ADVERTISEMENT

കോട്ടയം ∙ തിരഞ്ഞെടുപ്പ് ജോലിക്കായി വിന്യസിച്ച ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. വോട്ടെടുപ്പിനുള്ള ഫെസിലിറ്റേഷൻ സെന്ററിൽ വോട്ട് ചെയ്യാനെത്തിയ പലർക്കും നിരാശരായി മടങ്ങേണ്ടി വന്നു. വോട്ട് ചെയ്തവർക്കാകട്ടെ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വന്നു. ബാലറ്റ് വീടുകളിലേക്ക് തപാൽ വഴി അയയ്ക്കില്ലെന്നും പൊതുവോട്ടെടുപ്പിന് മുൻപ് ബാലറ്റ് വോട്ടുകൾ നടത്തി തീർക്കണമെന്നുമുള്ള  തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമാണ് തിരിച്ചടിയായത്.

കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥർക്കായി തയാറാക്കിയ ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയവർ തിരികെമടങ്ങി. ഉദ്യോഗസ്ഥർക്ക് തപാൽ വോട്ട് രേഖപ്പെടുത്തുന്നതിനായി സിഎംഎസ്, ബിസിഎം കോളജുകളിലാണ് ബൂത്തുകൾ തയാറാക്കിയിരുന്നത്. ഇവിടെ കഴിഞ്ഞ 2 ദിവസമായി വോട്ട് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. ഒന്നിലധികം തവണ വോട്ട് ചെയ്യാനായി ഉദ്യോഗസ്ഥർ എത്തിയിട്ടും ലിസ്റ്റിൽ പേരില്ലാത്തതിനാൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല.

പോസ്റ്റൽ വോട്ടിനായി ഈ മാസം 17 വരെ ഉദ്യോഗസ്ഥർ അപേക്ഷ നൽകിയിരുന്നു. ജില്ലയ്ക്കു പുറത്തേക്കു തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ച ഉദ്യോഗസ്ഥർക്കും വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്ന പരാതിയുമുണ്ട്.  തിരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റിൽ നിന്നു ലിസ്റ്റ് ലഭിക്കുന്നതിലുള്ള കാലതാമസമാണ് ഉദ്യോഗസ്ഥരുടെ പേര് ലിസ്റ്റുകളിൽ ഉൾപ്പെടാതിരുന്നതിനു കാരണമെന്നും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നു. 

മുഖം രക്ഷിക്കാൻ റിഫ്രഷ്മെന്റ് കോഴ്സ് !
കോട്ടയം ∙ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ റിഫ്രഷ്മെന്റ് കോഴ്സ് എന്ന പേരിൽ വിളിച്ചുവരുത്തി വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് ജോലികൾക്കായി വിന്യസിച്ച  ജീവനക്കാരിൽ ഭൂരിപക്ഷത്തിനും വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഈ അപാകത പരിഹരിക്കാനാണ് ഇന്നലെ റിഫ്രഷ്മെന്റ് കോഴ്സ് എന്ന പേരിൽ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയതെന്നാണ് പരാതി. കോഴ്സിനെത്തിയ ഉദ്യോഗസ്ഥരോട് കൂടുതലൊന്നും പറയാനില്ലെന്നും മുൻപ് പറഞ്ഞ കാര്യങ്ങളുടെ ഓർമപ്പെടുത്തലിനാണ് റിഫ്രഷ്മെന്റ് കോഴ്സെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ശേഷമാണ് ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനുള്ള അവസരമുണ്ടെന്ന് പറഞ്ഞത്. കളത്തിപ്പടി മരിയൻ സീനിയർ സെക്കൻഡറി സ്കൂളിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടിന് ഒരു ബൂത്ത് മാത്രമാണ് ഒരുക്കിയത്. 

വൈദ്യുതിയില്ല; വലഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ
കോട്ടയം ∙ വൈദ്യുതി തടസ്സം‌ മൂലം തപാൽ വോട്ട് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരും വലഞ്ഞു. ലിസ്റ്റിൽ പേരുണ്ടോയെന്ന് നോക്കാൻ മൊബൈൽ ടോർച്ച് വെളിച്ചമാണ് പലരും ഉപയോഗിച്ചത്. ഒന്നിലധികം തവണയാണ് ബൂത്തിൽ വൈദ്യുതതടസ്സം അനുഭവപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com