ADVERTISEMENT

അതിരമ്പുഴ ∙ ശ്രീകണ്ഠമംഗലത്തെ   അപകടകാരികളായ തെരുവു നായ്ക്കൂട്ടം നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. റോഡിനു കുറുകെ ചാടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുത്തുന്നതും. കുട്ടികൾക്ക് നേരെ പാഞ്ഞടുക്കുന്നതും  വളർത്തു മൃഗങ്ങളെയും മറ്റും ആക്രമിക്കുന്നതും പതിവായിട്ടും  നടപടിയില്ലെന്ന് ആക്ഷേപം.  വൈകുന്നേരത്തോടെയാണ് തെരുവ് നായ്ക്കൾ ഇവിടെയെത്തുന്നത്. അതിരമ്പുഴയുടെ വിവിധ പ്രദേശങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളാണ് ഇവിടെ  ഒത്തുകൂടുന്നത്. 

കൂട്ടമായെത്തുന്ന ഇവർ റോഡിൽ കടിപിടി കൂടുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമാണ്.  തുരത്തി ഓടിക്കാൻ ശ്രമിക്കുന്നവർക്ക് നേരെ പാഞ്ഞടുക്കുകയാണ്  രീതി. വഴിയാത്രക്കാർക്കും കുട്ടികൾക്കും നേരെ  കുതിച്ചെത്തുന്ന സംഭവങ്ങളുണ്ടായെന്നു നാട്ടുകാർ പറയുന്നു.  മതിലുകൾ ചാടിക്കടന്ന് വീട്ടു മുറ്റത്തെത്തുന്ന നായ്ക്കൾ വളർത്തു മൃഗങ്ങളേയും വീട്ടുകാരെയും ആക്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 

പ്രദേശവാസിയായ ഒരാൾ തെരുവ് നായ്ക്കൾക്ക് പതിവായി കശാപ്പ് അവശിഷ്ടങ്ങൾ ഭക്ഷിക്കാനായി നൽകാറുണ്ടെന്നും ഇതിനാലാണ് അതിരമ്പുഴ മാർക്കറ്റ് പരിസരത്തുള്ള നായ്ക്കൾ പോലും ഇവിടെ എത്താനുള്ള കാരണമെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പഞ്ചായത്തോ ബന്ധപ്പെട്ട മറ്റ് അധികൃതരോ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. 

 ആട്ടിൻകുട്ടിയെ തെരുവു നായ്ക്കൾ കൊന്നു തിന്നു
അതിരമ്പുഴ കുറ്റിയേൽ കവലയ്ക്കു സമീപം  വീട്ടുമുറ്റത്തെ കൂട്ടിൽ കിടന്ന ആട്ടിൻകുട്ടിയെ തെരുവ് നായ്ക്കുട്ടം കൊന്നു തിന്നു. വാർഡ് 20ൽപള്ളിപ്പാട്ട് കുര്യാക്കോസ് ജോണിന്റെ 2 മാസം പ്രായമായ ആട്ടിൻ കുട്ടിയെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചു കൊന്നത്.

വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വീടിന്റെ മതിൽ ചാടിക്കടന്ന് അകത്തു കയറിയ ഏഴോളം തെരുവ് നായ്ക്കൾ ആട്ടിൻ കൂട് തകർത്താണ് ആട്ടിൻ കുട്ടിയെ കൊന്നു തിന്നത്. ആടുകളുടെ ‌കരച്ചിൽ  കേട്ട് വീട്ടുകാർ ഉണർന്നെങ്കിലും അപ്പോഴേക്കും ആട്ടിൻകുട്ടിയെ നായ്ക്കൂട്ടം കൊന്നു ഭക്ഷിച്ചിരുന്നു. കൂട്ടിൽ 3 ആടുകളും 3 കുട്ടി ആടുകളുമാണ് ഉണ്ടായിരുന്നത്. വീട്ടുകാർ  തുരത്തിയതിനാലാണ് മറ്റുള്ളവ രക്ഷപ്പെട്ടത്.

കുര്യാക്കോസിന്റെ ഭാര്യ അനുവും, അമ്മ മോളിയും ചേർന്നാണ് ആടിനെ വളർത്തിയിരുന്നത്. ക്ഷീര കർഷകരായ കുടുംബം ഇനിയും തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടാകുമോയെന്ന ഭീതിയിലാണ്.  കഴിഞ്ഞ മാസം സമാനമായ രീതിയിൽ  കുര്യാക്കോസിന്റെ അയൽവാസിയായ ജോർജ് പള്ളിപ്പാട്ടിന്റെ ആട്ടിൻ കുട്ടിയെയും തെരുവ് നായ്ക്കൂട്ടം കൊന്നു തിന്നിരുന്നു.   അക്രമാസക്തരായ നായ്ക്കൂട്ടം പ്രദേശത്ത് താവളമടിച്ചതോടെ നാട്ടുകാരും  ഭീതിയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com