ADVERTISEMENT

കോട്ടയം ∙ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ കോട്ടയം ജില്ല ഇളക്കി മറിക്കാൻ താരപ്പട. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ജില്ലയിൽ എത്തി. ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും 19ന് എത്തും. ബൃന്ദ കാരാട്ട്, കർണാടക മന്ത്രി കെ.ജെ.ജോർജ് എന്നിവരും വരും ദിവസങ്ങളിൽ എത്തും.

കോട്ടയം ∙ കോട്ടയം യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജില്ലയിൽ എത്തി. 2021 മാർച്ചിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ജില്ലയിൽ എത്തിയിരുന്നു. കോട്ടയം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാലാ, കടുത്തുരുത്തി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിലാണ് അന്ന് രാഹുൽ പങ്കെടുത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു അന്ന് യാത്രയിൽ രാഹുലിന് ഒപ്പം ഉണ്ടായിരുന്നത്.

പിന്നീട് ഒരിക്കൽ കൂടി രാഹുൽ ഗാന്ധി ജില്ലയിൽ എത്തി. 2023ൽ. ഉമ്മൻ ചാണ്ടിയുടെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ. പുതുപ്പള്ളി പള്ളിയിൽ‌ രാത്രി വൈകി നടന്ന സംസ്കാര ശുശ്രൂഷയിൽ പങ്കാളിയായ ശേഷമാണ് അന്ന് രാഹുൽ മടങ്ങിയത്.

ജെ.പി.നഡ്ഡയും സുഭാഷിണി അലിയും നാളെ
പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിക്കു വോട്ട് അഭ്യർഥിച്ച് ഇന്നു കാഞ്ഞിരപ്പള്ളി ആനത്താനം ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രസംഗിക്കും. രാവിലെ 10നാണു സമ്മേളനം. കോട്ടയം ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണാർഥം ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ നാളെ വൈകിട്ട് കോട്ടയത്ത് റോഡ് ഷോ നടത്തും. വൈകിട്ട് 3ന് കലക്ടറേറ്റ് ജംക്‌ഷൻ മുതൽ ഗാന്ധി സ്ക്വയർ വരെയാണു നഡ്ഡ പങ്കെടുക്കുന്ന റോഡ്ഷോ. തുടർന്ന് തിരുനക്കര മൈതാനിയിൽ പ്രസംഗിക്കും.

എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി നാളെ രാവിലെ 10.30ന് കുമരകത്തും വൈകിട്ട് 3ന് കുടമാളൂരിലും 5ന് നാട്ടകത്തും പ്രസംഗിക്കും. യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് വോട്ട് അഭ്യർഥിച്ച് 20ന് വൈകിട്ട് 5ന് കർണാടക മന്ത്രി കെ.ജെ.ജോർജ് പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനത്ത് പ്രസംഗിക്കും.  22ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പൊൻകുന്നം രാജേന്ദ്ര മൈതാനത്തു നടക്കുന്ന സമ്മേളനത്തിൽ പ്രസംഗിക്കും. ‌സംസ്ഥാനത്തെ വിവിധ മന്ത്രിമാരും വിവിധ കുടുംബയോഗങ്ങളിലും പൊതുസമ്മേളനങ്ങളിലും വരുംദിവസങ്ങളിൽ എത്തും. ഇതിന്റെ ഷെഡ്യൂൾ അടുത്തദിവസം തയാറാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com