നികുതി പിരിവ് ജീവനക്കാരില്ല, സോഫ്റ്റ്‌വെയർ പണിയും മുടക്കി; നികുതിയടയ്ക്കാൻ കഴിയാതെ ജനം
Mail This Article
കോട്ടയം ∙ നഗരസഭാ മേഖലാ കാര്യാലയത്തിൽ നികുതിയടക്കാൻ എത്തിയവർ ദുരിതത്തിലായി. ഉദ്യോഗസ്ഥർ ലോക്സഭാ തിരഞ്ഞെടുപ്പ് ജോലിക്കു പോയതും കെ– സ്മാർട്ട് സോഫ്റ്റ്‌വെയറിലെ പ്രശ്നങ്ങളുമാണു നടപടികൾ താറുമാറാക്കിയത്. നികുതി പിരിവിന് ഉപയോഗിച്ചിരുന്ന പഴയ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ പുതിയ സോഫ്റ്റ്‌വെയർ കെ–സ്മാർട്ടിൽ ചേർത്തിട്ടില്ല. നഗരസഭാ മേഖലാ ഓഫിസുകളായ നാട്ടകം, തിരുവാതുക്കൽ, കുമാരനല്ലൂർ എന്നിവിടങ്ങളിലെല്ലാം പ്രശ്നമുണ്ട്.
കേന്ദ്രഓഫിസിലും ദിവസേന നൂറുകണക്കിനു പേർ വന്നു നിരാശരായി മടങ്ങുന്നു. അതേസമയം മേഖലാ ഓഫിസുകളിലും കേന്ദ്ര ഓഫിസിലും നികുതി പിരിവിന് ബദൽ സംവിധാനം ഒരുക്കിയതായി സെക്രട്ടറി ബി.അനിൽകുമാർ അറിയിച്ചു. അവധി ദിവസങ്ങളിലും നികുതി സ്വീകരിക്കുന്നതിന് ഓഫിസുകളിൽ സംവിധാനം ഏർപ്പെടുത്തും. ഇന്നുമുതൽ ക്രമീകരണം പ്രാബല്യത്തിൽ വരുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.
നാട്ടകം മേഖലാ ഓഫിസിൽ റവന്യു ഇൻസ്പെക്ടർ, വസ്തു നികുതി വിഭാഗം ക്ലാർക് എന്നിവർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണ്. മറ്റ് ഓഫിസുകളിലും ജീവനക്കാരുടെ ക്ഷാമമുണ്ട്. മുൻ വർഷങ്ങളിൽ ഇൻഫർമേഷൻ കേരള മിഷന്റെ സംഖ്യാ, സഞ്ചയ പോലുള്ള സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് നികുതി പിരിവ് നടത്തിയിരുന്നത്. സംഖ്യാ സോഫ്റ്റ്‌വെയറിലൂടെയാണ് നികുതി സ്വീകരിച്ചിരുന്നത്. ‘സഞ്ചയ’യിലായിരുന്നു കെട്ടിടങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ചേർത്തിരുന്നത്. ഇപ്പോൾ ഈ രണ്ടു സോഫ്റ്റ്‌വെയറുകളുമില്ല. സാമ്പത്തിക വർഷാവസാനം അടുത്തതിനാൽ നൂറുകണക്കിന് ആളുകളാണ് വലയുന്നത്.