ADVERTISEMENT

പ്രാർഥിച്ചൊരുങ്ങിചാഴികാടൻ
കോട്ടയം ∙ മുന്നണി നേതാക്കൾക്കും അണികൾക്കുമൊപ്പം ആവേശത്തിന്റെ റോഡ് ഷോ തീർത്ത് എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ നാമനിർദേശ പത്രിക നൽകി. കേരള കോൺഗ്രസ് (എം) ഓഫിസിൽനിന്നു പ്രകടനമായാണു കലക്ടറേറ്റിലേക്കു സ്ഥാനാർഥിയും സംഘവും എത്തിയത്.മന്ത്രി വി.എൻ.വാസവൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി, എൽഡിഎഫ് ജില്ലാ കൺവീനർ ലോപ്പസ് മാത്യു, സിപിഐ ജില്ലാ സെക്രട്ടറി വി.ബി.വിനു എന്നിവർ ഒപ്പമുണ്ടായിരുന്നു.  3 സെറ്റ് പത്രിക നൽകി. കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം ബേബി ഉഴുത്തുവാൽ ഡമ്മിയായി പത്രിക നൽകി.

രാവിലെ മാതൃഇടവകയായ അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ ഭാര്യ ആനി തോമസിന് ഒപ്പം ചാഴികാടൻ കുർബാനയിൽ പങ്കെടുത്തു.  മാതാപിതാക്കളുടെയും സഹോദരൻ ബാബു ചാഴികാടന്റെയും കബറിടങ്ങളിൽ പ്രാർഥിച്ച ശേഷമാണ് ഇന്നലെ പര്യടനം ആരംഭിച്ചത്. ഭരണങ്ങാനത്തു വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിലും മാന്നാനം തീർഥാടന ദേവാലയത്തിലുമെത്തി പ്രാർഥിച്ചു. പാലാ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തി കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മയുടെ അനുഗ്രഹവും വാങ്ങി.

ക്ഷേത്രദർശനംകഴിഞ്ഞ് തുഷാർ
തിരുനക്കര ക്ഷേത്ര ദർശനത്തിനു ശേഷമാണ് എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി പത്രിക സമർപ്പിക്കാനെത്തിയത്. നൂറു കണക്കിനു പാർട്ടി പ്രവർത്തകരോടൊപ്പം എൻഡിഎ ഓഫിസിൽനിന്നു പ്രകടനമായാണു പത്രിക സമർപ്പിക്കാൻ കലക്ടറേറ്റിൽ എത്തിയത്. ഭാര്യ ആശ തുഷാർ, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം.പി.സെൻ, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സിനിൽ മുണ്ടപ്പള്ളി എന്നിവർ ഒപ്പമുണ്ടായിരുന്നു. 

ഇന്നലെ ഒരു സെറ്റ് പത്രിക നൽകി. 2 സെറ്റ് പത്രിക കൂടി ഇന്നു നൽകും. എൻഡിഎയ്ക്ക് ഡമ്മി സ്ഥാനാർഥിയായി ആരും പത്രികയില്ല. തുഷാറിന്റെ തിരഞ്ഞെടുപ്പ് പര്യടനം ഇന്ന് ആരംഭിക്കും. രാവിലെ കുറവിലങ്ങാട് മണ്ഡലത്തിലും വൈകിട്ട് വൈക്കം മണ്ഡലത്തിലുമാണു പര്യടനം.

വര നീണ്ടു, പകരംപുതിയ പത്രിക
തോമസ് ചാഴികാടൻ നൽകിയ പത്രികയിൽ ഒരു വര മറ്റൊരു കോളത്തിലേക്ക് കയറിപ്പോയി. ഈ പത്രിക ഒഴിവാക്കി മറ്റൊരു സെറ്റ് നാമനിർദേശ പത്രിക നൽകി പ്രശ്നം പരിഹരിച്ചു.പത്രികയിലെ ഒരു ഫോമിൽ പൂരിപ്പിക്കേണ്ട ഭാഗത്തു വരച്ച വര മറ്റൊരു കോളത്തിലേക്കു കയറിയതാണ് ഒരു പത്രിക ഒഴിവാക്കാൻ കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com