ADVERTISEMENT

പ്ലാച്ചേരി ∙ ക‍ഞ്ചാവ് ചെടികൾ നട്ടുവളർത്തൽ, തെളിവ് നശിപ്പിക്കൽ, പ്രതിയെ സംരക്ഷിക്കൽ, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കൽ, കൃത്യ നിർവഹണത്തിൽ ഗുരുതര വീഴ്ച, വ്യാജ രേഖ ചമയ്ക്കൽ എന്നിങ്ങനെ ഗുരുതര കുറ്റങ്ങളാണു വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കഞ്ചാവ്കൃഷി സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണു 2 പേരെ സസ്പെൻഡ് ചെയ്തതും 6 പേരെ സ്ഥലം മാറ്റിയതും.

അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ
∙ പ്ലാച്ചേരി വനംവകുപ്പ് ഓഫിസിലെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനുള്ളിലും പരിസരങ്ങളിലും റെസ്ക്യു വാച്ചറായ അജേഷ് പി. ബാലകൃഷ്ണൻ കഞ്ചാവ് കൃഷി ചെയ്തു.
∙ മാർച്ച് 12 ന് പ്ലാച്ചേരി റേഞ്ച് ഓഫിസിലെ ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ.എസ്.സജി, ബീറ്റ് വനംവകുപ്പ് ഓഫിസർ സാം കെ. സാമുവൽ എന്നിവർ ഇതു കണ്ടെത്തി.
∙ കഞ്ചാവ് കണ്ടെത്തിയ വിവരം  ഡപ്യൂട്ടി റേഞ്ച് ഓഫിസർ ആർ. അജയ്‌യെ കെ.എസ്.സജി ഫോണിൽ അറിയിച്ചു.
∙അർ. അജയ്, കെ.എസ്. സജി, സാം കെ. സാമുവൽ എന്നിവർ ചേർന്നു കഞ്ചാവ് തൈകൾ നശിപ്പിച്ചു.
∙മാർച്ച് 16 ന് കെ.എസ്. സജി, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സൗമ്യ എസ്. നായർ, രാജിമോൾ, വാച്ചർ രേഖ എന്നിവർ നടത്തിയ തുടർപരിശോധനയിൽ സ്റ്റേഷനു സമീപത്തെ തോടരികിൽ  കഞ്ചാവ് ചെടികൾ കണ്ടെത്തി.
∙ അജയ്‌യുടെ നിർദേശ പ്രകാരം ഇതും പിഴുതു കളഞ്ഞു.
∙ കഞ്ചാവ് ചെടികൾ കണ്ടെത്തിയ വിവരം റേഞ്ച് ഓഫിസർ ബി.ആർ. ജയനെ അറിയിച്ചു. കെ.എസ്. സജി തന്റെ ഫോണിൽ എടുത്ത ചെടികളുടെ ചിത്രങ്ങളും ബി.ആർ. ജയന് അയച്ചു കൊടുത്തു.
∙  കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ റെസ്ക്യു വാച്ചർ അജേഷ് ബാലകൃഷ്ണനെ വിളിച്ചുവരുത്തി ബി.ആർ. ജയൻ മൊഴി എടുക്കുകയും മൊഴി ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.

പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല
പ്ലാച്ചേരി വനംവകുപ്പ് ഓഫിസിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ സംഭവത്തിൽ 2 കേസുകളാണു വനംവകുപ്പ് എടുത്തിട്ടുള്ളത്. ഒരു കേസ് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്നു വനംവകുപ്പ് ഒാഫിസ് ഉപരോധിച്ചതിനാണ്.  ഉപരോധത്തിനിടെ , നാട്ടുകാരനായ ജോജി സൈമൺ വനം വകുപ്പ് ഓഫിസ് പരിസരത്തുനിന്നു ലഭിച്ചതാണെന്നു കാണിച്ച് ഒരു പ്ലാസ്റ്റിക് കവറിൽ കഞ്ചാവ് ചെടി പൊലീസിനു കൈമാറിയ സംഭവത്തിലാണ് രണ്ടാമത്തെ കേസ്. കഞ്ചാവ് കൃഷി നടത്തിയതുമായി ബന്ധപ്പെട്ട് എൻഡിപിഎസ് ആക്ട് പ്രകാരമാണ് കേസ് എടുത്തതെങ്കിലും സംഭവം നടന്നു 15 ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് നിലപാട്.

എക്സൈസ് കേസ് എടുത്തിട്ടില്ല
എൻഡിപിഎസ് വകുപ്പ് പ്രകാരം കേസ് എടുക്കാൻ ചുമതലപ്പെട്ടവരാണു വനംവകുപ്പ് ഉദ്യോഗസ്ഥരെന്നു എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ വി.എ. പ്രദീപ് പറഞ്ഞു. വനംവകുപ്പ് അധികൃതരാണു കേസ് എടുക്കേണ്ടത്. ആദ്യ ഘട്ടത്തിൽ റേഞ്ച് ഓഫിസറുടെ അന്വേഷണ റിപ്പോർട്ട് എക്സൈസിന് ലഭിച്ചിരുന്നു. പൊൻകുന്നം സിഐ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറി. വനംവകുപ്പിന്റെ ഓഫിസ് വളപ്പിലാണു കഞ്ചാവ്  കണ്ടെത്തിയത് എന്നതിനാൽ വനംവകുപ്പാണ് തുടർനടപടിയും സ്വീകരിക്കേണ്ടത്.

കേസ് ഗൗരവമുള്ളത്
സ്വകാര്യ പുരയിടത്തിലാണു കഞ്ചാവ്ചെടി വളർത്തിയതെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനു അതു കൃഷിചെയ്തവരെ കണ്ടെത്തി പ്രതി ചേർക്കാം. സ്ഥലം ഉടമ അറിയാതെയാണു പുരയിടത്തിൽ പ്രതികൾ അബ്കാരി കുറ്റകൃത്യം നടത്തുന്നതെങ്കിൽ ആദ്യം മുന്നറിയിപ്പ് നൽകാം. വീണ്ടും തുടർന്നാൽ ഇതിനുള്ള സാഹചര്യം പുരയിടത്തിൽ സൃഷ്ടിച്ചതിനു ഉടമയ്ക്ക് എതിരെ 25000 രൂപ പിഴശിക്ഷയുള്ള കുറ്റം ചുമത്താം.  കഞ്ചാവ് നട്ടുവളർത്തിയാൽ ഒരു വർഷം തടവും 10 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാം.

ഉദ്യോഗസ്ഥരുടെ വീഴ്ചകൾ:വിജിലൻസ് കണ്ടെത്തൽ
ബി.ആർ. ജയൻ (മുൻ റേഞ്ച് ഓഫിസർ എരുമേലി )
∙ റേഞ്ച് ഓഫിസർ പ്ലാച്ചേരി ഓഫിസിൽ എത്തി കഞ്ചാവ് ചെടികൾ ഉണ്ടോ എന്നു പരിശോധിച്ചെങ്കിലും ഗുരുതരമായ  കുറ്റകൃത്യത്തിൽ സ്വീകരിക്കേണ്ട നിയമ നടപടികൾ സ്വീകരിച്ചില്ല.
∙ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ അജേഷ് ബാലകൃഷ്ണനെ വിളിച്ചു വരുത്തി മൊഴി ഫോണിൽ ചിത്രീകരിച്ചു. അയാളുടെ കയ്യിൽ നിന്ന് വെള്ളപ്പേപ്പറിൽ ഒപ്പിട്ടുവാങ്ങി ഇഷ്ടപ്രകാരം എഴുതിച്ചേർത്തു.
∙ വസ്തുതാപരമായി റിപ്പോർട്ട് തയാറാക്കി ഔദ്യോഗിക രേഖകളിൽ കൃത്രിമം കാട്ടി.
∙എൻഡിപിഎസ് പ്രകാരമുള്ള കുറ്റകൃത്യം കണ്ടെത്തിയിട്ടും സ്വന്തം ഇഷ്ടപ്രകാരം വഴിതിരിച്ചുവിട്ടു. വനംവകുപ്പ് റെസ്ക്യൂ വാച്ചറിന്റെ മൊഴി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു വനംവകുപ്പിനു പൊതുജന മധ്യത്തിൽ കളങ്കമുണ്ടാക്കി.

ആർ. അജയ് (ഡപ്യൂട്ടി റേഞ്ച് ഓഫിസർ പ്ലാച്ചേരി)
∙ കഞ്ചാവ് ചെടികൾ വളർത്തിയ വിവരം ജീവനക്കാർ യഥാസമയം അറിയിച്ചെങ്കിലും നടപടി എടുക്കേണ്ട ഉദ്യോഗസ്ഥനായ ആർ. അജയ് ഗൗരവമായി കണ്ട് എൻഡിപിഎസ് നിയമ നടപടികൾ സ്വീകരിച്ചില്ല.
∙ കഞ്ചാവ് ചെടികൾ പിഴുതുകളയാൻ നിർദ്ദേശിച്ചതുവഴി തെളിവ് നശിപ്പിക്കുവാൻ ശ്രമിച്ചു.
∙ പ്രതിയെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായിട്ടും  ചോദ്യം ചെയ്യാനോ നിയമ നടപടി സ്വീകരിക്കുവാനോ തയാറാകാതെ പ്രതിയെ സംരക്ഷിക്കുവാൻ ശ്രമിച്ചു.
∙ സ്റ്റേഷന്റെ പരിസരം വ്യക്തമായി പരിശോധിച്ചിട്ടില്ല.
∙ സംഭവം മൂടി വയ്ക്കാൻ ശ്രമിച്ചു.
∙അന്വേഷണം ബോധപൂർവം വഴിതെറ്റിക്കാൻ ശ്രമിച്ചു.
∙ഫ്ലയിങ് സ്ക്വാഡിനു കളവായി മൊഴി നൽകി.

മറ്റ് 6 ഉദ്യോഗസ്ഥർ
∙ വനം വകുപ്പ്് ഓഫിസ് വളപ്പിലെ പൊളിഞ്ഞ കെട്ടിടത്തിന്റെ പിന്നിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയതു കണ്ടെത്തിയെങ്കിലും നിയമപരമായി തുടർ നടപടി സ്വീകരിക്കാതെ കഞ്ചാവ് തൈകൾ നശിപ്പിച്ചു തെളിവു നശിപ്പിച്ചു.
∙ തങ്ങളുടെ അധികാര പരിധിയിലുണ്ടായ കുറ്റകൃത്യം തടയുന്നതിനും യഥാസമയം നിയമ നടപടികൾ സ്വീകരിക്കുന്നതിലും വീഴ്ച വരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com