ADVERTISEMENT

ഓട്ടോറിക്ഷയിൽ ഫ്രാൻസിസ് ജോർജിന്റെ റോഡ് ഷോ 
കോട്ടയം ∙ തിരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷയിൽ റോഡ് ഷോ നടത്തി യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്. തുറന്ന ഓട്ടോറിക്ഷയിൽ സഞ്ചരിച്ച ഫ്രാൻസിസ് ജോർജിനൊപ്പം ഓട്ടോറിക്ഷകളിൽ ഓട്ടോ തൊഴിലാളികളും ഒപ്പം ചേർന്നു. യുഡിഎഫ് കേന്ദ്ര ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ റോഡ് ഷോ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ് ജോസഫ് അധ്യക്ഷത വഹിച്ചു. മോട്ടർ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ടോണി തോമസ്, നന്തിയോട് ബഷീർ, ജെ.ജി.പാലയ്ക്കലോടി, എ.കെ.ജോസഫ് എന്നിവർ നേതൃത്വം നൽകി. ഏറ്റുമാനൂരിൽ എത്തി റോഡ് ഷോ സമാപിച്ചു.

എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ വിജയപുരം 
പഞ്ചായത്തിൽ പര്യടനത്തിനിടെ കുട്ടികൾക്കൊപ്പം.
എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ വിജയപുരം പഞ്ചായത്തിൽ പര്യടനത്തിനിടെ കുട്ടികൾക്കൊപ്പം.

വിജയപുരം, പനച്ചിക്കാട് പഞ്ചായത്തുകളിൽ ചാഴികാടൻ
കോട്ടയം ∙ വിജയപുരം, പനച്ചിക്കാട് പഞ്ചായത്തുകളിൽ വോട്ട് അഭ്യർഥിച്ച് എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ. പനച്ചിക്കാട് പഞ്ചായത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പര്യടനത്തിൽ തോമസ് ചാഴികാടനൊപ്പം പങ്കെടുത്തു. വിജയപുരം പഞ്ചായത്തിലെ മാലിയിൽ സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസൽ പര്യടനം ഉദ്ഘാടനം ചെയ്തു. പനച്ചിക്കാട് പഞ്ചായത്തിലെ സായിപ്പുകവലയിൽ പര്യടനം സമാപിച്ചു. എം.കെ.പ്രഭാകരൻ, ടി.സി.ബിനോയ്, ജോജി കുറത്തിയാടൻ എന്നിവർ പര്യടന പരിപാടിക്ക് നേതൃത്വം നൽകി.

തോമസ് ചാഴികാടന്റെ പിറവം മണ്ഡലത്തിലെ രണ്ടാം ഘട്ട പൊതു പര്യടനം ഇന്ന്  രാവിലെ 7.30ന് ഇലഞ്ഞി പഞ്ചായത്തിലെ ആലപുരം മടുക്കയിൽ നിന്ന് ആരംഭിക്കും. സിപിഐ ജില്ലാ സെക്രട്ടറി കെ.എം.ദിനകരൻ ഉദ്ഘാടനം ചെയ്യും. പിറവം, കൂത്താട്ടുകുളം നഗരസഭ പ്രദേശങ്ങളിലും പാമ്പാക്കുട, തിരുമാറാടി പഞ്ചായത്തുകളിലും ഇന്ന് പര്യടനം നടത്തും.

എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി ഇറഞ്ഞാൽ ഭാഗത്ത് പ്രചാരണത്തിനിടെ.
എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി ഇറഞ്ഞാൽ ഭാഗത്ത് പ്രചാരണത്തിനിടെ.

തുഷാർ വെള്ളാപ്പള്ളി രണ്ടാംഘട്ട പര്യടനത്തിൽ
കോട്ടയം ∙ കോട്ടയം മണ്ഡലത്തിൽ രണ്ടാം ഘട്ട പര്യടനം നടത്തി എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. ഇറഞ്ഞാലിൽ നിന്ന് ആരംഭിച്ച പര്യടനം ബിജെപി സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു. തുടർന്ന് വടവാതൂർ, കളത്തിപ്പടി, മന്ദിരം, കളത്തിക്കടവ്, നാൽക്കവല, പനച്ചിക്കാട് എന്നിവിടങ്ങളിൽ എത്തി വോട്ട് അഭ്യർഥിച്ചു. പരുത്തുംപാറയിൽ എത്തി പര്യടനം സമാപിച്ചു. അഭിഭാഷക പരിഷത്തിന്റെ നേതൃത്വത്തിൽ തുഷാർ വെള്ളാപ്പള്ളിക്കായി പ്രചാരണം നടത്തി.

പോളിങ്ബൂത്ത് മാറ്റി
കോട്ടയം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തി നിയമസഭ മണ്ഡലത്തിലെ 25-ാം നമ്പർ പോളിങ് ബൂത്ത് വാഴേമേപ്പുറം അങ്കണവാടിയിലേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. നേരത്തെ പോളിങ് ബൂത്തായി നിശ്ചയിച്ചിരുന്ന കുടുംബക്ഷേമ കേന്ദ്രം പ്രകൃതിക്ഷോഭത്തിൽ മരം വീണു തകർന്നതിനെത്തുടർന്നാണ് പുതിയ ബൂത്ത് അനുവദിച്ചത്.

തൊഴിലുറപ്പ് തൊഴിലാളികൾ ഇടതു സ്ഥാനാർഥിയുടെ പ്രചാരണത്തിന് വിജയപുരം പഞ്ചായത്തിൽ വിവാദം 
കോട്ടയം ∙ സൈറ്റിൽ എത്തി ജോലിക്ക് കയറിയെന്നു കാണിച്ച് ഫോട്ടോ എടുത്തശേഷം ഇടതു സ്ഥാനാർഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്കു മേറ്റിന്റെ  (മേൽനോട്ടക്കാരി) നിർദേശം. വിജയപുരം പഞ്ചായത്ത് 9ാം വാർഡിലാണു തൊഴിലുറപ്പ് തൊഴിലാളികൾക്കു നിർദേശമായി മേറ്റിന്റെ ശബ്ദസന്ദേശം ലഭിച്ചത്. രാവിലെ പണിക്കിറങ്ങേണ്ടതില്ലെന്നും സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് ഉച്ചയ്ക്കു ശേഷം ജോലിക്കിറങ്ങിയാൽ മതിയെന്നും വാർഡ് മെംബറാണ് ഇക്കാര്യം തന്നോട് നിർദേശിച്ചിരിക്കുന്നതെന്നും സന്ദേശത്തിൽ പറയുന്നു.

ഒൻപതാം വാർഡ് അംഗം പി.ടി ബിജു സിപിഎം പ്രതിനിധിയാണ്. താൻ ഇത്തരത്തിൽ നിർദേശം മേറ്റിനു നൽകിയിട്ടില്ലെന്നു പഞ്ചായത്തംഗം ബിജു പറഞ്ഞു. ഇതിൽ ഗൂഢാലോചന സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു ശബ്ദ സന്ദേശമെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി.സോമൻകുട്ടി ആരോപിച്ചു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ കൈതയിൽ ജില്ലാ കലക്ടർക്കു പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com