എന്തുകൊണ്ട് കോട്ടയത്തു മത്സരിക്കുന്നു? ആ 11 സ്ഥാനാർഥികൾ പറയുന്നു

Mail This Article
കോട്ടയം ∙ സംസ്ഥാനത്തു ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നതു കോട്ടയത്ത്– 14 പേർ. 3 മുന്നണിസ്ഥാനാർഥികൾക്കു പുറമേ വിവിധ പാർട്ടികളുടെ പ്രതിനിധികളും സ്വതന്ത്രരും അടക്കം 11 പേർ കൂടി മത്സരരംഗത്തുണ്ട്. എന്തുകൊണ്ട് കോട്ടയത്തു മത്സരിക്കുന്നു. ആ 11 പേർ പറയുന്നു.
വിജു ചെറിയാൻ– ബിഎസ്പി (ആന)
∙ ഭരണഘടനയെ സംരക്ഷിക്കുക, മതനിരപേക്ഷത നിലനിർത്തുക, എല്ലാ വിഭാഗങ്ങൾക്കും തുല്യനീതി ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണു മത്സരിക്കുന്നത്.
വി.പി.കൊച്ചുമോൻ– എസ്‌യുസിഐ (ബാറ്ററി ടോർച്ച്)
∙ കോർപറേറ്റ് മുതലാളിമാർക്ക് അനുകൂലനിലപാട് സ്വീകരിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിനെ അധികാരത്തിൽനിന്നു പുറത്താക്കുക, ജനങ്ങളുടെ പ്രശ്നങ്ങളെ കേൾക്കുക, പരിഹാരം കണ്ടെത്തുക. അവർക്കായി നിലകൊള്ളുക.
പി.ഒ.പീറ്റർ– സമാജ്‌വാദി ജനപരിഷത്ത് (കൈവണ്ടി)
∙ ദലിത് ക്രൈസ്തവരുടെ അവകാശങ്ങൾ നേടിയെടുക്കുക, പ്രഫഷനൽ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ ദലിത് വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾക്കു സംവരണവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കുക.
പി.ചന്ദ്രബോസ്– സ്വതന്ത്രൻ (അലമാര)
∙ പിന്നാക്കവിഭാഗങ്ങളുടെ ഉന്നമനമാണു പ്രധാന ലക്ഷ്യം. നാട്ടിൽ മതനിരപേക്ഷത ഉറപ്പാക്കണം, സംരക്ഷിക്കപ്പെടണം. എൽഐസി ഏജന്റാണ്.
ജോസിൻ കെ.ജോസഫ്– സ്വതന്ത്രൻ (ടെലിവിഷൻ)
∙ ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകുക എന്നതാണു ലക്ഷ്യം. കോട്ടയത്തുനിന്നുള്ളവർ ഇവിടെ സ്ഥാനാർഥിയാകട്ടെയെന്ന അഭിപ്രായമുണ്ട്.
മാൻഹൗസ് മൻമഥൻ– സ്വതന്ത്രൻ (ലാപ്ടോപ്)
∙ വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണു ലക്ഷ്യം.
സന്തോഷ് പുളിക്കൽ– സ്വതന്ത്രൻ (ടെലിഫോൺ)
∙ ജനാധിപത്യത്തിന്റെ ഭാഗമാണു മത്സരിക്കാനുള്ള അവകാശം. സാധാരണക്കാർക്കിടയിൽ നിന്നു പ്രതിനിധി വേണമെന്ന് ആവശ്യം. ഇതിനായി മത്സരിക്കുന്നു.
സുനിൽ ആലഞ്ചേരിൽ– സ്വതന്ത്രൻ (വളകൾ)
∙ രാഷ്ട്രീയ പാർട്ടികളോടുള്ള എതിർപ്പും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകളോടുള്ള പ്രതിഷേധവുമാണു സ്വതന്ത്രനായി മത്സരിക്കാൻ കാരണം. മുല്ലപ്പെരിയാർ അണക്കെട്ട് അടിയന്തരമായി പുനർനിർമിക്കണമെന്ന ആവശ്യവുമുണ്ട്.
എം.എം.സ്കറിയ– സ്വതന്ത്രൻ (ബക്കറ്റ്)
∙ രാജ്യത്തിന്റെ വികസന കാഴ്ചപ്പാടുകൾ മാറണം. ലോകം സഞ്ചരിക്കുന്നതിൽ നിന്ന് 50 വർഷം പിന്നിലാണു രാജ്യത്തിന്റെ സഞ്ചാരം. അവികസിത രാജ്യത്തിൽനിന്നു നമ്മുടെ രാജ്യം വികസനത്തിന്റെ പാതയിൽ എത്തണം.
റോബി മറ്റപ്പള്ളി– സ്വതന്ത്രൻ (ഗ്യാസ് സ്റ്റൗ)
∙ പ്രധാന മുന്നണികളോടുള്ള എതിർപ്പാണു മത്സരിക്കാനുള്ള പ്രധാന കാരണം.