ADVERTISEMENT

എരുമേലി ∙ വേനൽ മുക്കൂട്ടുതറ ടൗണിനു സമീപം കനത്ത വെള്ളക്കെട്ട്, സപ്ലൈകോയിൽ അടക്കം 3 കടകളിൽ വെള്ളം കയറി. മുക്കൂട്ടുതറ – പമ്പാവാലി ശബരിമല സമാന്തര ഹൈവേയിലെ ഇടകടത്തി റോഡിൽ ആണ് മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. സമീപമുള്ള പുരയിടം മണ്ണിട്ടുയർത്തിയതാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. സപ്ലൈകോ, എൻജിനീയറിങ് വർക്ക്ഷോപ്പ്, സ്റ്റേഷനറിക്കട എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. റോഡിൽ ഈ ഭാഗത്ത് ഓടയോ കലുങ്കോ ഇല്ല. താഴ്ന്നു കിടന്ന പുരയിടത്തിലേക്കാണ് മഴവെള്ളം ഒഴുകിയിരുന്നത്.

എന്നാൽ ഏതാനും മാസങ്ങൾക്ക് മുൻപ് പുരയിടം ഉടമ മണ്ണിട്ടുയർത്തിയതോടെ വെള്ളം ഒഴുകാതെ റോഡിൽ കെട്ടിക്കിടക്കുകയും സമീപത്തെ കടകളിലേക്ക് കയറുകയും ആയിരുന്നു. വാഹനങ്ങൾ കടന്നു പോകുമ്പോൾ പരിസരമാകെ ചെളിവെള്ളം തെറിക്കും. കാൽനട യാത്രക്കാർക്കുപോലും ഇതുവഴി കടന്നുപോകുന്നതിനു ബുദ്ധിമുട്ടാണ്. വെള്ളക്കെട്ടു മൂലം റോഡിൽ കുഴി രൂപപ്പെട്ടതായും ഇവിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതായും വ്യാപാരികൾ പറയുന്നു.

ശബരിമല റോഡിന്റെ പ്രധാന സമാന്തര പാതശബരിമല പാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്ന എരുത്വാപ്പുഴ– കണമല റോഡിൽ ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ തീർഥാടക വാഹനങ്ങൾ ഒറ്റവരിയായി വഴി തിരിച്ചുവിടുന്നത് ഇടകടത്തി റോഡിലൂടെയാണ്. ഈ റോഡിലാണ് ഇപ്പോൾ വെള്ളക്കെട്ട് രൂക്ഷമായത്. കഴിഞ്ഞ രണ്ട് ദിവസം പെയ്ത കനത്ത മഴയിലും റോഡിൽ മുട്ടറ്റം വെള്ളം കയറി. ജലം സുഗമമായി ഒഴുകുന്നതിനു ഓട നിർമിക്കുകയോ കലുങ്ക് നിർമിക്കുകയോ ചെയ്താൽ മാത്രമേ ശാശ്വത പരിഹാരം ആകുകയുള്ളുവെന്നു വ്യാപാരികളും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com