ADVERTISEMENT

കോട്ടയം ∙ സപ്ലൈകോയുടെ നിയന്ത്രണത്തിൽ ചിങ്ങവനം മാവിളങ്ങിലുള്ള ഭക്ഷ്യഭദ്രതാ ഗോ‍ഡൗൺ (എൻഎഫ്എസ്എ) പൂട്ടാൻ ഉത്തരവ്. റേഷൻകടകൾ വഴി വിതരണം ചെയ്യാൻ ഇവിടെയെത്തിച്ച ഭക്ഷ്യധാന്യങ്ങളിൽ 70.8 ടൺ കുറവ് കണ്ടെത്തിയ വിവരം ‘മനോരമ’ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇവിടെ ഇപ്പോഴുള്ള ഭക്ഷ്യധാന്യങ്ങൾ 9നു മുൻപു റേഷൻകടകളിൽ വിതരണം ചെയ്യണമെന്നും അതിനു ശേഷമേ മറ്റു ഗോഡൗണുകളിൽ നിന്നു വിതരണം ആരംഭിക്കാവൂ എന്നും സപ്ലൈകോ കോട്ടയം റീജനൽ മാനേജരുടെ ഉത്തരവിൽ പറയുന്നു.

ചിങ്ങവനത്തു നിന്നു 18 കിലോമീറ്റർ മാറി അമയന്നൂർ എൻഎഫ്എസ്എ ഗോ‍ഡൗണിൽ നിന്നാകും മാവിളങ്ങിന്റെ പരിധിയിലെ 35 റേഷൻകടകളിലേക്ക് ഇനി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുക. മാവിളങ്ങിലെ ലോഡുകൾ കൂടി സൂക്ഷിക്കാൻ അമയന്നൂരിൽ സൗകര്യമുണ്ടെന്നും വാടകയിനത്തിൽ അമിത ചെലവ് കുറയ്ക്കുന്നതിനാണു നടപടിയെന്നുമാണു റീജനൽ മാനേജരുടെ വിശദീകരണം. എൻഎഫ്എസ്എയുടെ ഓഫിസ് അമയന്നൂരിലാണ്. മാവിളങ്ങിലെ ഇടപാടുകളുടെ ബില്ലിങ് സംവിധാനം നേരത്തേതന്നെ ഇവിടെ നിന്നാണു ചെയ്യുന്നത്. ഗോ‍ഡൗണിനു പുറമേ മാവിളങ്ങിൽ പുതിയ ഓഫിസ് തുടങ്ങുന്നതിന്റെ ചെലവും ലാഭിക്കാമെന്ന് ഉത്തരവിൽ പറയുന്നു.

ഇതേസമയം, 2022 ഏപ്രിൽ ഒന്നു മുതൽ 2023 ഫെബ്രുവരി 21 വരെയുള്ള കാലയളവിൽ മാവിളങ്ങിലെ സ്റ്റോക്കിൽ നിന്നു വൻതോതിൽ ഭക്ഷ്യധാന്യങ്ങൾ കാണാതായതു സംബന്ധിച്ച് 3 ജീവനക്കാർക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുകയാണ്.അമയന്നൂരിലെ ഗോ‍ഡൗണിൽ 740 ടൺ പച്ചരിയും 40 ടൺ ഗോതമ്പും കെട്ടിക്കിടന്നു നശിച്ചതായ കണ്ടെത്തലിൽ ഡപ്യൂട്ടി കൺട്രോളറുടെ നേതൃത്വത്തിൽ നാളെ പരിശോധന നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com