ADVERTISEMENT

പൂഞ്ഞാർ മണ്ഡലത്തിലെ കയറ്റിറക്കമുള്ള വഴികളിലൂടെ പ്രചാരണ വാഹനത്തിൽ അനിൽ കെ.ആന്റണി മുന്നോട്ടു നീങ്ങുന്നു. പര്യടനം കണ്ടാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് അനിൽ പ്രചാരണം നടത്തുന്നതെന്നു തോന്നിപ്പോകും.  മുന്നിൽ പോകുന്ന അനൗൺസ്മെന്റ് വാഹനത്തിൽ നിന്ന് ഇടയ്ക്കിടയ്ക്ക് ‘മോദിയുടെ ഗാരന്റി’ എന്ന നരേന്ദ്ര മോദിയുടെ ശബ്ദം മുഴങ്ങുന്നു. വഴിയോരത്തു നിറഞ്ഞുനിൽക്കുന്ന പോസ്റ്ററുകളിൽ അനിലിന്റെ ചിത്രത്തിനൊപ്പം അതേ പ്രാധാന്യത്തിൽ നരേന്ദ്ര മോദിയുടെ ചിത്രവും.

അനിലിന്റെ അഭ്യർഥനയും ഒന്നു മാത്രം- ‘ഇക്കുറി നാനൂറിലധികം സീറ്റോടെ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരും. 400ൽ ഒന്നു പത്തനംതിട്ടയാകാൻ നിങ്ങൾ എന്റെ കൂടെ നിൽക്കണം’. പൂഞ്ഞാർ മണ്ഡലത്തിലെ തീക്കോയിയിൽ നിന്നാണ് ഇന്നലെ പത്തനംതിട്ട ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണി പര്യടനം ആരംഭിച്ചത്.  തീക്കോയിയിൽ മുൻ എംഎൽഎ പി.സി.ജോർജ് പ്രചാരണം ഉദ്ഘാടനം ചെയ്തു. എംപിയായി അനിൽ വീണ്ടും ഇവിടേക്കു കടന്നുവരുമെന്നു പി.സി.ജോർജിന്റെ ഉറപ്പ്.

പ്രചാരണവാഹനത്തിൽ അനിലിനൊപ്പം ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജും. ഇടയ്ക്കു പ്രചാരണവാഹനവ്യൂഹത്തിന്റെ യാത്രയിൽ ആശയക്കുഴപ്പമുണ്ടായപ്പോൾ റോഡിലിറങ്ങി ഷോൺ നിർദേശങ്ങൾ നൽകി. ഇരുവശത്തും വ്യാപാര സ്ഥാപനങ്ങൾ വന്നതോടെ ഇരുകൈകളും വീശി അനിൽ മുന്നോട്ട്. നടയ്ക്കലും അരുവിത്തുറയും ഈരാറ്റുപേട്ടയും പനച്ചികപ്പാറയും പിന്നിട്ട് പ്രചാരണം പൂഞ്ഞാർ ടൗണിൽ എത്തിയപ്പോൾ പ്രദേശത്തെ എൻഡിഎ പ്രവർത്തകർക്ക് ഒരു ആവശ്യം. പൂഞ്ഞാറിലെ എൻഡിഎ തിരഞ്ഞെടുപ്പ് ഓഫിസ് ഉദ്ഘാടനം ചെയ്യണം.

പ്രവർത്തകർ വേഗത്തിൽ നാട കെട്ടി. ഉടൻ സ്ഥാനാർഥിയെത്തി നാട മുറിച്ച് ഉദ്ഘാടനം. ൈക കൂപ്പി മടക്കം.അനിൽ ആന്റണിയുടെ നീക്കങ്ങളിൽ എല്ലാം ഈ ചടുലതയുണ്ട്. പ്രചാരണവാഹനത്തിൽ നിന്ന് ഓടിയിറങ്ങും. വേഗത്തിൽ കൈവീശും. സംസാരിക്കുന്നതിനും ഇതേ വേഗം. വഴിയിലൂടെ പോകുന്ന ഒരാളെയും മിസ്സാക്കാതെ കൈവീശിക്കാണിക്കൽ.തീക്കോയിയിൽ നിന്ന് ആരംഭിച്ച പ്രചാരണം പൂഞ്ഞാർ കഴിഞ്ഞപ്പോഴേക്കും ഷോൺ പറഞ്ഞു: ‘തീക്കോയിയിൽ നിന്നു തുടങ്ങിയപ്പോൾ താമസിച്ചു. ഇപ്പോൾ സമയം നമ്മൾ ഓടിപ്പിടിച്ചിട്ടുണ്ട്. പ്രചാരണം കൃത്യസമയം പാലിക്കുന്നു’. ‌‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com