നെഞ്ചുപിടഞ്ഞേ ഈ കണക്ക് കേൾക്കാനാകൂ; 2 ദിവസം കൂടുമ്പോൾ ഒരു കുട്ടി പീഡിപ്പിക്കപ്പെടുന്നു

Mail This Article
കോട്ടയം ∙ രണ്ട് ദിവസം കൂടുമ്പോൾ ശരാശരി ഒരു കുട്ടി വീതം പീഡിപ്പിക്കപ്പെടുന്നു! ജില്ലയിൽ കഴിഞ്ഞ വർഷം കോടതിയിൽ എത്തിയത് 181 പോക്സോ കേസുകൾ. ജില്ലാ കോടതിയിൽ നിന്നുള്ള രേഖകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്തത് ചിങ്ങവനം പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ്. എന്നാൽ, മരങ്ങാട്ടുപിള്ളി, രാമപുരം, മുണ്ടക്കയം, കിടങ്ങൂർ സ്റ്റേഷനുകളിൽ 2023ൽ ഒരു കേസുകൾ വീതമേ റജിസ്റ്റർ ചെയ്തിട്ടുള്ളൂ. മുൻ വർഷങ്ങളിൽ ഉണ്ടായത് ഉൾപ്പെടെ 2023ൽ 270 കേസുകൾ തീർപ്പാക്കി. 46 പ്രതികളെ ശിക്ഷിച്ചു. 224 പ്രതികളെ മതിയായ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. സെഷൻസ് കേസുകളിൽ കോടതിക്കു പുറത്തുവച്ച് തീർപ്പായ കേസുകൾക്ക് പുറമേയുള്ള കണക്കാണ് ഇത്.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ പരാതികൾ ആദ്യം ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകൾക്കും (ഡിസിപിയു) പിന്നീട് ജില്ലാ ശിശുസംരക്ഷണ സമിതിക്കും (സിഡബ്ല്യുസി) മുൻപാകെയാണ് എത്തുന്നത്. ഇവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിയമനടപടികൾ. ജില്ലയിൽ 4 പോക്സോ കോടതികളാണുള്ളത്. സ്പെഷൽ കോടതി (കോട്ടയം), അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി –1 (കോട്ടയം), ചങ്ങനാശേരി, ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതികൾ. അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി മാത്രമാണ് ആദ്യം പോക്സോ കേസുകൾ പരിഗണിച്ചിരുന്നത്. കേസുകളുടെ എണ്ണം പെരുകിയതോടെയാണ് മറ്റു കോടതികൾ കൂടി സ്ഥാപിച്ചത്.
സംസ്ഥാന ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് സംസ്ഥാനത്താകെ 2023ൽ 4,641 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയിൽ മാത്രം കഴിഞ്ഞ വർഷം 251 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു. ഏഴിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികളാണ് ലൈംഗികാതിക്രമത്തിനു കൂടുതൽ ഇരയാകുന്നത്. കേസ് റജിസ്റ്റർ ചെയ്താൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നാണ് പോക്സോ നിയമം. പക്ഷേ, ഒട്ടേറെ കേസുകളാണ് കെട്ടിക്കിടക്കുന്നത്.