പഴയ പാലവും പുതിയ പാലവും ഒന്നായി: മണിമല മൂലേപ്ലാവ് കവലയിൽ മൊത്തത്തിൽ കൺഫ്യൂഷൻ
Mail This Article
മണിമല ∙ ‘ മൂലേപ്ലാവ് പാലത്തിലെ കൺഫ്യൂഷൻ ഒന്നു തീർക്കണമേ ....’ പുതിയ റോഡ് വന്നപ്പോൾ പഴയ പാലവും പുതിയ പാലവും ഒന്നായി. എങ്കിലും വേർതിരിക്കുന്ന മതിൽ നടുവിലുണ്ട്. ഇതോടെ ഇതിൽ ഏതു വഴിയേ പോകണമെന്ന ശങ്കയിലാണു യാത്രക്കാർ. പൊൻകുന്നം – പുനലൂർ ഹൈവേയിൽ മണിമല മൂലേപ്ലാവിലാണു ഡ്രൈവർമാരെ കൺഫ്യൂഷനിലാക്കുന്ന പാലമുള്ളത്. നാട്ടുകാർ പോലും പാലത്തിൽ പെട്ടു പോകും.
വണ്ടി വന്നിറങ്ങുന്നത് 2 വഴിയിലൂടെ
പൊൻകുന്നം – പുനലൂർ റോഡ് കൊടുങ്ങൂർ – മണിമല റോഡിലേക്കു ചേരുന്ന വളവിലെ സംഗമ സ്ഥാനത്താണ് മൂലേപ്ലാവ് പാലമുള്ളത്. മുൻപ് ഉണ്ടായിരുന്ന പാലം നവീകരിച്ചതിന് ഒപ്പം ഇതിനോടു ചേർന്നു പുതിയ പാലവും നിർമിച്ചു. പുതിയ പാലത്തിൽ 2 വണ്ടികൾക്ക് യഥേഷ്ടം പോകാൻ കഴിയും. ഇതോടെ ഇരുവശത്തു നിന്നും പുതിയ പാലത്തിലേക്ക് വണ്ടികൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്. ഇതിനൊപ്പം പഴയ പാലം വഴിയും വണ്ടികൾ വരും. ഇതോടെ ആകെ കൺഫ്യൂഷനാകും.
അധികൃതർ ചെയ്യേണ്ടത്
∙ പാലത്തിൽ വൺ വേ സംവിധാനം നടപ്പാക്കണം.
∙ വേ ഇൻ – വേ ഔട്ട് ബോർഡുകൾ സ്ഥാപിക്കണം.
∙ കൊടുങ്ങൂർ റോഡിൽ നിന്നുള്ള ഭാഗത്ത് വേഗ നിയന്ത്രണ സംവിധാനം സ്ഥാപിക്കണം.
∙ കൊടും വളവായതിനാൽ കോൺവെക്സ് മിറർ സ്ഥാപിക്കണം.
∙ കൃത്യമായ ദിശാ ബോർഡും സിഗ്നൽ സംവിധാനവും വേണം.