താഴത്തങ്ങാടി പാലം തിരുവാർപ്പ് പഞ്ചായത്ത് നന്നാക്കണം; നിർദേശം നൽകി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി
Mail This Article
കോട്ടയം ∙ താഴത്തങ്ങാടി പാലം തിരുവാർപ്പ് പഞ്ചായത്ത് നന്നാക്കണമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദേശം. ഇതോടെ, പാലം സംബന്ധിച്ച് വർഷങ്ങളായി നഗരസഭയും പഞ്ചായത്തും തമ്മിൽ നിലനിന്നിരുന്ന തർക്കത്തിനാണ് പരിഹാരം ഉണ്ടായത്. കുമരകം റോഡിൽ താഴത്തങ്ങാടി അറുപുഴ ഭാഗത്താണ് പാലം. മീനച്ചിലാറിനു കുറുകെയുള്ള പാലം തൂക്കുപാലം എന്നാണ് പണ്ടു മുതൽ അറിയപ്പെടുന്നത്.
നിത്യേന നൂറുകണക്കിനു പേർ കടന്നുപോകുന്ന പാലത്തിന്റെ കേടുപാടുകൾ നന്നാക്കുന്നതു സംബന്ധിച്ചാണ് തർക്കം ഉണ്ടായിരുന്നത്. അറുപുഴ ഉൾപ്പെടുന്ന മീനച്ചിലാറിന്റെ ഭാഗം നഗരസഭയുടെയും കുമ്മനം പ്രദേശമായ മറുഭാഗം തിരുവാർപ്പ് പഞ്ചായത്തിന്റെയുമാണ്. അതിനാൽ പാലത്തിന് ആര് പണം മുടക്കുമെന്നതായിരുന്നു തർക്കം. ലീഗൽ സർവീസ് അതോറിറ്റിയുടെ സിറ്റിങ്ങിൽ നഗരസഭ തിരുവാതുക്കൽ മേഖലാ ഓഫിസിലെ അസിസ്റ്റന്റ് എൻജിനീയർ പങ്കെടുത്തു.
പാലം തിരുവാർപ്പ് പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിലാണ് ഉൾപ്പെട്ടിരിക്കുന്നതെന്നാണ് എൻജിനീയർ നൽകിയ മറുപടി. പാലത്തിനു കേടുപാടുകൾ ഉണ്ടെന്നും വിശദീകരിച്ചു. പഞ്ചായത്തിന്റെ പ്രതിനിധികൾ പങ്കെടുത്തില്ല. ഇതെത്തുടർന്നാണ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രാജശ്രീ രാജഗോപാൽ പാലം പഞ്ചായത്ത് നന്നാക്കണമെന്ന് ഉത്തരവിട്ടത്. പാരാ ലീഗൽ വൊളന്റിയർമാരായ ടി.യു.സുരേന്ദ്രൻ, പ്രഫ.ഏബ്രഹാം സെബാസ്റ്റ്യൻ, പി.ഐ. ഏബ്രഹാം, കെ.സി. വർഗീസ്, ആർ.സുരേഷ് കുമാർ, എം.കെ. അബ്ദുൽ ലത്തീഫ് എന്നിവർ നൽകിയ ഹർജിയിലാണ് തീരുമാനം.