പൈപ്പിലെ കാറ്റിനും ബില്ല്; ഭീമമായ ബിൽ കിട്ടിയവർ എന്ത് ചെയ്യണം? അധികൃതർ പറയുന്നത് ഇങ്ങനെ

Mail This Article
കോട്ടയം ∙ വീടുകളിലെ പുതിയ പൈപ് കണക്‌ഷനുകളിൽ ജലജീവൻ മിഷൻ വെള്ളം നൽകിത്തുടങ്ങിയില്ല. പക്ഷേ, നാടൊട്ടുക്ക് വീട്ടുകാർക്ക് വെള്ളത്തിന്റെ ചാർജ് അടയ്ക്കാൻ നോട്ടിസ്. 500 മുതൽ 1000 രൂപ വരെ ബിൽ തുക അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് ജല അതോറിറ്റിയുടെ സന്ദേശം മൊബൈൽ ഫോണുകളിൽ എത്തുന്നത്. കണക്‌ഷൻ ലഭിക്കുന്നതു മുതൽ വീട്ടുകാർ ഗുണഭോക്താവാണെന്നും അതിനാൽ കംപ്യൂട്ടറിൽ ബിൽ കണക്കാക്കി സന്ദേശം തനിയെ വരുമെന്നുമാണ് അധികൃതരുടെ വിശദീകരണം. ഒരു വീട്ടിൽ 5000 ലീറ്റർ വെള്ളം ഉപയോഗിച്ചാൽ മാസം 72 രൂപയാണ് മിനിമം ചാർജ്. എന്നാൽ ഒരു തുള്ളി പോലും ഉപയോഗിക്കാത്തവർക്കുപോലും ഭീമമായ ബിൽ ലഭിക്കുന്നെന്നാണ് പരാതി.

ജില്ലയിൽ ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും ജലജീവൻ മിഷന്റെ പൈപ്പിടൽ പൂർത്തിയായി വരികയാണ്. നഗരസഭയിൽ അമൃത് പദ്ധതിയാണ്. കണക്‌ഷൻ നൽകുന്നതോടെ വീട്ടുകാരുടെ വിവരങ്ങളും ശേഖരിക്കും. വീട്ടിൽ സ്ഥിരമായി താമസിക്കുന്നവർ എത്ര പേരാണ്, അതിഥികൾ വരാറുണ്ടോ, വീട്ടാവശ്യത്തിനല്ലാതെ വെള്ളം ഉപയോഗിക്കുന്നുണ്ടോ ഇതെല്ലാമാണ് അന്വേഷണ പരിധിയിൽ വരുന്നത്. എന്നാൽ വാട്ടർ മീറ്ററിന്റെ കണക്ക് നോക്കി ചാർജ് നിശ്ചയിച്ചാൽ പോരേയെന്നാണ് വീട്ടുകാരുടെ ചോദ്യം. വെള്ളം ഇല്ലാത്തപ്പോൾ മീറ്റർ പ്രവർത്തിക്കുമോയെന്ന ചോദ്യത്തിനും മറുപടിയില്ല.
ഭീമമായ ബിൽ കിട്ടിയവർ എന്ത് ചെയ്യണം ?അധികൃതർ പറയുന്നത് ഇങ്ങനെ:
ജലജീവൻ / അമൃത് പദ്ധതിയിൽ പുതിയ പൈപ് കണക്‌ഷൻ ലഭിച്ചവരിൽ വെള്ളം കിട്ടാതെ ബിൽ ലഭിച്ച വീട്ടുകാർ തൊട്ടടുത്തുള്ള ജല അതോറിറ്റി ഓഫിസിൽ അപേക്ഷ നൽകണം. ബിൽ ഒഴിവാക്കി നൽകും. വെള്ളം ഉപയോഗിച്ച് തുടങ്ങുന്നതു മുതൽ ബിൽ ലഭിക്കുന്ന സംവിധാനം ഏർപ്പെടുത്തും.