കറുകച്ചാലിൽ ചോദിക്കാനും പറയാനും ആരുമില്ല!!
Mail This Article
കറുകച്ചാൽ ∙ 10 പേർ വണ്ടിയുമായി ഒന്നിച്ച് ഇറങ്ങിയാൽ കറുകച്ചാൽ പട്ടണം കുരുക്കിലാകും. ആഘോഷ സീസൺ കൂടിയായാൽ പറയുകയും വേണ്ട. ടൗണിലെ അശാസ്ത്രീയ പാർക്കിങ്ങും ഗതാഗതം നിയന്ത്രിക്കാൻ ആളില്ലാത്തതുമാണ് കുരുക്ക് രൂക്ഷമാകാനുള്ള പ്രധാന കാരണം. സെൻട്രൽ ജംക്‌ഷനാണ് കുരുക്കിന്റെ ആണിക്കല്ല്. ഡിവൈഡറുകൾ എല്ലാം വാഹനങ്ങൾ ഇടിച്ചു തകർന്നതോടെ വണ്ടികൾ പോകുന്നത് തോന്നുംപടിയാണ്. തലങ്ങും വിലങ്ങും വണ്ടികൾ എത്തുന്നതോടെ എപ്പോഴും കുരുക്കാണ്. ജംക്‌ഷൻ നവീകരണത്തിന് പദ്ധതികളിട്ടെങ്കിലും എല്ലാം കടലാസിൽ ഒതുങ്ങി.
നടപ്പാത ‘ഉണ്ട് – ഇല്ല’
പാർക്കിങ് നടപ്പാതയിലേക്കു കയറിയതോടെ കാൽനടക്കാർക്ക് പോകാൻ വഴിയില്ലാതായി. ചങ്ങനാശേരി - വാഴൂർ, കറുകച്ചാൽ - മണിമല, കറുകച്ചാൽ - മല്ലപ്പള്ളി എന്നീ പ്രധാന റോഡുകളിലെല്ലാം പാർക്കിങ് ഇപ്പോഴും തോന്നുംപടിയാണ്. ലക്ഷങ്ങൾ ചെലവാക്കി പൊതുമരാമത്ത് വകുപ്പ് നിർമിച്ച നടപ്പാതകൾ പലതും യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്. പഞ്ചായത്ത് കവല മുതൽ എൻഎസ്എസ് സ്കൂൾ കവല വരെ റോഡിന് ഇരുവശവും ടിപ്പർ ലോറികളുടെ നീണ്ട നിരയാണ്. ഏറെ ബുദ്ധിമുട്ടി വേണം ഇതുവഴി നടന്നുപോകാൻ.
ബസ് സ്റ്റാൻഡിലും കുരുക്ക്
പ്രതിദിനം നൂറുകണക്കിനു ബസുകളും യാത്രക്കാരും എത്തുന്ന ബസ് സ്റ്റാൻഡിനുള്ളിൽ ഇരുചക്ര വാഹനങ്ങളും ചെറുവാഹനങ്ങളും പാർക്ക് ചെയ്തു പോകുന്നതു പതിവായി. പഞ്ചായത്ത് ‘നോ പാർക്കിങ്’ ബോർഡ് സ്ഥാപിച്ചെങ്കിലും ആ ബോർഡിനു കീഴെയാണ് അനധികൃത പാർക്കിങ്. ഇതോടൊപ്പം കെഎസ്ആർടിസി അടക്കമുള്ള ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ കയറാതെ റോഡിൽ യാത്രക്കാരെ ഇറക്കി പോകുകയാണ്. ബസുകൾ സ്റ്റാൻഡിനു മുൻപിൽ നിർത്തുമ്പോൾ വാഴൂർ റോഡിൽ ഗതാഗതം സ്തംഭിക്കും.
ടൗണിൽ എത്തിയാൽ വണ്ടി എവിടെ പാർക്ക് ചെയ്യും ?
ടൗണിൽ എത്തുന്നവർ വാഹനങ്ങൾ റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. ടൗണിൽ സ്വകാര്യ വാഹനങ്ങൾക്കും ടാക്സി വാഹനങ്ങൾക്കും പാർക്ക് ചെയ്യാൻ സ്ഥലമില്ല. ഇതോടെ വാഴൂർ, മല്ലപ്പള്ളി, മണിമല റോഡുകളുടെ ഇരുവശവും അനധികൃത പാർക്കിങ് മേഖലയാകുകയാണ്.