ADVERTISEMENT

ളാക്കാട്ടൂർ ∙ വൈദ്യുതി ക്ഷാമം രൂക്ഷമാണ്, അനാവശ്യമായ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. എന്നാൽ തെരുവ് വിളക്കുകൾക്ക് ഇതൊന്നും ബാധകമല്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം. മണ്ണനാൽ തോട് ജംക്‌ഷൻ മുതൽ മങ്കോട്ടു കാവുങ്കൽ, കുളത്തുങ്കൽക്കവല വരെയുമുള്ള പ്രദേശങ്ങളിൽ മൂന്നു ദിവസമായി തെരുവ് വിളക്കുകൾക്ക് ഉറക്കമില്ല. രാവിലെയും വൈകിട്ടും 24 മണിക്കൂർ ഡ്യൂട്ടിയിലാണു വഴിവിളക്കുകൾ. 15നു വൈകിട്ട് ഇട്ട ലൈറ്റ് ഓഫാക്കിയതു ഇന്നലെ രാവിലെ 10.30ന്.

ഒറ്റ ഫ്യൂസിൽ നിന്നാണ് പ്രദേശത്തെ വഴിവിളക്കുകൾ തെളിയുന്നത്. എന്നാൽ ഫ്യൂസ് കുത്തുന്നത് ആരാണെന്നുള്ള വിവരം നാട്ടുകാർക്ക് അറിയില്ല. അതിനാൽതന്നെ, വൈദ്യുതി ദൗർലഭ്യം നിലനിൽക്കുമ്പോൾ പകലും വെളിച്ചം പാഴാക്കി കളഞ്ഞതിന്റെ ഉത്തരവാദിത്തം പഞ്ചായത്തിനാണോ കെഎസ്ഇബിക്ക് ആണോയെന്ന സംശയമാണ് അവശേഷിക്കുന്നത്. 16നു രാവിലെ മുതൽ ബൾബുകൾ അണയാത്തതു കണ്ടപ്പോൾ നാട്ടുകാർ കരുതിയത് ബൾബുകൾ കത്തുന്നുണ്ടോയെന്നു പരിശോധിക്കുകയാണെന്നാണ്. എന്നാൽ പിന്നീടാണ് വഴിവിളക്കുകൾ കെടുത്താത്തതാണെന്നു അറിയുന്നത്.

അതേസമയം, മണ്ണനാൽതോടിലെ പൗരസമിതി കെട്ടിടത്തിൽ പുതിയതായി അനുവദിച്ച പോളിങ് സ്റ്റേഷനു സമീപമുള്ള തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ലെന്നു കൂരോപ്പട പഞ്ചായത്തു പ്രസിഡന്റ്, വാർഡ് മെംബർ, ഇലക്ട്രിസിറ്റി ബോർഡ് എന്നിവരെ അറിയിച്ചെങ്കിലും നടപടി എങ്ങുമെത്തിയിട്ടില്ല. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് അധികൃതരുടെ മറുപടി. ഒരു സ്ഥലത്തു വൈദ്യുതി പാഴാക്കുകയും മറ്റൊരിടത്ത് ഇരുട്ടിൽ കഴിയേണ്ട ഗതികേടുമാണ് ജനങ്ങൾക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com