ADVERTISEMENT

കോട്ടയം ∙ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ച് ബോൺസായി കണിക്കൊന്ന പൂത്ത സന്തോഷത്തിലാണു ബിജു ജോസഫ്. എന്നാൽ കണക്കു തെറ്റി പൂത്തതിനാൽ വിഷുദിനത്തിൽ നല്ല കണി നഷ്ടമായ നിരാശയുമുണ്ട് അദ്ദേഹത്തിന്.   ബോൺസായിച്ചെടികൾ വളർത്തിയെടുക്കുന്നത് ഇഷ്ടപ്പെടുന്ന താഴത്തുവടകര ഇലഞ്ഞിപ്പുറത്ത് വീട്ടിൽ ബിജു ജോസഫിന്റെ 11 വർഷത്തെ കാത്തിരിപ്പാണു കഴിഞ്ഞ  മാസം സഫലമായത്. കഴിഞ്ഞ തിങ്കളാഴ്ച അന്തരിച്ച മാതാവ് ഏലിക്കുട്ടിക്കും ആ കാഴ്ച കാണാൻ കഴിഞ്ഞെന്നു ബിജു പറഞ്ഞു. 

രണ്ടടിയോളം പൊക്കമുള്ള ബോൺസായി കണിക്കൊന്നയിൽ നിറയെ പൂക്കളുണ്ടായി.  ബോൺസായി ആയി വളർത്താൻ ഏറെ പ്രയാസമുള്ള മരമാണു കണിക്കൊന്ന. പറമ്പിൽ നിന്നു കിട്ടിയ കണിക്കൊന്ന പരീക്ഷണാർഥം 11 വർഷം മുൻപു വളർത്തിയെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം അതു പൂക്കുന്നതിന്റെ ലക്ഷണം കാട്ടി. ഇത്തവണ നിറയെ പൂക്കളായി. എന്നാൽ കഴിഞ്ഞ ദിവസം പൂക്കളെല്ലാം വാടിക്കൊഴിഞ്ഞു. 

തിരുവല്ലയിൽ സ്വകാര്യ ബാങ്കിൽ ഉദ്യോഗസ്ഥനായ ബിജുവിന്റെ പഠനകാലത്ത് എസ്ബി കോളജിൽ നടന്ന ഒരു പ്രദർശനമാണു മരങ്ങളെ ബോൺസായി ആക്കി വളർത്തുന്നതിനു പ്രചോദനമായത്. പിന്നീടു കോട്ടയത്തു നടന്ന പുഷ്പമേളയിൽ ബോൺസായി വിദഗ്ധനായ ഡി.രവീന്ദ്രനെ കണ്ടതും വഴിത്തിരിവായി. 64 മരങ്ങൾ ബോൺസായിയായി വളർത്തിയിട്ടുണ്ട്. 40 വയസ്സുള്ള കുഞ്ഞൻ ബൊഗെയ്ൻവില്ല, അഡീനിയം, മാൽപീജിയ, വിവിധ തരം ആലുകൾ ഇവയെല്ലാം വളർത്തുന്നുണ്ട്. ഇവയുടെ പരിപാലനത്തിനു ഭാര്യ ലിറ്റി ജോസഫും 3 മക്കളും സഹായിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com