കുമരകം തേന്മാവ് നാശത്തിന്റെ വക്കിൽ
Mail This Article
കുമരകം ∙ പതിറ്റാണ്ടുകളായി കുമരകത്തിനു രുചി പകർന്ന കുമരകം തേന്മാവു നാശത്തിന്റെ വക്കിൽ. ബസ്ബേയിൽ നിൽക്കുന്ന മാവിനു സംരക്ഷണമില്ലാതെ വന്നതോടെ കടുത്ത ചൂടിൽ കരിഞ്ഞുണങ്ങുന്നു.പുത്തൻകളം വീട്ടുകാർ തിരുവനന്തപുരത്ത് നിന്നു കൊണ്ടു വന്നു വച്ചുപിടിപ്പിച്ച മാവാണിത്.
പഞ്ചായത്ത് ബസ്ബേയ്ക്കു പുരയിടം വാങ്ങിയപ്പോൾ മാവ് പഞ്ചായത്ത് വകയായി. നേരത്തെ നല്ലതു പോലെ മാങ്ങ പിടിച്ചിരുന്നു. പ്രായാധിക്യം ചെന്നപ്പോൾ വിളവ് അൽപം കുറഞ്ഞെങ്കിലും മധുരത്തിനു കുറവുണ്ടായില്ല. തിരുവനന്തപുരത്തു നിന്നു കൊണ്ടു വന്ന മാവ് ആയതിനാൽ ഇതിനെ അവിടത്തെ പ്രധാന ഇനം മാവായ കോട്ടൂർകോണം ആകാമെന്നും അതല്ല പോളച്ചിറയാണെന്നും രണ്ട് വാദം ഉയർന്നിരുന്നു. മാവ് സംരക്ഷിക്കുന്നതിനായി കൃഷി വിജ്ഞാന കേന്ദ്രം എത്തിയപ്പോഴാണു 2 പേരുകൾ ഉയർന്നത്. 2 പേരുകൾ ഉയർന്നതിനെത്തുടർന്നു കൃഷി വിജ്ഞാന കേന്ദ്രം ഈ മാവിനെ കുമരകം മാവ് എന്നു പേരിടുകയും ബഡ് ചെയ്തു തൈകൾ ഉൽപാദിപ്പിക്കുകയും ചെയ്തു.
കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നു മാവിന്റെ തൈകൾ വിൽക്കുന്നുണ്ടെന്നു ഡോ. ജി. ജയലക്ഷ്മി പറഞ്ഞു. ഇവിടെ നട്ട മാവ് കായ്ക്കുകയും ചെയ്തു. മാങ്ങായ്ക്ക് തേൻ മധുരമായതിനാൽ ഇതിന്റെ തൈകൾക്കു വലിയ പ്രിയമാണ്. വർഷങ്ങൾക്കു മുൻപു മാവിൽ നിന്നു ബഡ് ചെയ്തു തൈ ഉൽപാദിപ്പിച്ചപ്പോൾ പഞ്ചായത്ത് വലിയ ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
ബസ് ബേയിലേക്ക് ബസുകൾ കയറുന്നതിനു മണ്ണിറക്കുകയും മറ്റു പ്രവർത്തനങ്ങൾ നടത്തിയപ്പോഴും മാവ് വെട്ടി മാറ്റാതെ നിലനിർത്തിയിരുന്നു. മാവ് നിൽക്കുന്നത് ബസ് ബേയിലേക്കു ബസുകൾ കയറുന്നതിനു തടസ്സമാകുമെന്ന വാദവുമായി ചിലർ രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണു മാവിനു കഷ്ടകാലം തുടങ്ങിയത്.
കടുത്ത ചൂടുകൂടിയായതോടെ ഇവ ഇലകൾ കൊഴിഞ്ഞു ഉണങ്ങിത്തുടങ്ങി. മാവിനു വെള്ളം നൽകി രക്ഷിക്കാൻ നടപടി ഉണ്ടാകുന്നില്ല. ഫലമോ, മാവ് ഈ വേനൽ കഴിയുന്നതോടെ ഇല്ലാതാകുന്ന സ്ഥിതിയാണ്. ബസ്ബേയുടെ സമീപത്തു കൂടി പോകുന്ന പൈപ്പ് പൊട്ടിക്കിടക്കുകയാണ്. പമ്പിങ് സമയത്ത് എത്തുന്ന വെള്ളം അൽപം ഒഴുകി മാവിനു സമീപം എത്തുന്നുണ്ടെങ്കിലും ഇതുകൊണ്ടു പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിലാണു മാവ്.