മലയോരത്തെ വിറപ്പിച്ചു വന്യമൃഗങ്ങൾ; ജീവനിൽ കൊതിയുണ്ട് മനുഷ്യർക്ക്
Mail This Article
എരുമേലി/മുണ്ടക്കയം∙ തുലാപ്പള്ളി വട്ടപ്പാറ പുളിയൻകുന്ന് പിആർസി മലയിൽ വീടിനു സമീപത്തെത്തിയ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചതോടെ ഭീതിയിലാണ് ജില്ലയുടെ മലയോരമേഖല. കഴിഞ്ഞ ദിവസം കാട്ടുപന്നി വട്ടം ചാടി ബൈക്ക് അപകടത്തിൽപെട്ട് എരുമേലി പ്രദേശത്ത് യുവാവിന് ഗുരുതരപരുക്കേറ്റിരുന്നു. കാട്ടാനയും കാട്ടുപന്നിയും അടക്കം വന്യമൃഗങ്ങൾ മലയോരത്തെ വിറപ്പിച്ചു തുടങ്ങിയിട്ട് കുറച്ചു കാലമായി. തിരഞ്ഞെടുപ്പ് കാലത്ത് ജനത്തിനു പറയാനുള്ളത്.
ജനം പറയുന്നു
∙ ആദ്യം വേണ്ടത് സോളർ വേലികളാണ്. ഇതു കർശനസുരക്ഷ ഉറപ്പാക്കുന്നതാവണം. സോളർവേലികൾ സംരക്ഷിക്കാനും നടപടി വേണം.
∙കിടങ്ങ് മികച്ച പ്രതിരോധം മാർഗമാണ്. കാട്ടാനകൾ സ്ഥിരമായി ഇറങ്ങുന്ന സ്ഥലങ്ങളിൽ കിടങ്ങു കുഴിച്ചാൽ പ്രശ്ന പരിഹാരമാകും.
∙ കാട്ടിൽനിന്നു മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാതെ നോക്കേണ്ടതിന്റെ ഉത്തരവാദിത്തം വനം വകുപ്പിനാണ്. അവർ ആ ജോലി കൃത്യമായി ചെയ്യണം.
∙ എല്ലാ സ്ഥലങ്ങളിലും വാച്ചർമാരെ ഏർപ്പെടുത്തിയാൽ മൃഗങ്ങൾ നാട്ടിൽ ഇറങ്ങാൻ സാധ്യതയുണ്ടോയെന്ന് മുൻകൂട്ടി അറിയാനാവും.
∙ ഉപദ്രവമാകുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി ആവശ്യമാണ്. നിയമക്കുരുക്കുകൾ ഒഴിവാക്കണം.
∙ വനാതിർത്തി മേഖലയിൽ താമസിക്കുന്ന കർഷകർക്ക് കൃഷികൾക്ക് ഇൻഷുറൻസ് തുക വർധിപ്പിക്കണം.
∙ വനപാതകളിൽ വഴിവിളക്കുകൾ വേണം.
∙ വനാതിർത്തി മേഖലയിൽ കാടുകയറികിടക്കുന്ന സ്വകാര്യ പുരയിടങ്ങൾ തെളിക്കണം.
∙ പുലി, കടുവ എന്നിവയെ കണ്ടെത്തിയ മേഖലകളിൽ അതിനെ കണ്ടുപിടിച്ച് വനത്തിലേക്ക് അയയ്ക്കുന്നതു വരെ വനംവകുപ്പ് ജാഗ്രത കാട്ടണം.