വേനലിനോടു പൊരുതി; സംഭരണത്തിൽ ഇടറി

Mail This Article
ഇരവിനല്ലൂർ (പുതുപ്പള്ളി) ∙ വേനലിൽ കുരുത്തത് മഴയിൽ വാടുന്നു. നെൽക്കൃഷിയുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണെന്നു കർഷകർ. പ്രാന്തൻ പത്തുംകരി പാടശേഖരത്തിൽനിന്നു കൊയ്തെടുത്ത നെല്ല് റോഡരികിൽ കൂട്ടിയിട്ടിട്ട് ഒരാഴ്ചയിലേറെയായി. പാഡി ഓഫിസർ വന്നു കണ്ടു മടങ്ങി. പക്ഷേ, മില്ലുകാർ നെല്ലു കൊണ്ടു പോകുന്നില്ല. കടുത്ത വേനലിനെ അതിജീവിച്ചെങ്കിലും വിളവു കുറവായിരുന്നു. 100 ഏക്കർ പാടശേഖരത്ത് 30 കർഷകരാണ് കൃഷി ചെയ്തത്.സംഭരണം സംബന്ധിച്ചു തീരുമാനമാകാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. മഴ പെയ്തു തുടങ്ങിയതോടെ നെല്ല് സംരക്ഷിക്കാൻ ബുദ്ധിമുട്ടുകയാണ് കർഷകർ. പാടത്തും റോഡരുകിലുമായി നെല്ല് കൂട്ടിയിട്ടിരിക്കയാണ്.
മഴ പെയ്താൽ നനയും. ഇത് വീണ്ടും ഉണക്കിയെടുക്കേണ്ടി വരും. ഇങ്ങനെ ഓരോ തവണ ഉണക്കിയെടുക്കുന്തോറും പതിര് കൂടുമെന്നും കർഷകർ. കടുത്ത വേനൽ മൂലം ഇത്തവണ വിളവ് പൊതുവേ കുറഞ്ഞു. ഏക്കറിന് 20 ക്വിന്റലിൽ കുറയാതെ നെല്ല് കിട്ടിയിരുന്ന ഇവിടെ ഇത്തവണ 5 ക്വിന്റലിൽ കുറവാണ് കിട്ടിയത്. വേനൽക്കെടുതി മൂലം വിള നശിച്ചതിന് ഇൻഷുറൻസും ലഭിക്കില്ലെന്നു കർഷകർ. നഷ്ടമാണെങ്കിലും കുറച്ച് നെല്ലെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ പാടശേഖരത്ത് യന്ത്രം ഇറക്കി കൊയ്ത്ത് നടത്തി. മുടക്കുമുതൽ പോലും കിട്ടാത്ത അവസ്ഥയാണ്. ഇതിനു പുറമേയാണ് നെല്ല് കൂട്ടിയിട്ട് നശിക്കുന്ന അവസ്ഥ. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. അടുത്ത വർഷം കൃഷിയിറക്കാൻ കഴിയാത്തവിധം കടത്തിലാണു പല കർഷകരും.