ആക്രിക്കടയല്ല സർക്കാർ ഓഫിസാ...
Mail This Article
ചങ്ങനാശേരി ∙ വാഹനങ്ങളുടെ തൊണ്ടിത്താവളമായി സർക്കാർ ഓഫിസ് പരിസരങ്ങൾ. റവന്യു ടവർ, പിഡബ്ല്യുഡി റെസ്റ്റ് ഹൗസ്, ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ, എക്സൈസ് ഓഫിസ് എന്നിവിടങ്ങളിൽ കേസുകളിൽ പെട്ട് പിടിച്ചെടുത്ത വാഹനങ്ങളാണ് കെട്ടിക്കിടക്കുന്നത്. സ്ഥലപരിമിതി കാരണം നിന്നു തിരിയാൻ ഇടമില്ലാത്ത സ്ഥലങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്.
റവന്യു ടവർ
13 ഓട്ടോകൾ, 3 ബൈക്കുകൾ, 1 ജീപ്പ് എന്നീ വാഹനങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. വാഹനങ്ങളിൽ പുല്ലും കാടും വളർന്നു. വാഹനത്തിന്റെ ബാറ്ററി ഉൾപ്പടെ പല ഭാഗങ്ങളും മോഷണം പോയി.
പൊലീസ്, എക്സൈസ്
ചങ്ങനാശേരി പൊലീസ് സ്റ്റേഷനു മുൻപിൽ മാർക്കറ്റ് റോഡരികിലാണ് അപകടത്തിൽ പെടുന്ന വാഹനങ്ങൾ പതിവായി എത്തിക്കുന്നത്. പലപ്പോഴും വാഹനങ്ങളുടെ മെറ്റൽ ഭാഗങ്ങളും ചില്ലുകളും റോഡിൽ തെറിച്ചു കിടക്കും. തിരക്കേറിയ മാർക്കറ്റ് റോഡിൽ വാഹനങ്ങൾ കൊണ്ടിടുന്നത് യാത്രക്കാർക്കും ബുദ്ധിമുട്ടാണ്. പൊലീസ് കോർട്ടേഴ്സ് വളപ്പിലും കേസുകളിൽ പെട്ട ലോറി, ബൈക്കുകൾ, ജീപ്പ്, കാർ എന്നിവ കൂട്ടിയിട്ടിരിക്കിന്നു. എക്സൈസ് ഓഫിസ് വളപ്പിനുള്ളിൽ വിവിധ കേസുകളിൽ പിടികൂടിയ ഒട്ടേറെ വാഹനങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. വാഹനങ്ങൾക്കിടയിൽ നിന്നും ഓഫിസിലേക്ക് ഇഴജന്തുക്കളും കയറി വരുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
പിഡബ്ല്യുഡി റെസ്റ്റ് ഹൗസ്
റെസ്റ്റ് ഹൗസ് വളപ്പിനുള്ളിൽ സ്മാരകം പോലെ റോഡ് റോളർ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. വാഹനത്തിന്റെ പല ഭാഗവും തുരുമ്പെടുത്ത് അടർന്നു വീണു. വിഐപികളും അതിഥികളുമെത്തുന്ന റെസ്റ്റ് ഹൗസിനു പരിസരത്ത് തുരുമ്പെടുത്ത വാഹനം അനാഥമായി കിടക്കുന്നത് റെസ്റ്റ് ഹൗസിന്റെ ശോഭ കെടുത്തുന്നു.