ADVERTISEMENT

കുമരകം ∙ ജി–20 ഉച്ചകോടി കഴിഞ്ഞ് ഒരു വർഷം ആകുമ്പോൾ കുമരകം പിന്നെയും പഴയപടി തന്നെ. കഴിഞ്ഞ വർഷം ഉച്ചകോടിക്കു വേണ്ടി കുമരകത്തിന്റെ മുഖഛായ മാറുന്ന കാഴ്ചയായിരുന്നു. അന്നത്തെ സ്ഥിതി തുടരാൻ കഴിയാതെ വന്നതോടെയാണ് എല്ലാം പഴയ പടിയിലേക്ക് എത്തിയത്. റോഡ് വികസനം ഉൾപ്പെടെ ഉള്ള അടിസ്ഥാന വികസനം യുദ്ധകാല അടിസ്ഥാനത്തിൽ നടത്തിയിരുന്നു. 10 കോടി രൂപ ചെലവഴിച്ചു തണ്ണീർമുക്കം ബണ്ട് മുതൽ ഇല്ലിക്കൽ വരെ ഉള്ള റോഡ് നവീകരിച്ചത് മാത്രമാണ് നാട്ടുകാർക്കു പ്രയോജനപ്പെടുന്നത്. ബാക്കി നടത്തിയ പ്രവർത്തനങ്ങളൊന്നും ഫലത്തിൽ പ്രയോജനപ്പെടുന്നില്ല. 

ജി–20യുടെ ഭാഗമായി വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന് എടുത്ത പ്രവർത്തനങ്ങൾ തുടർന്നു ഫലംകണ്ടില്ല. കുമരകത്തേക്കുള്ള വൈദ്യുതി വിതരണം മുടങ്ങാതിരിക്കാൻ നടപ്പാക്കിയ പദ്ധതികൾ തുടരുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ഉണ്ടായില്ലെന്നാണു നാട്ടുകാരുടെ പരാതി. പുതിയ സംവിധാനങ്ങൾ നിലനിർത്താനായിരുന്നു അന്നത്തെ തീരുമാനം. കോടിമതയിൽ നിന്നുള്ള ലൈൻ ഇല്ലിക്കലിൽ എത്തിച്ചും തണ്ണീർമുക്കം ഭാഗത്ത് നിന്ന് ബണ്ട് വഴി കേബിൾ വലിച്ചുമാണ് അന്ന് വൈദ്യുതി വിതരണത്തിനു സജ്ജമാക്കിയത്. ചെങ്ങളം സബ് സ്റ്റേഷനിൽ നിന്നു വൈദ്യുതി എത്തിക്കുന്നതിനു പുതിയ ലൈൻ വലിച്ചിരുന്നു. 

എന്നാൽ കഴിഞ്ഞ ദിവസം കാറ്റു മഴയിലും കുമരകത്തെ വൈദ്യുതി വിതരണം തകരാറിലാകുകയും 18 മണിക്കൂറിലേറെ കുമരകം വൈദ്യുതി ഇല്ലാതെ ഇരുട്ടിലാകുകയും ചെയ്തു. കുമരകത്തെ റോഡ് വശങ്ങൾ വൃത്തിയാക്കി ചെടികൾ വച്ചുപിടിപ്പിച്ചിരുന്നെങ്കിലും അവിടെ ഇപ്പോൾ കുറ്റിക്കാടുകൾ വളർന്നു നിൽക്കുന്നു. മാലിന്യവും ഇവിടെ ഇടുന്നു. കായലോരത്തെ പോളകൾ വാരി മാറ്റി ജലപാത ഒരുക്കിയിരുന്നെങ്കിലും അവിടെയും പഴയതു പോലെ പോള കയറിക്കിടക്കുന്നു. ജി–20 ഉദ്യോഗസ്ഥ സമ്മേളനത്തിനായി കെടിഡിസിയിൽ പണിത കൺവൻഷൻ സെന്റർ അന്നത്തെ നിലയിൽ തന്നെ സംരക്ഷിച്ചുനിർത്താൻ കഴിഞ്ഞില്ലെങ്കിൽ അതും പ്രയോജനപ്പെടാതെ പോകുന്ന അവസ്ഥയുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com