ADVERTISEMENT

കുറവിലങ്ങാട് ∙ പൊരിയുന്ന ചൂടിൽ പൊള്ളുന്ന പ്രതിസന്ധി നേരിടുകയാണ് കൈത കർഷകർ. ചൂട് ക്രമാതീതമായി വർധിച്ചതോടെ ഏക്കർ കണക്കിനു പ്രദേശത്തെ കൃഷി നാശത്തിന്റെ വക്കിൽ. ചൂടിനെ പ്രതിരോധിക്കാൻ തണൽ വലകളും വൈക്കോലും തെങ്ങോലയുമൊക്കെ ഉപയോഗിക്കുന്നത് വ്യാപകമായിട്ടും ഫലം ലഭിക്കുന്നില്ല. പലയിടത്തും ജലസേചനത്തിനു വെള്ളം ഇല്ല. കുടിവെള്ളം പോലും വറ്റിയ അവസ്ഥയിൽ കൈത കൃഷി ജലസേചനം നടത്താൻ എവിടെയാണ് വെള്ളം എന്നു കർഷകർ ചോദിക്കുന്നു.

റംസാൻ വിപണി ലക്ഷ്യമാക്കിയുള്ള കൃഷിയെ ആണ് വേനൽ ബാധിച്ചിരിക്കുന്നത്. വരൾച്ച തുടർന്നാൽ വിഷു വിപണിയിലും കർഷകർക്ക് വലിയ പ്രതീക്ഷയില്ല. പൈനാപ്പിളിന് ഏറ്റവും കൂടുതൽ വില ലഭിക്കുന്ന കാലമാണിത്. വേനൽ കടുത്തതോടെ 35 - 40 ശതമാനം വിളവ് കുറഞ്ഞു. ഉണക്കു ബാധിച്ച പൈനാപ്പിളിനു തൂക്കത്തിലും കുറവ് ഉണ്ട്. ഇതോടെ കയറ്റി അയക്കുന്ന എ ഗ്രേഡ് പൈനാപ്പിൾ കുറഞ്ഞു.

ചൂട് പ്രതിരോധിക്കാൻ ശേഷിയുള്ള ചെടിയാണ് കൈത. പക്ഷേ ഇത്തവണ കണക്കുകൾ തെറ്റി. ശക്തമായ വേനൽച്ചൂടിൽ പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല.സ്ഥിരമായി സൂര്യ പ്രകാശം ഏൽക്കുന്ന ചക്കയുടെ ഭാഗം ചീഞ്ഞ് നശിക്കുന്നത് പ്രധാന പ്രതിസന്ധി.
 കഠിനമായ ചൂട് കാരണം വിളവെടുക്കാൻ പാകമായ പൈനാപ്പിളിന്റെ ഗുണമേന്മ നഷ്ടപ്പെടുന്നു. നീരു വറ്റുന്നത് കാരണം പൈനാപ്പിളിന്റെ സ്വാഭാവിക ആകൃതിയും നഷ്ടപ്പെടുന്നു. പൂർണമായി പാകാമാകാതെ മുരടിച്ചും പോകുന്നു.വേനലിൽ കൃഷിയുടെ ചെലവ് വർധിച്ചു. ജലസേചനം വർധിപ്പിക്കേണ്ട അവസ്ഥ.ഇതോടെ കൃഷിക്കു ചെലവേറി.

വെള്ളത്തിന്റെ ദൗർലഭ്യവും പ്രതിസന്ധിയാണ്. ആഴ്ചയിൽ ഒരിക്കൽ നനച്ചു കൊടുത്തെങ്കിൽ മാത്രമേ വലുപ്പമുള്ള കായ്കൾ ലഭിക്കുകയുള്ളൂ. ആദ്യകാലത്തു വാഴക്കുളം, മൂവാറ്റുപുഴ ഭാഗത്തു നിന്നു എത്തുന്നവർ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു. ഇപ്പോൾ നാട്ടിലെ കർഷകരും പൈനാപ്പിൾ കൃഷിയിലേക്കു കടന്നു. 

റബറിനു ഇടവിളയായി കൈത കൃഷി നടത്തുന്നത് വ്യാപകമാണ്. അനൂകൂല കാലാവസ്ഥ ആണെങ്കിൽ തോട്ടത്തിൽ നിന്ന് 80 ശതമാനത്തോളം എ-ഗ്രേഡ് പൈനാപ്പിൾ ലഭിക്കും. എന്നാലിപ്പോൾ 50 ശതമാനം പോലും എ-ഗ്രേഡ് പൈനാപ്പിൾ ലഭിക്കുന്നില്ല. ലക്ഷക്കണക്കിനു രൂപ വായ്പ എടുത്ത് പൈനാപ്പിൾ കൃഷി ചെയ്തിരിക്കുന്ന കർഷകർ വൻ കടക്കെണിയിലായി.

ചൂടിനെ പ്രതിരോധിക്കാൻ  വഴികൾ പലത്
തണൽ ഒരുക്കാൻ തെങ്ങോല, തണൽവലകൾ,വൈക്കോൽ എന്നിവയാണ് ഉപയോഗിക്കുന്നത്. തെങ്ങോലയും വൈക്കോലും തമിഴ്നാട്ടിൽ നിന്നാണ് എത്തുന്നത്. ഗ്രീൻ നെറ്റ് അഥവാ തണൽ വല ഉപയോഗിച്ചാൽ സൂര്യപ്രകാശം നേരിട്ടു ഏൽക്കില്ല. ഇത്തവണ വിൽപനയും ഉപയോഗവും വർധിച്ചു. അതോടെ വിലയും വർധിച്ചു. തെങ്ങോലയുടെ വില ഒരെണ്ണത്തിനു 12 മുതൽ 15 രൂപ വരെ. വൈക്കോൽ 35 കിലോഗ്രാം കെട്ടിനു 240 രൂപ. ഓല മെടഞ്ഞത് 3 അടിയുടെ വില 25 മുതൽ 30 രൂപ വരെ.ഇതെല്ലാം ഒരുക്കിയാലും കാര്യമായ വിളവ് ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലാത്ത അവസ്ഥ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com