പ്രചാരണം ടോപ് ഗിയറിലേക്ക്

Mail This Article
കോട്ടയം ∙ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണം ടോപ് ഗിയറിലേക്ക് മാറ്റി കോട്ടയം മണ്ഡലത്തിലെ മുന്നണി സ്ഥാനാർഥികൾ.
ഫ്രാൻസിസ് ജോർജ്
പിറവത്ത് വോട്ടഭ്യർഥിച്ച് യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജ്. തിരുവാങ്കുളം പ്രദേശത്തു കൊച്ചി -തേനി ഹൈവേക്കു വേണ്ടി സ്ഥലമേറ്റെടുത്തതിന്റെ പേരിൽ ദുരിതത്തിലായ ഗുണഭോക്താക്കളെ കണ്ട് സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം കോട്ടയം കാരിത്താസ് ആശുപത്രി ആസ്ഥാനത്തെ മഠങ്ങളും സന്ദർശിച്ചു.

തോമസ് ചാഴികാടൻ
പത്രിക സമർപ്പിക്കുന്നതിനു മുൻപ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പ്രമുഖ വ്യക്തികളെ കാണാനുള്ള ഓട്ടപ്രദക്ഷിണത്തിൽ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ. പരമാവധി ആളുകളെ കണ്ട് ആശീർവാദം വാങ്ങി പത്രിക സമർപ്പിക്കാനാണു ചാഴികാടന്റെ തീരുമാനം.

തുഷാർ വെള്ളാപ്പള്ളി
മണ്ഡലത്തിലെ പ്രമുഖരെ സന്ദർശിച്ച് എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ്, എൻഎസ്എസ് കരയോഗം ഭാരവാഹികൾ, കഥാകൃത്ത് ബാബു കുഴിമറ്റം എന്നിവരുമായി തുഷാർ കൂടിക്കാഴ്ച നടത്തി.