ADVERTISEMENT

കോട്ടയം ∙ സംസ്ഥാനത്തെ ജനവിരുദ്ധ ഭരണം യുഡിഎഫിന് അനുകൂലമാകുമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ജനം ആഗ്രഹിക്കുന്ന ഭരണമല്ല നടക്കുന്നത്.കേന്ദ്രത്തിൽ മതവും ജാതിയും രാഷ്ട്രീയആയുധമാക്കി മോദി ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കുന്നു. രാജ്യത്തെ ശിഥിലമാക്കുന്ന കേന്ദ്രഭരണത്തോടുള്ള വിരുദ്ധ വികാരവും യുഡിഎഫിന് അനുകൂലമാണ്. കേരള കോൺഗ്രസിന്റെ രണ്ടില യുഡിഎഫിൽ നിന്നപ്പോൾ പച്ചയായിരുന്നെന്നും ഇപ്പോൾ ചുവന്ന ഇലയായെന്നും തിരുവഞ്ചൂർ പറഞ്ഞു.

ഇല ചുവക്കുന്നത് എപ്പോഴാണെന്ന് എല്ലാവർക്കും അറിയാം.പിന്നെ എവിടേക്കാണ് വീഴുന്നതെന്നു വിശദീകരിക്കുന്നില്ല. മാണിയെ നിയസഭയിൽ തടഞ്ഞ ഇപ്പോഴത്തെ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ നടത്തിയ അക്രമം എല്ലാവരും കണ്ടതാണ്. അന്നു യുഡിഎഫ് എംഎൽഎമാർ തോളിലേറ്റിയാണു മാണിയെ നിയമസഭയിൽ എത്തിച്ചത്. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പ്രതികളായ കേസ് തീർന്നിട്ടില്ല. രണ്ടില പോയതിനു ശേഷവും യു‍ഡിഎഫ് പുതുപ്പള്ളിയിലും പാലായിലും കടുത്തുരുത്തിയിലും വിജയിച്ചു.

യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും മോൻസ് ജോസഫും പറ‍ഞ്ഞു. മൊറീഷ്യസിൽ തന്റെ മകനു ബാങ്ക് അക്കൗണ്ട് ഉണ്ടെന്നു വ്യാജ വാർത്ത എൽഡിഎഫ് പ്രചരിപ്പിക്കുകയാണെന്നു ഫ്രാൻസിസ് ജോർജ് പറഞ്ഞു. ബാങ്കിന്റെ സേവനങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ആപ്പിൽ പരിശോധിച്ചപ്പോൾ സ്വാഭാവികമായി സീറോ ബാലൻസിൽ അക്കൗണ്ട് ഓപ്പൺ ആയതാണ്. ഒരു പണമിടപാടും നടന്നിട്ടില്ല. പിന്നീട് അക്കൗണ്ട് വേണ്ടെന്നുവച്ചു.

വസ്തുവിന്റെ വിലയാധാരവും മുല്യവും സംബന്ധിച്ച് അടിസ്ഥാന വിവരങ്ങളാണ് ഉൾപ്പെടുത്തിയത്. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിഹത്യയ്ക്ക്  എതിരെ പരാതി നൽകിയെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.വ്യക്തിഹത്യ നടത്തി യുഡിഎഫിനെ തോൽപിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നു കെപിസിസി ജനറൽ സെക്രട്ടറി പി.എ.സലീം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവർ പറഞ്ഞു.

എംപി ഫണ്ട്:  ചാഴികാടന്റെ അവകാശവാദം  കളവെന്ന് മോൻസ് 
തോമസ് ചാഴികാടൻ, എംപി ഫണ്ട് മുഴുവൻ ചെലവഴിച്ചില്ലെന്നു കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ. 100% ഫണ്ട് ചെലവഴിച്ച് എ പ്ലസ് നേടിയെന്നു പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. 17 കോടി രൂപയാണു ഫണ്ടായി ലഭിച്ചത്. 9.46 കോടിയാണ് ചെലവഴിച്ചത്. വിവരാവകാശ നിയമം അനുസരിച്ച് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങൾ. ആവശ്യമായി വന്നാൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും മോൻസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com