ADVERTISEMENT

കുമരകം ∙ ബോട്ട് ജെട്ടിയിലെ കടകളിൽ കുരങ്ങന്റെ വിളയാട്ടം. കടയിലെ  കടല– നാരങ്ങ മിഠായി പാക്കറ്റുമായി കുരങ്ങൻ കടന്നു. ഇന്നലെ വൈകിട്ട് 3നാണ് സംഭവം. ബോട്ട് ജെട്ടിയിലെ അനിയൻ കുഞ്ഞ്, പീതാംബരൻ എന്നിവരുടെ കടകളിലാണു കുരങ്ങൻ കയറിയത്. അനിയൻ കുഞ്ഞിന്റെ കടയിൽ ഭാര്യ മോളമ്മയാണ് ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായി എത്തിയ കുരങ്ങൻ ഭരണി തുറന്നു മിഠായി എടുക്കാൻ ശ്രമിച്ചു.

ഇത് തടയാൻ ശ്രമിച്ചപ്പോൾ കടയുടെ മുന്നിൽ തൂക്കിയിട്ടിരുന്ന നാരങ്ങ മിഠായി പാക്കറ്റ് എടുത്തു കൊണ്ടു പോയി. മിഠായി നുണഞ്ഞു കുറെ നേരം കഴിഞ്ഞപ്പോൾ തൊട്ടടുത്ത പീതാംബരന്റെ കടയിലേക്കു കയറി. കടയുടെ മുന്നിലെ തട്ടിൽ കയറി ഇരുന്ന കുരങ്ങനെ കണ്ടു പീതാംബരന്റെ ഭാര്യ ബേബി ഭയന്നു. കടയ്ക്കുള്ളിലേക്കു മാറിയ തക്കം നോക്കി മിഠായിയും മറ്റു സാധനങ്ങളും എടുക്കാനുള്ള ശ്രമം നടത്തി.

ഈ സമയം ബേബി ധൈര്യം സംഭരിച്ചു കുരങ്ങനെ ഓടിക്കാൻ ശ്രമിച്ചു. സംഭവം കണ്ടു നാട്ടുകാരും എത്തിയതോടെ ഇവിടെ ഉണ്ടായിരുന്ന കടല പാക്കറ്റും എടുത്തു കുരങ്ങൻ സ്ഥലം വിട്ടു. കുരങ്ങന്മാർ നേരത്തെയും ബോട്ട് ജെട്ടി ഭാഗത്ത് എത്തി കടക്കാരെ ശല്യം ചെയ്തിട്ടുണ്ട്. കടയുടെ മുന്നിൽ തൂക്കിയിടുന്ന പഴക്കുലയിൽ നിന്നു പഴങ്ങൾ കൊണ്ടു പോകുകയായിരുന്നു അന്ന് ചെയ്തിരുന്നത്.

ഒരുതവണ കുരങ്ങൻ കള്ള് അടിച്ചു ഫിറ്റായി പരാക്രമം കാണിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. കള്ള് അടിക്കുന്ന കുരങ്ങൻ ഏറെ നാൾ നാട്ടുകാർക്കു ശല്യമായി ഇവിടെ തമ്പടിച്ചു. ചെത്ത് തെങ്ങിൽ കയറി മാട്ടത്തിൽ നിന്നു കള്ള് കുടിക്കുന്നതായിരുന്നു കുരങ്ങന്റെ പതിവ്. ഒരു പ്രാവശ്യം എത്തിയ കുരങ്ങൻ നാട്ടുകാർക്ക് ഏറെ ശല്യമായപ്പോൾ വനം വകുപ്പ് എത്തി കെണി വച്ചു പിടിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com