ഗതാഗതക്കുരുക്കിൽ കുടുങ്ങി ഈരാറ്റുപേട്ട; നിയമങ്ങൾ കാറ്റിൽ പറത്തി അനധികൃത ബസ് സ്റ്റോപ്പുകൾ
Mail This Article
ഈരാറ്റുപേട്ട ∙ അനധികൃത ബസ് സ്റ്റോപ്പുകളും അനധികൃത പാർക്കിങ്ങും നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നു ബസുകൾ ഇറങ്ങി വരുന്നതു മുതൽ റോഡിൽ എവിടെ യാത്രക്കാർ കൈ കാണിച്ചാലും ബസുകൾ നിർത്തുന്ന സ്ഥിതിയാണ്. കുരിക്കൾ നഗറിലും കാഞ്ഞിരപ്പള്ളി ബസ് സ്റ്റോപ്പിലും ബസ് നിർത്തുന്നതിന് പിന്നിൽ ഓട്ടോറിക്ഷകൾ യാത്രക്കാരെ ലഭിക്കാൻ വേണ്ടി നിർത്തിയിടുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമാകുന്നു.
ഏതാനും ദിവസങ്ങളായി ഈരാറ്റുപേട്ട സെൻട്രൽ ജംക്‌ഷനിൽ പുതിയ സ്റ്റോപ്പു കൂടി ആരംഭിച്ചു. പാലാ, തൊടുപുഴ, മൂന്നിലവ് എന്നീ ഭാഗത്തേക്കുള്ള ബസുകളാണ് ഇവിടെ നിർത്തിയിടുന്നത്. ഈ ഭാഗത്തേക്കുള്ള ബസുകൾ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടാൽ മുട്ടം കവലയിലെ സ്‌റ്റോപ്പിലെ നിർത്താവു എന്നാണ് 25 വർഷം മുൻപ് നിലവിൽ വന്ന ട്രാഫിക് കമ്മിറ്റിയുടെ തീരുമാനം.
ഈ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് അനധികൃത ബസ് സ്റ്റോപ്പ് നിലവിൽ വന്നിട്ടുള്ളത്. ഒന്നിലധികം ബസുകൾ വരെ ഒരേസമയം ഇവിടെ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിനും കാരണമാകും. ഗതാഗതം നിയന്ത്രിക്കുവാൻ പൊലീസ് ഇല്ലാത്തതാണ് അനധികൃത ബസ് സ്റ്റോപ്പുകൾ കൂടാൻ കാരണം. നഗരസഭയിൽ ട്രാഫിക് യൂണിറ്റ് അനുവദിക്കണമെന്നുള്ള വർഷങ്ങളായുള്ള ആവശ്യം ഇപ്പോഴും സർക്കാർ മറന്നു.
അനധികൃത പാർക്കിങ്ങാണു മറ്റൊരു പ്രശ്നം. ആർക്കും എവിടെയും വാഹനം പാർക്കു ചെയ്യാം എന്ന അവസ്ഥയാണുള്ളത്. ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തു നിന്നും കർശന നടപടികൾ ഉണ്ടായാൽ മാത്രമേ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ സാധിക്കു.