ADVERTISEMENT

കടുത്തുരുത്തി ∙ കീഴൂർ ഭഗവതി ക്ഷേത്രത്തിലെ വലിയ പാന ഇന്ന്  നടക്കും. ദാരികനാകുന്ന തിന്മകൾക്കു മേൽ ഭഗവതിയാകുന്ന നന്മ നേടുന്ന വിജയമാണ് വലിയ പാനയുടെ സാരാംശം. പാരമ്പര്യവും തനിമയും ഭക്തിയും ഇഴ ചേരുന്ന കീഴൂർ പാന ഉത്സവം ഒരു ദേശത്തിന്റെയാകെ സമർപ്പണമാണ്. പാനയുടെ ചടങ്ങുകളിൽ ഏറ്റവും പ്രധാനപ്പെട്ട വലിയ പാനയാണ് ഇന്ന്  നടക്കുന്നത് . നാളെ  നടക്കുന്ന ഗുരുതിയോടെ പാനയുടെ ചടങ്ങുകൾ അവസാനിക്കും. വിഷു ദിനം മുതൽ വ്രതമെടുത്തു ദേവിയെ മനസ്സിൽ ധ്യാനിച്ച് കീഴൂർ, പൂഴിക്കോൽ, മാന്നാർ, വെള്ളാശ്ശേരി കരകളിൽ നിന്നുള്ളവരാണ് പാനയിൽ പങ്കെടുക്കുന്നത്. ഭദ്രകാളി ദാരിക നിഗ്രഹത്തിനായി പുറപ്പെടുന്ന സമയത്ത് പരമശിവൻ നിയോഗിക്കുന്ന പടയാളികളാണ് പാനക്കാർ. ശിവന്റെ ഭൂതഗണങ്ങളായ ഇവർ പടയാളികളുടെ വേഷം ധരിച്ചാണ് എത്തുന്നത്.

പ്രത്യേക രീതിയിൽ ഉടുത്തുകെട്ടി തലപ്പാവണിഞ്ഞ് പ്രത്യേക ചുവടുകളോടെയാണ് ഇവരുടെ വരവ്. ചെത്തി മിനുക്കിയ പാലക്കൊമ്പിന്റെ മുകൾ വശത്ത് ദ്വാരമുണ്ടാക്കി അതിൽ തെങ്ങിൻ പൂവ് തിരികെ വച്ചുള്ള പാനക്കുറ്റിയാണ് ആയുധമായി ഉപയോഗിക്കുന്നത്. പത്താമുദയ ദിനത്തിലാണ് ദേവിയെ പാനപ്പുരയിൽ പ്രതിഷ്ഠിച്ചത്. ചെറിയ പാനയുടെ ദിവസമായ ഇന്നലെ  പാനക്കാർ ദാരികനെ അന്വേഷിച്ചിറങ്ങി. പാനക്കാർക്കു പാനക്കുറ്റി നൽകുന്ന ചടങ്ങായിരുന്നു പ്രധാനപ്പെട്ടത് പാനയുണ്ണി എറിഞ്ഞു നൽകുന്ന പാനക്കുറ്റി സ്വീകരിച്ചവർ ക്ഷേത്രമുറ്റത്ത് പ്രത്യേക ചുവടുകൾ വച്ചു. മേളത്തിന്റെ അകമ്പടിയോടെ ദേവിയെ വണങ്ങി. ഇതെല്ലാം ദാരികനെ അന്വേഷിക്കലാണ്. ഒടുവിൽ പാനയമ്പലത്തിൽ തുള്ളി ദേവിയെ വലംവച്ചു. ദാരികനെ അന്വേഷിച്ചു കണ്ടെത്തിയില്ല എന്നാണ് വിശ്വാസം. ഇന്ന് 12 നു നടക്കുന്ന വിശേഷാൽ ഉച്ചപ്പൂജയ്ക്കു ശേഷം വലിയ പാനയുടെ ചടങ്ങുകൾ ആരംഭിക്കും.

കീഴൂർ ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ നടന്ന ചെറിയ പാന.
കീഴൂർ ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ നടന്ന ചെറിയ പാന.

പാനപ്പുരയിലെ ദേവിക്കു മുൻപിൽ പാനക്കുറ്റി പൂജിച്ച് പാനയുണ്ണി കൈമാറും. ആയുധവുമായി പാനക്കാർ ദാരികനെ അന്വേഷിച്ച് പ്രത്യേക താളക്രമത്തിൽ ക്ഷേത്രത്തിനു ചുറ്റും നടക്കും. ഉച്ചയോടെ ഇത് അവസാനിക്കും. തുടർന്ന് ഇളം പാനയാണ്. പാനക്കുറ്റിയേന്തിയ പാനക്കാർ പാന വരമ്പിലേക്ക് പോകും. ഏറെ താമസിയാതെ ദാരികൻ പിടിയിലാകും. ദാരിക വേഷധാരിയായ ഒരാളെ ആർത്തട്ടഹസിച്ച് പാനക്കാർ ചാടിലേറ്റും. തുടർന്ന് ദാരികനെ ദേവിക്കു മുൻപിൽ കാഴ്ച വയ്ക്കും. ശരീരത്തിൽ ചൂണ്ട കൊത്തി പ്രതീകാത്മകമായി ചോര വീഴ്ത്തുന്നതോടെ ഒറ്റത്തൂക്കം അവസാനിക്കും. നാളെ 11 ന് ദാരിക നിഗ്രഹത്തിന്റെ ചടങ്ങുകളെ അനുസ്മരിച്ച് നിണത്തോടു കൂടിയ ഗുരുതി നടക്കും.

താലപ്പൊലി  ഘോഷയാത്രകൾ
കീഴൂർ ∙ വലിയ പാന ദിവസമായ ഇന്ന്  രാവിലെ 6 ന് നാരായണീയ പാരായണം, 6.30 മുതൽ വിവിധ കരകളിൽ നിന്നും കുംഭകുടം താലപ്പൊലി ഘോഷയാത്രകൾ ക്ഷേത്രത്തിലേക്ക് വന്നു തുടങ്ങുന്നു. 8.30 ന് വേലൻ പാട്ട്, സർപ്പം പാട്ട്, 12 ന് തിരുവാഭരണം ചാർത്തിയ കീഴൂരമ്മയുടെ വിശേഷാൽ ഉച്ചപ്പൂജ, തുടർന്ന് വലിയ പാനക്കഞ്ഞി, ദീപ പ്രകാശനം – മുൻ മാളികപ്പുറം മേൽശാന്തി ഇണ്ടൻ തുരുത്തി മന ഹരിഹരൻ നമ്പൂതിരി, 12.30 മുതൽ വലിയ പാന, 4.30 ന് ഇളം പാന, തുടർന്ന് ഒറ്റത്തൂക്കം, രാത്രി 7 ന് കോൽക്കളി 8 ന് മയൂഖം കലാസന്ധ്യ, 12 ന് ഗരുഡൻ തൂക്കം, 26 ന് 11 മുതൽ ഗുരുതി.

പാനക്കഞ്ഞി വിതരണം ഇന്ന്
കടുത്തുരുത്തി∙ കീഴൂർ പാനയുടെ ഭാഗമായുള്ള പാനക്കഞ്ഞി വിതരണം ഇന്ന് രാവിലെ 11.30 മുതൽ ആരംഭിക്കും. കുടുംബങ്ങൾ വഴിപാടായാണ് പാനക്കാർക്ക് പാനക്കഞ്ഞി നൽകുന്നത്. ആർപ്പുവിളികളോടെയാണ് പാനക്കാർ വഴിപാട് വീടിലേക്ക് എത്തുന്നത്. പ്രത്യേക രീതിയിലാണ് പാനക്കഞ്ഞി തയാറാക്കുന്നതെന്ന് പഴമക്കാരനായ ആലപ്പുറത്ത് രാമചന്ദ്രൻ നായർ പറഞ്ഞു. ഭഗവതിയുടെ സാന്നിധ്യത്തിലാണ് പാനക്കഞ്ഞി വിളമ്പുന്നത്. പാനക്കഞ്ഞി വിഭവങ്ങൾ ഇവയാണ്. അപ്പം, വട, എള്ളുണ്ട, കൽക്കണ്ടം, മുന്തിരി, പഞ്ചസാര എന്നീ വിഭവങ്ങൾ വിളമ്പും. കഞ്ഞിയ്ക്കൊപ്പം കൂട്ടു കറികളായി ചക്കതോരൻ, കുറുക്കു കാളൻ എന്നിവയും മാങ്ങ, നാരങ്ങാ, ഇഞ്ചി അച്ചാറുകളും, പാവയ്ക്ക കിച്ചടി, മാമ്പഴ പച്ചടി, ഓലൻ, ചെറുപയർ ചേർന്ന മധുരക്കറി എന്നിവയും വിളമ്പും. പഞ്ചസാരയും, തേങ്ങാ പൂളും വിളമ്പുന്നതിനൊപ്പം ചെറുതും വലുതും പപ്പടങ്ങളും വിളമ്പും. പഴവർഗങ്ങളായ പൂവൻ പഴം, മാമ്പഴം, ഏത്തപ്പഴം നുറുക്ക് എന്നിവയും നൽകും. അവിയൽ, സാമ്പാർ, രസം, പായസം പച്ചമോര് എന്നിവ ഒഴിവാക്കിയാണ് പാനക്കഞ്ഞി വിളമ്പുന്നത്.

പാനക്കഞ്ഞി വിളമ്പലിനുമുണ്ട് പ്രത്യേകത. ഓരോ വിഭവങ്ങളും പ്രത്യേകം താളത്തിൽ ചോദിക്കുമ്പോഴാണ് വിളമ്പുന്നത്. വരിക്ക പ്ലാവില കുത്തിയതിലാണ് പാനക്കഞ്ഞി കുടിക്കുന്നത്.  സംതൃപ്തരായ പാനക്കാർ ആർപ്പു വിളികളോടെ ഹരിയോ ഹരി..... (എല്ലാം തികഞ്ഞു) ചൊല്ലുന്നതോടെ കഞ്ഞി സദ്യ അവസാനിപ്പിക്കും. ഗൃഹനാഥയാണ് ആദ്യ എച്ചിലില എടുക്കേണ്ടത്. വാഴപ്പോള ചതുരത്തിൽ കെട്ടി നടുക്ക് ഇല വച്ചാണ് കഞ്ഞി ഒഴിക്കുന്നത്. മറ്റൊരു ഇലയിലാണ് വിഭവങ്ങൾ വിളമ്പുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് ക്ഷേത്രോപദേശകസമിതി നൽകുന്നത് കഞ്ഞിയും സാധാരണ വിഭവങ്ങളുമാണ്. 2039 വരെയുള്ള വലിയ പാനക്കഞ്ഞി ഇപ്പോൾ തന്നെ ബുക്കിങ് ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com