വനംവകുപ്പ് ഓഫിസിലെ കഞ്ചാവുകൃഷി; കഞ്ചാവുചെടി കണ്ടെടുത്തത് സിപിഎം പ്രവർത്തകൻ
Mail This Article
എരുമേലി ∙ പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു കഞ്ചാവുചെടി കണ്ടെടുത്തു നൽകിയതു പ്രദേശത്തെ സിപിഎം പ്രവർത്തകൻ. ഇദ്ദേഹത്തെ ഒന്നാം പ്രതിയാക്കിയാണു സ്റ്റേഷൻ പരിസരത്ത് അതിക്രമിച്ചു കയറിയതടക്കമുള്ള കേസിൽ പൊലീസ് എഫ്ഐആർ ഇട്ടത്. പ്രാദേശിക സിപിഎം പ്രവർത്തകനും സിപിഎം നേതാവിന്റെ സഹോദരനുമായ മുക്കട പുന്നമൂട്ടിൽ ജോജി സൈമണിനെ (45) ഒന്നാം പ്രതിയാക്കിയും കണ്ടാലറിയാവുന്ന 15 കോൺഗ്രസ് പ്രവർത്തകരെ കൂട്ടുപ്രതികളുമാക്കിയാണു കേസ്.
ഇതിനിടെ, ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവുചെടി കണ്ടെത്തിയ സംഭവത്തിൽ ഫോറസ്റ്റ് വിജിലൻസ് വിശദമായ അന്വേഷണം തുടരുകയാണ്. വനംമന്ത്രിക്കും വനംമേധാവിക്കും വിജിലൻസ് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ സംഭവത്തിൽ ആരാണു കുറ്റക്കാർ എന്നു രേഖപ്പെടുത്തിയിട്ടില്ല. തുടരന്വേഷണം നടത്താനാണു റിപ്പോർട്ട് ശുപാർശ ചെയ്തിരിക്കുന്നത്. പൊലീസ്, എക്സൈസ് സംഘങ്ങൾ നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി കൂടി മനസ്സിലാക്കി അന്തിമ റിപ്പോർട്ടിലേക്കു നീങ്ങാനാണു വനംവകുപ്പിന്റെ നീക്കം.
എന്നാൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ വേഗത്തിൽ പൊലീസ്, എക്സൈസ് റിപ്പോർട്ടുകൾ വരില്ലെന്നാണു വിവരം. കോട്ടയം സിസിഎഫ് ഓഫിസിൽ വിജിലൻസ് കഴിഞ്ഞ ദിവസം നടത്തിയ മൊഴിയെടുപ്പിൽ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസറായിരുന്ന ബി.ആർ. ജയൻ ഡിജിറ്റൽ തെളിവുകളടക്കം കൈമാറിയിട്ടുണ്ട്.