ലാറ്റക്സ് മോഷണം പതിവ്; ആശങ്കയിൽ കർഷകർ

Mail This Article
മുണ്ടക്കയം ∙ റബർ തോട്ടങ്ങളിൽ നിന്നും ലാറ്റക്സ് മോഷണം പോകുന്നത് പതിവായതോടെ കർഷകരും സ്വകാര്യ എസ്റ്റേറ്റുകളും പ്രതിസന്ധിയിലായി. വീപ്പകളിൽ സൂക്ഷിച്ചിരുന്ന ലാറ്റക്സ് മോഷണം പോയതായി പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണങ്ങൾ നടത്താത്തതിലും പ്രതിഷേധം വ്യാപകമാകുന്നുണ്ട്. ഇഞ്ചിയാനി വട്ടക്കാവിലെ റബർ തോട്ടത്തിൽ നിന്നും നാല് വീപ്പകളിലായി സൂക്ഷിച്ചിരുന്ന ലാറ്റക്സാണ് അവസാനമായി മോഷണം പോയത്.
റബർ ടാപ്പിങ് ഇല്ലാത്ത ദിവസം നോക്കി നടത്തിയ മോഷണത്തിന് പിന്നിൽ സ്ഥലം സംബന്ധിച്ച് വ്യക്തമായ ധാരണയുള്ള ആളുകൾ ആയിരിക്കാം മോഷ്ടാക്കൾ എന്ന് കാട്ടി പരാതിയും നൽകിയിരുന്നു. ഇഞ്ചിയാനിയിലെ പുരയിടത്തിൽ ജീപ്പ് പോലുള്ള വാഹനങ്ങൾ മാത്രമേ കയറി വരികയുള്ളൂ.
ഇങ്ങനെയുള്ള പ്രദേശത്ത് നിന്നാണ് ലാറ്റക്സ് മോഷ്ടിക്കപ്പെട്ടത്. സംഭവം നടന്ന ദിവസങ്ങളിൽ ഇൗ പ്രദേശവുമായി ബന്ധപ്പെട്ട റോഡുകളിലെ സിസി ടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാൽ മോഷ്ടാക്കളെ വേഗത്തിൽ കണ്ടെത്താനാകും. എന്നാൽ അതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
കുറച്ചു നാൾ മുൻപ് സ്രാമ്പി എസ്റ്റേറ്റിൽ നിന്നും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. ആ സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുമില്ല. നടപടികൾ ഇല്ലാത്തതാണ് മോഷണങ്ങൾ വർധിക്കാൻ കാരണം. ചെറുകിട റബർ തോട്ടങ്ങളിൽ വരെ ഇപ്പോൾ റബർ പാൽ ലാറ്റക്സ് ആക്കിയാണ് വിൽപന നടത്തുന്നത്. ടാപ്പിങ് നടത്തി ശേഖരിക്കുന്ന ലാറ്റക്സ് വീപ്പകളിൽ നിറച്ച് തോട്ടങ്ങളിൽ തന്നെ വയ്ക്കുകയാണു പതിവ്. നാളുകളായി തുടരുന്നത് ഇതേ രീതി തന്നെയാണു. പക്ഷേ, ഇപ്പോൾ മോഷണങ്ങൾ വർധിച്ചതോടെ ഉടമകൾ ആശങ്കയിലാണ്.