കെഎൽ05 നമ്പറിലുള്ള വെള്ളക്കാറിലാണു കുട്ടിയെ കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു തട്ടിക്കൊണ്ടുപോയത്.


കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന സന്ദേശത്തെത്തുടർന്നു 
കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ കണ്ടെയ്നർ ലോറിയുടെ മുകളിൽ കയറി പൊലീസ് പരിശോധന നടത്തുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന സന്ദേശത്തെത്തുടർന്നു കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ കണ്ടെയ്നർ ലോറിയുടെ മുകളിൽ കയറി പൊലീസ് പരിശോധന നടത്തുന്നു.

സമയം 10.05
സന്ദേശം കേട്ടയുടൻ പൊലീസ് സടകുടഞ്ഞെഴുന്നേറ്റ് നാലുപാടേക്കും ചിതറി. കാഞ്ഞിരപ്പള്ളി , പൊൻകുന്നം, മുണ്ടക്കയം, മണിമല, എരുമേലി തുടങ്ങി സമീപ സ്ഥലങ്ങളിലെ പൊലീസെല്ലാം ശരവേഗം പാഞ്ഞു. ദേശീയപാതയിലും സമീപ വഴികളിലും ഗതാഗതം സ്തംഭിച്ചു. കാറിന്റെ ഡിക്കിയിലും ലോറിയുടെ മുകളിലും ടാങ്കറിനുള്ളിലും വരെ തപ്പി. പ്രദേശത്തെ സിസിടിവി ക്യാമറകൾ അരിച്ചുപെറുക്കി. വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും മേശയ്ക്കടിയിൽ വരെ തിരഞ്ഞു. വിവരം ലഭിച്ചയുടൻ മിനിറ്റുകൾ പോലും നഷ്ടപ്പെടുത്താതെ പൊലീസ് ജാഗരൂകരായി.

രാവിലെ 11.00
ഒരു മണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയുടെ മാതാപിതാക്കളോ ബന്ധുക്കളോ സ്കൂൾ അധികൃതരോ ആരും പരാതിയുമായി ഒരു പൊലീസ് സ്റ്റേഷനിലും എത്തിയില്ല. സംഭവം നടന്നുവെന്നു പറയുന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള സ്കൂളിൽ പൊലീസ് എത്തി അന്വേഷിച്ചു. അവിടെ നിന്നും ഒരു കുട്ടിയെ പോലും കാണാതായിട്ടില്ലെന്നു സ്കൂൾ അധികൃതരും. .ഇതോടെ പൊലീസിലെ ചിലർക്കൊക്കെ സംശയം ഉണർന്നു. ക്രൈം സ്റ്റോപ്പറിലേക്കു എത്തിയതെന്നു പറയുന്ന ഫോൺ സന്ദേശം വ്യാജമായിരിക്കാം, അതുമല്ലെങ്കിൽ മോക്ഡ്രില്ലാകാം. എന്നാൽ സ്ഥീരികരണമില്ലാതെ പൊലീസും വലഞ്ഞു. നാട്ടുകാർ കേട്ടവർ കേട്ടവർ ഭയചകിതരായി. എങ്ങും സംസാരം ഈ വിഷയം മാത്രം. പലരും സമീപങ്ങളിലുള്ളവരെയും, ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു തങ്ങളാൽ കഴിയും വിധം അന്വേഷിച്ചു. ഫലമുണ്ടായില്ല. കുട്ടിയെ കണ്ടുകിട്ടിയോ എന്ന ചോദ്യം മാത്രമായിരുന്നു മണിക്കൂറുകളോളം നാട്ടിൽ ഉയർന്നത്.

ഉച്ചകഴിഞ്ഞ് 2.00
അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരിൽ പലർക്കും മനസ്സിലായി ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന്. വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടും കാര്യമായ പ്രതികരണങ്ങളില്ല. അന്വേഷിക്കൂ എന്നായിരുന്നു മറുപടി. എന്തു ചെയ്യണമെന്നറിയാതെ പൊലീസ് അന്വേഷണം തുടർന്നു.

ഉച്ചകഴിഞ്ഞ് 3.00
വീണ്ടും വയർലെസ് വഴി പൊലീസിനു മറ്റൊരു സന്ദേശം ലഭിക്കുന്നു. കുട്ടിയെ തൊടുപുഴയിൽ നിന്നും കണ്ടെത്തി. അന്വേഷണം അവസാനിപ്പിക്കാം. പൊലീസ് നെടുവീർപ്പിട്ടു. കുറച്ചു സമയത്തിനു ശേഷം ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ നിന്നും മറ്റൊരു അറിയിപ്പും എത്തി. സംഭവം മോക്ഡ്രില്ലായിരുന്നു.

കിംവദന്തികൾ, അഭ്യൂഹങ്ങൾ
പൊലീസിന്റെ പാച്ചിലും തിരച്ചിലും കണ്ട് ആളുകൾ അന്വേഷിച്ചപ്പോഴാണ് 6 വയസ്സുകാരനെ കാണാതായതായി അറിയുന്നത്. നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെ പടർന്നു. കേട്ട പാതിയും കേൾക്കാത്ത പാതിയും ഉൾപ്പെടെ കഥകൾ പലതായി, വലുതായി. കുട്ടിയുടെ കണ്ണിൽ മുളകുപൊടി സ്പ്രേ അടിച്ചാണ് തട്ടിക്കൊണ്ടു പോയതത്രേ. മുഖം മൂടി ധരിച്ചവരും സ്ത്രീകൾ ഉൾപ്പെടെയുള്ളവരും കാറിലുണ്ടായിരുന്നു. കാണാതായത് ആൺകുട്ടിയും പിന്നീട് പെൺകുട്ടിയുമായി. ചില ഗ്രൂപ്പുകളിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ വരെ പ്രചരിച്ചു. ഒടുവിൽ. ഉച്ചകഴിഞ്ഞ് മോക്ഡ്രില്ലിന്റെ ഭാഗമായി എത്തിയ അടുത്ത സന്ദേശവും ചില പൊലീസുകാർ ഓൺലൈനും സമൂഹ മാധ്യമങ്ങൾക്കും ചോർത്തി. കുട്ടിയെ തൊടുപുഴയിൽ കണ്ടെത്തിയത്രേ. ഇതും സമൂഹ മാധ്യമങ്ങളിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞു.

നാട്ടുകാർക്കു പരിഭവവും രോഷവും
സംഭവം മോക്ഡ്രില്ലാണെങ്കിലും മണിക്കൂറുകളോളം ആശങ്കയുടെ മുൾമുനയിൽ നിന്ന നാട്ടുകാർക്കു പരിഭവവും, രോഷവും ഉയർന്നു. ഇങ്ങനെയൊക്കെ മാതാപിതാക്കളെ ഭീതിയിലാക്കിയാണോ മോക്ഡ്രിൽ എന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. ചിലർ പരാതിയുമായി പൊലീസ് സ്റ്റേഷന്റെ പടിവരെ എത്തി. എകെജെഎം സ്കൂൾ അധികൃതരും വല്ലാതെ വലഞ്ഞു. ഇന്നു കുട്ടികൾക്ക് ക്ലാസ് ഇല്ലാതിരുന്ന ദിവസമായിരുന്നു. എങ്കിലും സ്കൂളിലേക്കു ഫോൺ കോളുകളുടെ പ്രവാഹമായി. ഒടുവിൽ സ്കൂളിലെ എല്ലാ എൽപി വിദ്യാർഥികളുടെയും വീടുകളിൽ വിളിച്ച് അന്വേഷിച്ചാണു സ്കൂൾ അധികൃതരും ആശ്വാസത്തിലായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com