ADVERTISEMENT

എരുമേലി ∙ പരസ്പരമുള്ള ആരോപണങ്ങളിലും റിപ്പോർട്ടുകളിലും കുരുങ്ങി വനംവകുപ്പ് എരുമേലി റേഞ്ച് ഓഫിസും പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനും. റേഞ്ച് ഓഫിസർക്കെതിരെ വനിതാ ജീവനക്കാരുടെ പരാതി, സ്ഥലംമാറ്റം എന്നിവ വന്നതിനുശേഷമാണു പ്ലാച്ചേരി ഓഫിസിൽ കഞ്ചാവുചെടി വളർത്തിയെന്ന ഗുരുതര റിപ്പോർട്ട് പുറത്താകുന്നത്. വന്യജീവി ആക്രമണങ്ങൾ സംസ്ഥാനത്തു തുടരുമ്പോഴാണ് ഒരു വനം റേഞ്ച് ഇത്തരത്തിൽ വകുപ്പിനുതന്നെ നാണക്കേടായി മാറുന്നത്.

കഞ്ചാവിന് തെളിവില്ല
എരുമേലി റേഞ്ച് ഓഫിസർ ഡിഎഫ്ഒയ്ക്ക് നൽകിയ റിപ്പോർട്ടിൽ മുന്നൂറോളം കഞ്ചാവുചെടികൾ വളർത്തിയെന്നു ചിത്രങ്ങൾ സഹിതം പറയുമ്പോഴും നേരിട്ട് കഞ്ചാവുചെടി പിടിച്ചെടുത്തിട്ടില്ല.  മൊഴി നൽകുന്നതിനു മുൻപു തന്നെ താൽക്കാലിക ജീവനക്കാരൻ ഇതു പിഴുതു നശിപ്പിച്ചെന്നാണു റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണത്തിൽ കഞ്ചാവുചെടി വളർത്താൻ ഉപയോഗിച്ചെന്നു കരുതുന്ന ഗ്രോബാഗുകളാണു കണ്ടെത്തിയത്.

എഫ്ഐആറിൽ വ്യക്തതയില്ല
പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ പ്രതിഷേധത്തിനിടെ നാട്ടുകാർ കഞ്ചാവ് കണ്ടെടുത്തു നൽകിയ സംഭവത്തിൽ പൊലീസ് എഫ്ഐആറിൽ അവ്യക്തത. കഞ്ചാവുചെടി ലഭിച്ച സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തെങ്കിലും സ്റ്റേഷൻ വളപ്പിൽ നിന്നു തന്നെയാണോ കഞ്ചാവ് കണ്ടെടുത്തതെന്നു വ്യക്തമാക്കാതെയാണ് എഫ്ഐആർ. ആളുകൾ ഫോറസ്റ്റ് സ്റ്റേഷനിൽ പരിശോധന നടത്തുന്നതിനിടെ ഒരാൾ ഒരു പോളിത്തീൻ കൂടിൽ ചെടിയുമായി എത്തുകയായിരുന്നു. ഇതു കഞ്ചാവാണെന്നു പ്രദേശത്തെത്തിയ എക്സൈസ് സംഘം അറിയിച്ചതിനെ തുടർന്നു ചെടി കസ്റ്റഡിയിൽ എടുത്തുെന്നുമാണു എഫ്ഐആർ.   ഫോറസ്റ്റ് സ്റ്റേഷനിൽ വളർത്തിയ കഞ്ചാവ് ചെടിയാണോ ഇതെന്നു എഫ്ഐആർ വ്യക്തമാക്കുന്നില്ല.

വനംമന്ത്രിക്ക് കത്ത്
എരുമേലി ഫോറസ്റ്റ് റേ‍ഞ്ച്, പ്ലാച്ചേരി ഡപ്യൂട്ടി റേഞ്ച് ഓഫിസുകളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ വകുപ്പുതലത്തിലും വിജിലൻസ്, പൊലീസ് തലത്തിലുള്ള സമഗ്രമായ അന്വേഷണം നടത്തിയ യഥാർഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വനം മന്ത്രി എ.കെ.ശശീന്ദ്രനു കത്തു നൽകി.

സംഭവം നടന്നത് ഇവിടെ
കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിൽ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ സമീപമാണു പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ. എരുമേലി റേഞ്ച് ഓഫിസിനു കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേഷനിൽ ഡപ്യൂട്ടി ഫോറസ്റ്റ് ഓഫിസറുടെ കീഴിൽ 40 ജീവനക്കാരുണ്ട്. ഇതിൽ താൽക്കാലിക ജീവനക്കാരുമുണ്ട്. കാഞ്ഞിരപ്പള്ളി, റാന്നി താലൂക്ക് പരിധികളിലായി 60 ചതുരശ്ര കിലോ മീറ്റർ വനംപരിധിയാണു പ്ലാച്ചേരി ഓഫിസിനുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com