ADVERTISEMENT

കുമരകം ∙ കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലും കാറ്റിലും നെൽക്കൃഷി മേഖലയ്ക്കു വൻ നഷ്ടം. കൊയ്ത്ത് നടന്നു കൊണ്ടിരുന്ന ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്ത് മഴ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കൊയ്ത്ത് പ്രതിസന്ധിയിലായി. നെല്ല് സംഭരണവും നടക്കുന്നില്ല. നെല്ല് ചുവട് ചാഞ്ഞു വീണും നെന്മണികൾ കൊഴിഞ്ഞുമാണ് നഷ്ടം. ഏക്കറിനു 2 ക്വിന്റൽ നെല്ല് വരെ നഷ്ടം സംഭവിച്ചതായി കർഷകർ പറഞ്ഞു. 

കൊയ്ത്ത് തുടങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോഴാണു മഴ കർഷകർക്കു വില്ലനായി എത്തിയത്. പാടത്തെ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കൊയ്ത്ത് യന്ത്രം ഇറക്കാൻ കഴിയാതെ വന്നു. യന്ത്രങ്ങളെല്ലാം കൊയ്ത്ത് കഴിഞ്ഞു നെല്ല് കൂട്ടിയിട്ടിരുന്ന പാടങ്ങളി‍ൽ കൊണ്ട് ഇട്ടിരിക്കുകയാണ്. വെള്ളം വറ്റി നിലം ഉണങ്ങിയാൽ മാത്രമേ ഇനി യന്ത്രം ഇറക്കാൻ കഴിയൂ. വെള്ളം വറ്റിക്കുന്നതിനൊപ്പം രണ്ടു ദിവസം ശരിക്കും വെയിൽ കൊണ്ടു പാടം ഉണങ്ങിയാൽ മാത്രമേ യന്ത്രം താഴ്ന്നു പോകാതെ കൊയ്ത്ത് സുഗമമായി നടത്താൻ കഴിയൂ. 

സംഭരണം നടക്കാത്തതിനാൽ പാടങ്ങളിൽ തന്നെ നെല്ല് കൂട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ മൂലം നെല്ലിനു സമീപത്തെ വെള്ളക്കെട്ടായി. മഴ ഇനിയും പെയ്താൽ നെല്ലിനു അടിയിൽ വെള്ളം എത്തുന്ന സ്ഥിതി ഉണ്ടാകും. പാടശേഖരത്തിന്റെ കിഴക്കൻ ഭാഗത്തെ നെല്ല് മാത്രമേ ലോറിയിൽ നേരിട്ടു കയറ്റാൻ കഴിയൂ. തെക്ക് പടിഞ്ഞാറ് ഭാഗത്തെ നെല്ല് വള്ളത്തിൽ കയറ്റി ലോറി എത്തുന്ന സ്ഥലം വരെ എത്തിക്കണം. കാഞ്ഞിരം , വെട്ടിക്കാട്ട് തോടുകളിൽ പോള നിറഞ്ഞു കിടക്കുന്നതിനാൽ വള്ളത്തിൽ നെല്ല് കയറ്റി കൊണ്ടു വരാനും പ്രയാസമായി. വേനൽ മഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ നെല്ല് സംഭരണത്തിനു കൂടുതൽ മില്ലുകളെ നിയോഗിക്കണമെന്നാണു കർഷകരുടെ ആവശ്യം

നെല്ല് സംഭരണം തുടങ്ങണം
ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ ജെ ബ്ലോക്ക് പാടശേഖര ഉൾപ്പെടെ ജില്ലയിലെ മുഴുവൻ പാടശേഖരങ്ങളിലെ നെല്ല് സംവരണം ഊർജിതമാക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നതിൽ അധ്യക്ഷത വഹിച്ചു. ജോർജ് കൊട്ടാരം, ജോർജ് ജേക്കബ്, അനിൽ മലരിക്കൽ, സന്തോഷ് ചന്നാനിക്കാട്, എബി ഐപ്പ്, പി. കെ. മനോഹരൻ, റോയ് ഇടയത്തറ, റെജിമോൻ പുതുപ്പള്ളി, രമേശൻ കാണക്കാരി, പള്ളം ജോർജ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com