ADVERTISEMENT

കോട്ടയം ∙ വോട്ടെടുപ്പിന് ഇനി 5 ദിവസം. അവസാന ലാപ്പിൽ ഓരോ വോട്ടും തങ്ങൾക്കനുകൂലമാക്കാനുള്ള തത്രപ്പാടിൽ മുന്നണികൾ. ദേശീയ രാഷ്ട്രീയം മുതൽ പ്രാദേശിക പ്രശ്നങ്ങൾ വരെ ചർച്ച ചെയ്തും ദേശീയ നേതാക്കൾ മുതൽ ബൂത്ത് പ്രവർത്തകർ വരെ വോട്ടർമാർക്കിടയിലേക്ക് എത്തിയും പ്രചാരണം. ജോലിക്കും പഠനാവശ്യത്തിനുമായി മറ്റു സംസ്ഥാനങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പോയ ആളുകളെ ബൂത്തിൽ എത്തിക്കാനുള്ള ശ്രമങ്ങളും സജീവം. 24 വരെയാണ് പരസ്യ പ്രചാരണം. 25ന് നിശബ്ദ പ്രചാരണം. 26നാണ് വോട്ടെടുപ്പ്. 24ന് റോഡ് ഷോ നടത്തി കലാശക്കൊട്ട് കൊഴുപ്പിക്കാനാണു യുഡിഎഫ്, എൽഡിഎഫ്,  എൻഡിഎ മുന്നണികളുടെ തീരുമാനം. വരും ദിവസങ്ങളിലെ പ്രചാരണത്തെക്കുറിച്ച് മുന്നണികളുടെ കണക്കുകൂട്ടലുകൾ ഈ വിധത്തിൽ.

യുഡിഎഫ്
യുഡിഎഫ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുടുംബയോഗങ്ങളിൽ. സംസ്ഥാന നേതാക്കളെ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നു.    എഐസിസി ജന.സെക്രട്ടറി മുകുൾ വാസ്നിക്, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവരുടെ സാന്നിധ്യം പ്രചാരണത്തിൽ പ്രതീക്ഷിക്കുന്നു. ബൂത്തുകളെ എ,ബി,സി എന്നിങ്ങനെ 3 വിഭാഗങ്ങളായി തിരിച്ച് പ്രവർത്തനം ശക്തിപ്പെടുത്തും. പ്രവർത്തകർ വോട്ടർമാരെ കാണാൻ വീടുകളിൽ എത്തുമ്പോൾ ചിഹ്നം പരിചയപ്പെടുത്താൻ കൂടുതൽ ശ്രദ്ധിക്കും. സ്ഥലത്തില്ലാത്ത വോട്ടർമാരുടെ ഫോൺ നമ്പർ ശേഖരിച്ച് അവരെ വിളിക്കും. ബൂത്തിൽ 2 കുടുംബയോഗങ്ങളെങ്കിലും ഉറപ്പാക്കുന്നു.

എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ പിറവത്ത് വ്യവസായ സ്ഥാപനത്തിൽ  വോട്ട് അഭ്യർഥിക്കുന്നു.
എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ പിറവത്ത് വ്യവസായ സ്ഥാപനത്തിൽ വോട്ട് അഭ്യർഥിക്കുന്നു.

എൽഡിഎഫ്
എൽഡിഎഫ് സ്ഥാനാർഥിയുടെ മണ്ഡല പര്യടനം അവസാനിച്ചു. മണ്ഡലങ്ങളിലൂടെയുള്ള റോഡ് ഷോ ആരംഭിച്ചു.  24 വരെ തുടരും. മന്ത്രിമാരും സംസ്ഥാന നേതാക്കളുടെയും സാന്നിധ്യം റോഡ് ഷോയിലും കുടുംബസംഗമങ്ങളിലും ഉറപ്പാക്കാൻ ശ്രമിക്കുന്നു.22ന് യുവജനസംഘടനകളുടെ നൈറ്റ് മാർച്ച് കലക്ടറേറ്റ് ജംക്​ഷനിൽനിന്ന് തിരുനക്കരയിലേക്കു നടത്തും.       ഓരോ ബൂത്തും 4 ഭാഗങ്ങളായി തിരിച്ച് പ്രവർത്തകർ വോട്ടർമാരെ കാണും. യുഡിഎഫിന്റെ ശക്തിമേഖലകളിൽ കൂടുതൽ പ്രചാരണം. നേതാക്കളുടെ പ്രസംഗത്തെക്കാൾ വോട്ടർമാർക്ക് പറയാനുള്ളത് കേൾക്കാൻ കൂടുതൽ ശ്രദ്ധ.

 എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി കുമരകത്ത് 
പ്രചാരണത്തിൽ.
എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി കുമരകത്ത് പ്രചാരണത്തിൽ.

എൻഡിഎ
വരുംദിവസങ്ങളിൽ പ്രചാരണത്തിന് ദേശീയനേതാക്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു. സ്ഥാനാർഥി പര്യടനം നാളെ പൂർത്തിയാകും. ദിവസവും രാവിലെയും ഉച്ചയ്ക്കും നിയമസഭാ മണ്ഡലങ്ങളിലെ പ്രധാന സംഘടനാ ഭാരവാഹികളെ കണ്ടും വികസനകാര്യങ്ങൾ ചർച്ച ചെയ്തുമാണ് പര്യടനം. 23,24 തീയതികളിൽ പ്രധാനവ്യക്തികളെ കാണുന്നതിനും കുടുംബയോഗങ്ങളിൽ പങ്കെടുക്കുന്നതിനുമാണ് പദ്ധതി.      മറ്റു സ്ഥലങ്ങളിലുള്ള വോട്ടർമാരുടെ പങ്കാളിത്തം പോളിങ് ദിനത്തിൽ ഉറപ്പാക്കാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്ററുണ്ട്. പ്രവർത്തനത്തിലെ പോരായ്മകൾ കണ്ടെത്തി പരിഹാരമാർഗം നിർദേശിക്കാൻ  യോഗം ചേരും. 

പ്രചാരണം അതിവേഗം
കോട്ടയം ∙ വൈക്കം നിയോജകമണ്ഡലത്തിൽ രണ്ടാംഘട്ട പര്യടനം ആരംഭിച്ച് യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്. കാട്ടിക്കുന്ന് രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് പര്യടനം ആരംഭിച്ചത്. യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൻ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ബ്രഹ്മമംഗലത്ത് പര്യടനം സമാപിച്ചു.
കോട്ടയം ∙ പാലാ നിയോജകമണ്ഡലത്തിൽ റോഡ് ഷോയുമായി എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ. ഊരശാല ക്ഷേത്രം മുതൽ വെള്ളഞ്ചൂർ വരെയായിരുന്നു റോഡ് ഷോ. പിറവം മണ്ഡലത്തിലെ  വ്യവസായശാലകളിൽ ചാഴികാടൻ വോട്ട് അഭ്യർഥിച്ചു.
കോട്ടയം ∙ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ കുമരകം ഭാഗത്ത് ജനസമ്പർക്കവുമായി എൻ‍ഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. കുമരകത്തിന്റെ ടൂറിസം മേഖലയുടെ വളർച്ചയ്ക്കുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടെന്ന് തുഷാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com