ADVERTISEMENT

വൈക്കം ∙ തലയാഴം പഞ്ചായത്തിന് സ്വന്തമായി കുടിവെള്ള പദ്ധതി ഉണ്ടെങ്കിലും ദാഹം മാറ്റണമെങ്കിൽ ജനം കിലോമീറ്ററുകൾ താണ്ടണം. വേനൽ കടുത്തതോടെ തലയാഴം പഞ്ചായത്തിലെ ഗ്രാമീണ ജല സ്രോതസ്സുകൾ മിക്കതും വറ്റിവരണ്ട നിലയിലാണ്. ഉള്ളത് ഉപ്പുവെള്ളം ആയതോടെ വീട്ടാവശ്യത്തിനു പൈപ്പ് വെള്ളം മാത്രമാണ് ആശ്രയം. ഉല്ലല, കൊതവറ, പുത്തൻപാലം, മാടപ്പള്ളി, പുന്നപ്പുഴി, പള്ളിയാട്, ഇട ഉല്ലല, കൂവം, അമ്പാനപ്പള്ളി, ചെറുകാട്, കണ്ടംതുരുത്ത്, മൂലക്കരി തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിയിട്ട് ആഴ്ചകളായി. ബന്ധപ്പെട്ട അധികാരികളോട് പല വട്ടം പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

"തലയാഴം പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അധികൃതരോട് പലതവണ ആവശ്യപ്പെട്ടു. കടുത്ത ഭാഷയിൽ സംസാരിക്കുമ്പോൾ തൊട്ടടുത്ത ദിവസം പേരിന് അൽപം വെള്ളം ലഭിക്കും. പിന്നീട് വീണ്ടും പഴയപടിയാകും. ഈ അവസ്ഥ തുടർന്നാൽ വീട്ടമ്മമാരെ അണിനിരത്തി ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കും". 

പമ്പിങ് കേന്ദ്രത്തിൽ യന്ത്ര തകരാർ, വൈദ്യുത മുടക്കം എന്നീ കാരണങ്ങൾ പറഞ്ഞ് കയ്യൊഴിയുന്ന അവസ്ഥയാണെന്നു നാട്ടുകാർ പറയുന്നു. തലയാഴം പഞ്ചായത്തിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ ടാങ്കിൽ വെള്ളം കയറാത്തതാണു ഇത്രയേറെ കുടിവെള്ള ക്ഷാമം അനുഭവപ്പെടാൻ കാരണം. തലയാഴം പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിനു ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികൾ.

"കർഷകരാണ് ഇവിടെ ഏറെയും താമസിക്കുന്നത്. ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ പകൽ മുഴുവൻ കൂലിവേല കഴിഞ്ഞെത്തിയ ശേഷം കിലോമീറ്ററുകൾ ദൂരെ പോയി തലച്ചുമടായി വേണം കുടിവെള്ളം സംഭരിക്കാൻ. വെള്ളം കൊണ്ടുവന്ന് വീട്ടിലെ ജോലിയും കഴിഞ്ഞ് ഒന്ന് ഉറങ്ങാൻ പോലും സമയം കിട്ടാറില്ല. പൈപ്പ് വെള്ളം എത്തിക്കാൻ അടിയന്തര നടപടി ഉണ്ടാകണം".

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com