ADVERTISEMENT

“വോട്ടിങ് യന്ത്രത്തിൽ ആറാമത്തെ പേരാണ് ഞങ്ങളുടെ സ്ഥാനാർഥിയുടേത്. പക്ഷേ വോട്ട് എണ്ണിക്കഴിയുമ്പോൾ ഒന്നാമതാവും”-അതിരമ്പുഴ പഞ്ചായത്തിലെ സീയോൻ ജംക്‌ഷനിൽ നിന്നിരുന്ന തോമസ് ചേട്ടന് സംശയമില്ല. കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന്റെ ഉച്ചകഴിഞ്ഞുള്ള മണ്ഡലപര്യടനം അവിടെയാണ് ആരംഭിച്ചത്. സ്ഥാനാർഥിയുടെ വരവറിയിച്ച് പ്രസംഗങ്ങളും അനൗൺസ്മെന്റും മുഴങ്ങി. 

സ്ഥാനാർഥി എത്തിയപ്പോഴേക്കും പ്രവർത്തകർക്കും കൂടി നിന്നിരുന്നവർക്കും ആവേശം. ഖദർ ഷാളുകൾ അണിയിച്ച് സ്വീകരണം. തുടർന്ന് സ്ഥാനാർഥിയുടെ മറുപടി പ്രസംഗം. സ്ഥാനാർഥിയുടെ സ്വഭാവം പോലെ വലിയ ബഹളങ്ങളോ അമിതാവേശമോ ഇല്ലാതെ കാര്യങ്ങളുടെ ലഘുവായ വിവരണം. ഇന്ത്യ മുന്നണിയുടെ പ്രകടനപത്രികയിൽ ഊന്നിയുള്ള കാര്യങ്ങളാണ് പറഞ്ഞത്. “26ന് പോളിങ് ബൂത്തിലെത്തുമ്പോൾ ഓർക്കണം.

ഓട്ടോയാണ് ചിഹ്നം, ആറാമതാണ് പേര്”-ഈ ഓർമപ്പെടുത്തലോടെ പ്രസംഗം അവസാനിപ്പിച്ച് വീണ്ടും പര്യടനവാഹനത്തിലേക്ക്. കാട്ടാത്തി ജംക്‌ഷനിലൂടെ ആനമലയിലേക്കാണ് സംഘം നീങ്ങിയത്. ചിഹ്നമായ ഓട്ടോറിക്ഷകൾ മൂന്നിലേറ എപ്പോഴും സംഘത്തിലുണ്ട്. സ്ഥാനാർഥിയെ കാണാനായി ചില വീടുകളുടെ വാതിലിലേക്കും വെളിയിലേക്കും ആളുകൾ ഓടി എത്തി. വേദഗിരി കെഎസ്ഇക്കു മുന്നിൽ ചെറുസ്വീകരണം. തൊഴിലാളികളുടെ പ്രശ്നങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന് സ്ഥാനാർഥിയുടെ ഉറപ്പ്.

പാറേമാക്കൽ ജംക്‌ഷനിലേക്ക് സംഘം എത്തിയപ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കൂടി നിന്നവർക്ക് വളരെ സന്തോഷം. അവിടെയും ചിഹ്നവും സ്ഥാനവും ഓർമപ്പെടുത്തി സ്ഥാനാർഥിയുടെ ചെറുപ്രസംഗം. വീണ്ടും സംഘം മുന്നോട്ട്. അപ്പോഴേക്കും ഓട്ടോകളുടെ എണ്ണം പെരുകി പത്തിലധികമായി. അപ്പോഴതാ വാഹനവ്യൂഹം കടന്നു പോകുന്നതിന്റെ ചിത്രീകരണത്തിന് തിരഞ്ഞെടുപ്പ് പരിശോധനാ സംഘം.

കുറുമള്ളൂരിലേക്ക് എത്തുന്ന വഴിയിൽ ചിലയിടത്ത് കപ്പ നട്ടിരിക്കുന്നു. വേനൽമഴ പ്രതീക്ഷിച്ചാണ്. വോട്ടുമഴ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർഥിയും. കുറുമുള്ളൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ കുരിശടിക്കു സമീപം സംഘമെത്തി. കുരിശടിക്കു സമീപം സ്വീകരിക്കാൻ കാത്തു നിന്ന സംഘത്തിലെ പുത്തൻപീടികയിൽ മേരിച്ചേടത്തി(85) സ്ഥാനാർഥിയെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു.

അവിടെ കൂടി നിന്നവരോട് വോട്ടഭ്യർഥിച്ച് സ്ഥാനാർഥി വീണ്ടും പര്യടനവാഹനത്തിലേക്ക്. കോട്ടമുറിയിൽ എത്തിയപ്പോൾ വഴിയരികിൽ ചിഹ്നങ്ങളുടെ വൻ നിര, ഓട്ടത്തിന് കാത്തു നിൽക്കുന്ന ഓട്ടോകൾ. "പൈസ ചെലവില്ലാതെ, ദാ ചിഹ്നങ്ങൾ ലൈവായി കിടക്കുന്നു"-ഒരു പ്രവർത്തകൻ തമാശയായി പറഞ്ഞെങ്കിലും കാര്യമില്ലാതില്ല.

കുറിയാലിപ്പടി,അമ്മഞ്ചേരി, മാന്നാനം, അതിരമ്പുഴ ടൗൺ വഴി പര്യടനം നാൽപാത്തിമലയിൽ എത്തിയപ്പോൾ സ്ഥാനാർഥിക്ക് ഒരു സമ്മാനം ലഭിച്ചു. പ്രവർത്തകനായ ബിജു കണിയാമലയുടെ മകൻ ജോസ്‌വിൻ വരച്ചു നൽകിയ തന്റെ ചിത്രം സ്ഥാനാർഥി നെഞ്ചോടു ചേർത്തുപിടിച്ചു. രാവിലെ പൂച്ചർണപള്ളിക്കവലയിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് ഏറ്റുമാനൂർ മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്തത്. യുഡിഎഫ് മണ്ഡലം ചെയർമാൻ ടോമി പുളിമാൻതുണ്ടം അധ്യക്ഷത വഹിച്ചു. 

പ്രിൻസ് ലൂക്കോസ്, ജയ്സൺ ജോസഫ്, ആനന്ദ് പഞ്ഞിക്കാരൻ,നീണ്ടൂർ മുരളി, ജി.ഗോപകുമാർ, ബിനു ചെങ്ങളം തുടങ്ങിയവർ പ്രസംഗിച്ചു. രാത്രി വൈകി നീണ്ടൂരിലാണ് പര്യടനം അവസാനിച്ചത്. സംഘം പോകുന്ന വഴി പലയിടത്തും ആളില്ലാതെ വീടുകൾ ഒഴിഞ്ഞുകിടന്നു. പുതുപ്രതീക്ഷകളോടെ ചെറുപ്പക്കാർ വിദേശങ്ങളിലേക്ക് പോകുന്നതിന്റെ ബാക്കിപത്രം. 

ജനാധിപത്യത്തിന് കരുത്താവേണ്ട യുവരക്തമാണ് നാടുവിടുന്നത്. നാട്ടിൽ നല്ലകാലം വരുമെന്ന പ്രതീക്ഷയാണ് ഓരോ തിരഞ്ഞെടുപ്പും.“പ്രതീക്ഷിക്കാത്ത മേഖലകളിൽപോലും നല്ല സ്വീകരണം ലഭിക്കുന്നുണ്ട്. നല്ല വിജയപ്രതീക്ഷയാണുള്ളത്”- ഫ്രാൻസിസ് ജോർജ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com