ADVERTISEMENT

കോട്ടയം ∙ തിരുനക്കരയെ സ്കെയിൽ വച്ചളന്നപോലെ മൂന്നായി തിരിച്ച് മുന്നണികൾ കലാശംകൊട്ടി പരസ്യ പ്രചാരണം അവസാനിപ്പിച്ചു.  ഒരു ദിവസത്തിനപ്പുറം വിധിയെഴുത്ത്. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ്– എൽഡിഎഫ്– എൻഡിഎ സ്ഥാനാർഥികൾ തിരുനക്കരയിലാണു പരസ്യ പ്രചാരണം അവസാനിപ്പിച്ചത്.  എംസി റോഡിന് അതിരു തിരിച്ച് പൊലീസ് നിലയുറപ്പിച്ചപ്പോൾ ഇതിനു രണ്ടു വശത്തുമായി മുഖാമുഖം നിന്നാണ് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ പ്രവർത്തകരെ അഭിവാദ്യം ചെയ്തത്.സമയക്രമം പാലിച്ചു വൈകിട്ട് ആറിനു തന്നെ പ്രചാരണം അവസാനിപ്പിച്ചു സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും സമാധാനപരമായി പിരിഞ്ഞു.

ഫ്രാൻസിസ് ജോർജ്
ചിഹ്നമായ ഓട്ടോറിക്ഷകളുടെ അകമ്പടിയോടെ ബസേലിയോസ് കോളജിനു സമീപത്തു നിന്നു റോഡ‍്ഷോ നടത്തിയാണു യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജ് പരസ്യ പ്രചാരണം അവസാനിപ്പിക്കുന്ന തിരുനക്കരയിലേക്ക് എത്തിയത്. ഗാന്ധി പ്രതിമയ്ക്കു സമീപമായിരുന്നു യുഡിഎഫിന്റെ കലാശക്കൊട്ട്.

എംഎൽഎമാരായ തിരുവഞ്ചൂർ‌ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, കേരള കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് പി.സി.തോമസ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഇ.ജെ.ആഗസ്തി, കൺവീനർ ഫിൽസൺ മാത്യൂസ് തുടങ്ങിയവർക്ക് ഒപ്പം തുറന്ന വാഹനത്തിലാണു സ്ഥാനാർഥി എത്തിയത്. റോഡ്ഷോയിലും കലാശക്കൊട്ടിലും ഏറ്റവും കൂടുതൽ മുഴങ്ങിക്കേട്ട ഒരു പേര് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേത്. പ്രവർത്തകർ ആവേശത്തോടെ ഉമ്മൻ ചാണ്ടിക്കു വേണ്ടി മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു.

തിരുനക്കരയിൽ എത്തിയപ്പോഴേക്കും പ്രവർത്തകരുടെ ആവേശത്തിനു ഹൈവോൾട്ട്. വാദ്യമേളങ്ങളുടെയും ആർപ്പുവിളികളുടെയും അകമ്പടിയിൽ സ്ഥാനാർഥി ക്രെയിനിൽ തയാറാക്കിയ പ്ലാറ്റ്ഫോമിലേക്ക്. ഉയരങ്ങളിലേക്കു ക്രെയിൻ ഉയർന്നപ്പോൾ അനൗൺസറുടെ പ്രഖ്യാപനം– നമ്മുടെ സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വിജയവും ഇതു പോലെ ഉയരങ്ങളിലേക്ക് എത്തും. ഫ്രാൻസിസ് ജോർജിന്റെ പ്രസംഗത്തിൽ ദേശീയ – സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളുടെ ചെറുവിവരണം. എന്തുകൊണ്ട് ഇന്ത്യാമുന്നണി അധികാരത്തിൽ വരണമെന്ന ഓർമപ്പെടുത്തൽ.

 രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന ഉറപ്പ്. ഇടയ്ക്ക് ഹിന്ദിയിലും വിശദീകരണം. സമാധാനത്തിന്റെ പ്രതീകമായി പ്രാവിനെ പറത്തി. ഒരു കയ്യിൽ രാഹുൽ ഗാന്ധിയുടെയും മറുകയ്യിൽ ഉമ്മൻ ചാണ്ടിയുടെയും ചിത്രങ്ങൾ പിടിച്ചാണു ഫ്രാൻസിസ് ജോർജ് പ്രവർത്തകർക്ക് ആവേശമായത്. പരസ്യ പ്രചാരണം അവസാന നിമിഷത്തിലേക്ക് എത്തുമ്പോഴേക്കും റോഡ് ഷോയുമായി ചാണ്ടി ഉമ്മൻ എംഎൽഎയും ആവേശത്തിന്റെ ഭാഗമായി. പ്രവർത്തകർക്ക് ഒപ്പം ചുവടുകൾ വച്ച ചാണ്ടി ഉമ്മൻ സ്ഥാനാർഥിക്കൊപ്പം ക്രെയ്നിൽ കയറി.

 തിരുനക്കരയിൽ എൽഡിഎഫിന്റെ കലാശക്കൊട്ടിൽ സ്ഥാനാർഥി തോമസ് ചാഴികാടൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
തിരുനക്കരയിൽ എൽഡിഎഫിന്റെ കലാശക്കൊട്ടിൽ സ്ഥാനാർഥി തോമസ് ചാഴികാടൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.

തോമസ് ചാഴികാടൻ 
പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങളിലെ റോഡ്ഷോയ്ക്കു ശേഷം തിരുനക്കരയിലെ പ്രവർത്തകരുടെ ആവേശക്കടലിലേക്കാണ് എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ വന്നിറങ്ങിയത്. തിരഞ്ഞെടുപ്പ് ഗാനങ്ങളുടെ അകമ്പടിയിൽ ചുവടുവച്ച് പ്രവർത്തകർ സ്ഥാനാർഥിയെ സ്വാഗതം ചെയ്തു. തിരുനക്കര പഴയ ബസ്‌ സ്റ്റാൻഡിനു സമീപത്തായിരുന്നു എൽഡിഎഫ് കലാശക്കൊട്ട്.

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽ കുമാർ, ജില്ലാ സെക്രട്ടറി എ.വി.റസൽ, സിപിഐ ജില്ലാ സെക്രട്ടറി വി.ബി,ബിനു, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു, എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് തുടങ്ങിയവർ തോമസ് ചാഴികാടനൊപ്പം തിരുനക്കരയിൽ എത്തി.

പ്രവർത്തകരുടെ ആവേശമുൾക്കൊണ്ടു പ്രചാരണ വാഹനത്തിൽ നിന്നിറങ്ങിയ ചാഴികാടൻ സമീപത്തെ ജീപ്പിനു മുകളിൽ കയറി. കുറഞ്ഞ വാക്കിൽ പ്രസംഗം. 33 വർഷം നിങ്ങൾക്കൊപ്പമുണ്ടായിരുന്ന താൻ ഇനിയും കൂടെയുമുണ്ടാകുമെന്ന ഉറപ്പ്. പിന്നാലെ മൈക്ക് കയ്യിലെടുത്ത് അനിൽകുമാറിന്റെ മുദ്രാവാക്യം വിളി.ചിഹ്നമായ രണ്ടില കയ്യിലേന്തിയാണു ചാഴികാടൻ പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. 

 തിരുനക്കര മൈതാനത്ത് എൻഡിഎ കലാശക്കൊട്ടിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. 
ബിജെപി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ എന്നിവർ സമീപം. ചിത്രം: വിഷ്ണു സനൽ / മനോരമ
തിരുനക്കര മൈതാനത്ത് എൻഡിഎ കലാശക്കൊട്ടിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. ബിജെപി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ എന്നിവർ സമീപം. ചിത്രം: വിഷ്ണു സനൽ / മനോരമ

തുഷാർ വെള്ളാപ്പള്ളി
ഡിജെയും ജന്മദിനാഘോഷവുമായി പരസ്യ പ്രചാരണ സമാപനം കളറാക്കി എൻഡിഎ. സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ ജന്മദിനം ഇന്നലെയായിരുന്നു. പരസ്യ പ്രചാരണം അവസാനിക്കുന്നതിനു തൊട്ടുമുൻപായി പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ചായിരുന്നു ആഘോഷം.

തിരുനക്കര മൈതാനത്തിനുള്ളിൽ ഡിജെ ഒരുക്കിയായിരുന്നു എൻഡിഎയുടെ കലാശക്കൊട്ട്. ചിങ്ങവനത്തു നിന്ന് എംസി റോഡ് വഴി റോഡ് ഷോയായി തിരുനക്കരയിൽ എത്തിയാണു തുഷാർ കലാശക്കൊട്ടിന്റെ ഭാഗമായത്. ബിജെപി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ, കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ തുടങ്ങിയവർ  ഒപ്പമുണ്ടായിരുന്നു. തുഷാറിന്റെ ഭാര്യ ആശ യും തിരുനക്കരയിൽ എത്തി.

ചിഹ്നമായ കുടം കയ്യിൽ എടുത്തായിരുന്നു പ്രവർത്തകരുടെ ആവേശം. തിരുനക്കര മൈതാനത്തും വിവിധ വർണങ്ങളിലുള്ള കുടങ്ങൾ നിരത്തി.ഡിജെയ്ക്ക് ഒപ്പം പ്രവർത്തകർ ചുവടു വച്ചതോടെ തിരുനക്കര മൈതാനം കലാശക്കൊട്ടിനൊപ്പം മ്യൂസിക്കൽ ഇവന്റിനും വേദിയായി.

പത്തനംതിട്ടയിൽ ആവേശക്കലാശം
പത്തനംതിട്ട ∙ മീറ്ററുകൾ മാത്രം അകലത്തിൽ മുഖാമുഖം മൂന്നു സ്ഥാനാർഥികൾ. ആരവം വാനോളമുയർത്തി പോപ്പർ ബ്ലാസ്റ്റുകളും വർ‌ണബലൂണുകളും. അകമ്പടിയായി വാദ്യമേളം, അടിപൊളിപ്പാട്ടുകൾ. മുദ്രാവാക്യം വിളികളും നൃത്തച്ചുവടുകളുമായി പ്രവർത്തകർ. പത്തനംതിട്ട മണ്ഡലത്തിലെ പ്രചാരണത്തിന് കലാശക്കൊട്ടോടെ സമാപനം. കലാശക്കൊട്ടിനുള്ള വേദിയായി നിശ്ചയിച്ച അബാൻ ജം‌‌ക്‌ഷൻ 4 മണിയോടെ പ്രവർത്തകർ കയ്യടക്കി.

ഉറപ്പാണ് ആന്റോ എന്ന പേരുവച്ച ലോറിയിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി കൂടി എത്തിയതോടെ രംഗം കൊഴുത്തു. കലാശക്കൊട്ടിനായി സജ്ജീകരിച്ച മണ്ണുമാന്തി യന്ത്രത്തിൽ ഉയർന്നുപൊങ്ങി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആന്റോ ആന്റണിക്കൊപ്പം നിന്നു. നേതാക്കളും പ്രവർത്തകരും സംയമനം പാലിച്ചതിനാൽ സംഘർഷം ഉണ്ടായില്ല. ചുവപ്പു തുണികൊണ്ടു മറച്ച ലോറിയുടെ മുകളിൽനിന്ന് മന്ത്രി വീണാ ജോർജിനൊപ്പം എൽഡിഎഫ് സ്ഥാനാർഥി ടി.എം.തോമസ് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ടോറസിനു മുകളിൽ സജ്ജീകരിച്ച പ്രതലത്തിലാണ് എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണി നിന്നത്.

5 മണിയോടെ തങ്ങൾക്കു ലഭിച്ച ഇടങ്ങളിൽ‌ വട്ടംകൂടിനിന്ന പ്രവർത്തകർ നൃത്തം തുടങ്ങി. സംഘർഷ സാധ്യത കണക്കിലെടുത്തു സ്ഥലത്തു സംഘടിച്ചിരുന്ന പൊലീസ് സംഘം അതിരുകൾ ഭദ്രമാക്കി പ്രവർത്തകരെ നിയന്ത്രിച്ചു. സമയം 6 മണിയോട് അടുത്തപ്പോൾ ആന്റോ ആന്റണിയുടെ കട്ടൗട്ടുകളുമായി യുഡിഎഫ് പ്രവർത്തകർ കൂട്ടത്തോടെ റോഡിലിറങ്ങി. ടി.എം.തോമസ് ഐസക് സിപിഎം പതാക വീശി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പുഷ്‌പവൃഷ്ടിയോടെ പ്രവർത്തകർ അനിൽ കെ.ആന്റണിയെ എതിരേറ്റു. 

6 മണിക്കു മാലപ്പടക്കം പൊട്ടിയതിനു പിന്നാലെ ശബ്ദപ്രചാരണം അവസാനിപ്പിക്കാൻ മുന്നണി പ്രവർത്തകർക്കു പൊലീസിന്റെ നിർദേശം. അബാൻ ജം‌ക്‌ഷൻ സെൻട്രൽ ജംക്‌ഷൻ റോഡ് യുഡിഎഫ് പ്രവർത്തകരും അബാൻ പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡ് എൽഡിഎഫ് പ്രവർത്തകരും കയ്യടക്കി.  അബാൻ– മുത്തൂറ്റ് ഹോസ്പിറ്റൽ റോഡാണ് എൻഡിഎയ്ക്ക് അനുവദിച്ചിരുന്നത്.‘ആന്റോ ആന്റോ’ വിളികളോടെ യുഡിഎഫ് പ്രവർത്തകരും ‘മോദി മോദി’ വിളികളോടെ എൻഡിഎ പ്രവർത്തകരും പ്രചാരണം അവസാനിച്ചപ്പോൾ സിപിഎം പ്രവർത്തകരും പാർട്ടിയുടെ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചു. ഇനി ഇന്ന് നിശ്ശബ്ദ പ്രചാരണം, നാളെ ബൂത്തിലേക്ക്!

മാവേലിക്കരയിൽ മാനംമുട്ടി കൊടിയിറക്കം
മാവേലിക്കര മണ്ഡലത്തിന്റെ വീറും വാശിയും മുഴുവൻ ചെങ്ങന്നൂർ ടൗൺ നിറഞ്ഞുകവിഞ്ഞു.  നന്ദാവനം ജംക്‌ഷൻ മുതൽ കെഎസ്ആർടിസി ജംക്‌ഷൻ വരെ നിറങ്ങൾ നീരാടി. ബഥേൽ ജംക്‌ഷനിൽ വാഹനങ്ങൾ നിയന്ത്രിക്കുമ്പോൾ പൊലീസും യുഡിഎഫ് പ്രവർത്തകരും തമ്മിൽ ചെറിയ സംഘർഷമുണ്ടായി. ബാക്കിയെല്ലാം സമാധാനപരം.

കൊടിക്കുന്നിൽ സുരേഷ്
പത്തനാപുരത്തുനിന്നു റോഡ്ഷോ നടത്തിയാണു യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് എത്തിയത്. ബഥേൽ ജംക്‌ഷൻ നിറഞ്ഞുകവിഞ്ഞ പ്രവർത്തകർക്കിടയിലേക്കു ഞെരുങ്ങിയാണു സ്ഥാനാർഥി എത്തിയത്. പ്രചാരണ വാഹനത്തിനു മുകളിൽ കയറി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുമ്പോൾ പ്രവർത്തകർ ചെണ്ട നീട്ടി. സ്ഥാനാർഥി അതു വാങ്ങി കൊട്ടിക്കയറി. ചെയ്ത കാര്യങ്ങളും ജനങ്ങൾ നൽകുന്ന സ്നേഹവും ഓർമിപ്പിച്ചു ചുരുക്കം വാക്കുകളിൽ പ്രസംഗം അവസാനിപ്പിച്ചു. 

സി.എ.അരുൺകുമാർ
എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺകുമാറിന്റെ റോഡ്ഷോ ആദിക്കാട്ടുകുളങ്ങരയിലാണു തുടങ്ങിയത്. കലാശക്കൊട്ടിനു നിശ്ചയിച്ചിരുന്ന നന്ദാവനം കവലയിലെത്തുമ്പോൾ മന്ത്രി സജി ചെറിയാനും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാതയും സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസും പ്രവർത്തകർക്ക് ആവേശം കൂട്ടാനെത്തി.  ക്രെയിനിന്റെ ബക്കറ്റിൽനിന്നു സ്ഥാനാർഥി ചെങ്കൊടി വീശി. കൂടെനിന്നവർക്കെല്ലാം നന്ദി പറഞ്ഞും മാറ്റം വേണമെന്ന് ഓർമിപ്പിച്ചും സ്ഥാനാർഥിയുടെ പ്രസംഗം.

ബൈജു കലാശാല
പത്തനാപുരം മുതൽ റോഡ്ഷോ നടത്തിയെത്തിയ എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയെ സ്വീകരിക്കാൻ കെഎസ്ആർടിസി ജംക്‌ഷനിൽ പ്രവർത്തകരും നേതാക്കളും നിറഞ്ഞിരുന്നു. പ്രചാരണഗാനങ്ങളും വാദ്യങ്ങളും പ്രവർത്തകരുടെ ആവേശത്തോട് മത്സരിച്ചു. പ്രചാരണ വാഹനത്തിനു മുകളിൽ കയറി സ്ഥാനാ‍ർഥി ആൾക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. സ്ഥാനാർഥിയും നേതാക്കളും വാഹനത്തിനു മുകളിൽനിന്നു പച്ചയും കാവിയും ബലൂണുകൾ ഉയർത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com