ADVERTISEMENT

∙ മഴക്കാലം എത്തിയതോടെ വാഹനാപകടങ്ങൾ വർധിക്കുന്നു. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിൽ കൂടുതൽ. റോഡിന്റെ അവസ്ഥ, വാഹനത്തിന്റെ കണ്ടിഷൻ, ഡ്രൈവിങ് എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് അപകടങ്ങൾക്കു കാരണം.

കട്ടിങ് എന്ന അപകടം
മഴക്കാലത്ത് റോഡരികിൽ വരുന്ന പ്രധാന രൂപമാറ്റമാണ് വശങ്ങളിലെ കട്ടിങ്. റോഡിന്റെ വശത്തെ മണ്ണ് ഒലിച്ചുപോയി റോഡും വശങ്ങളും തമ്മിൽ ഉയര വ്യത്യാസം വരുന്നതാണ് കട്ടിങ്. ഗട്ടറുകളെക്കാൾ അപകടസാധ്യത കൂടുതൽ. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ശ്രദ്ധ അൽപം തെറ്റിയാൽ കാര്യങ്ങൾ കൈവിട്ടു പോകും. ജില്ലയിലെ പ്രധാന റോഡായ എംസി റോഡ്, ദേശീയപാത എന്നിവയിൽ വിവിധ സ്ഥലങ്ങളിൽ കട്ടിങ്ങുകൾ അപകട ഭീഷണിയാണ്.

ചങ്ങനാശേരി റയിൽവേ സ്‍റ്റേഷനു സമീപം ബൈപാസ് റോഡരികിൽ പൂട്ടുകട്ട വിരിച്ച ഭാഗത്ത് മഴയത്ത് കോൺക്രീറ്റ് മിശ്രിതം ഇടുന്നതിനു പിന്നാലെ വാഴയില കൊണ്ട് മൂടുന്ന തൊഴിലാളി. ഇതുകൊണ്ട് എങ്ങനെ കോൺക്രീറ്റ് സംരക്ഷിക്കാൻ കഴിയുമെന്ന് നാട്ടുകാർ ചോദിക്കുന്നു. ഇന്നലെ വൈകിട്ട് ശക്തമായ മഴയാണിവിടെ പെയ്തത്. ചിത്രം : മനോരമ
ചങ്ങനാശേരി റയിൽവേ സ്‍റ്റേഷനു സമീപം ബൈപാസ് റോഡരികിൽ പൂട്ടുകട്ട വിരിച്ച ഭാഗത്ത് മഴയത്ത് കോൺക്രീറ്റ് മിശ്രിതം ഇടുന്നതിനു പിന്നാലെ വാഴയില കൊണ്ട് മൂടുന്ന തൊഴിലാളി. ഇതുകൊണ്ട് എങ്ങനെ കോൺക്രീറ്റ് സംരക്ഷിക്കാൻ കഴിയുമെന്ന് നാട്ടുകാർ ചോദിക്കുന്നു. ഇന്നലെ വൈകിട്ട് ശക്തമായ മഴയാണിവിടെ പെയ്തത്. ചിത്രം : മനോരമ

എംസി റോഡിൽ വെമ്പള്ളി, കോഴാ, കുറവിലങ്ങാട് പള്ളിക്കവല എന്നിവിടങ്ങളിലെ വേഗത്തടകൾ ഉണ്ടാക്കുന്ന അപകട സാധ്യത കുറഞ്ഞെങ്കിലും വശങ്ങളിലെ കട്ടിങ് ഇപ്പോഴും നിലനിൽക്കുന്നു. എംസി റോഡിൽ ജില്ലയിൽ കൂടി കടന്നുപോകുന്ന പ്രദേശങ്ങളിൽ പല സ്ഥലങ്ങളിലും ചെറുകുഴികൾ രൂപപ്പെട്ടതും ഇരുചക്ര വാഹന യാത്രക്കാരെ കുരുക്കുന്നു.

വല്ലകത്തെ വളവ്
തലയോലപ്പറമ്പ് – വൈക്കം റോഡിൽ വല്ലകം വളവിൽ അപകടം തുടർക്കഥയാണ്. മേയ് 6ന് യുവാവ് ഓടിച്ച ഇരുചക്ര വാഹനം നിയന്ത്രണംവിട്ടു സ്വകാര്യ ബസിന് അടിയിൽപ്പെട്ടതാണ് ഇവിടുത്തെ ഏറ്റവും ഒടുവിലെ അപകടം. യുവാവ് തെറിച്ചു പോയതിനാൽ ബസിന് അടിയിൽപ്പെട്ടില്ല. എതിർ ദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ വളവിൽ അടുത്ത് എത്തുമ്പോൾ മാത്രം കാണാൻ സാധിക്കുന്നതാണ് അപകടത്തിന്റെ പ്രധാന കാരണം. സൂചനാ ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും ഇതും വാഹനം ഇടിച്ചുകയറി നശിച്ച നിലയിലാണ്.

കുരുക്കി ജലജീവൻ
ഗ്രാമീണ റോഡുകളിൽ പലതും ജലജീവൻ പദ്ധതിക്കായി കുഴിച്ചിട്ടിരിക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. ജില്ലയിലെ ഏതാണ്ട് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇതാണു സ്ഥിതി. റോഡ് കുഴിച്ച ശേഷം പേരിന് മണ്ണ് മൂടി പോകുന്നതാണു സ്ഥിതി. മഴ പെയ്തതോടെ ഇതു ചെളിക്കുളമായി. ഇരുചക്ര വാഹനങ്ങൾ പല റോഡുകളിലും ഓടിക്കാൻ സാധിക്കില്ല.

നേരെ തോട്ടിലേക്ക്
ചേർത്തല–കമ്പം മിനി ഹൈവേയിൽ കുറുപ്പന്തറ കടവ് ഭാഗത്ത് വാഹനങ്ങൾ നേരെ തോട്ടിൽ പതിക്കുന്ന സ്ഥിതിയുണ്ട്. കടവ് റോഡ് ഭാഗവും തോടും വെള്ളം നിറയുന്നതോടെ റോഡ് ഏതെന്ന് അറിയാതെ കമ്പം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ തോട്ടിലേക്ക് പതിക്കുകയാണ്. ഇവിടെ സുരക്ഷാ വേലിയോ അപകട മുന്നറിയിപ്പോ ഇല്ല.

മണൽക്കെണി
വേനൽമഴയിൽ ഇടറോഡുകളിലൂടെ ഒഴുകിയെത്തിയ മണൽ പ്രധാന റോഡുകളിൽ നിരന്ന് അപകടമുണ്ടാകുന്നു. ഇരുചക്രവാഹന യാത്രക്കാരാണ് ഇവിടെയും അപപകടത്തിൽപ്പെടുന്നത്. മണലിൽ വണ്ടി കയറി തെന്നിപ്പോകുന്നതാണ് അപകട കാരണം. കഴിഞ്ഞ ദിവസം കാനം - കാഞ്ഞിരപ്പാറ റോഡിൽ റബർ നഴ്സറിക്കു സമീപം റോഡിൽ നിരന്ന മണലിൽ തെന്നി ബൈക്ക് മറിഞ്ഞ് 3 പേർക്കാണ് പരുക്കേറ്റത്.

ഡ്രൈവിങ്ങിൽ ശ്രദ്ധിക്കാൻ
∙ റോഡിനെ മാത്രം പറഞ്ഞാൽ മതിയോ? വാഹനവും ഡ്രൈവിങ്ങും ശ്രദ്ധിക്കേണ്ടേ.. രാജ്യാന്തര റാലി താരമായ കോട്ടയം സ്വദേശി പ്രേംകുമാർ മഴക്കാലത്തെ ഇരുചക്ര വാഹനയാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറയുന്നു.

ടയർ മുഖ്യം
ടയറിന്റെ ട്രെഡ് പൂർണമായും കാണുന്ന വിധത്തിലുള്ളവ ഉപയോഗിക്കണം. ടയറിനും റോഡിനും ഇടയിൽ മർദം ഉണ്ടാകുമ്പോൾ വെള്ളം വശങ്ങളിലേക്കു പോകണമെങ്കിൽ ട്രെഡ് ആവശ്യമാണ്. ശരിയായ തരത്തിൽ ട്രെഡ് ഇല്ലെങ്കിൽ വാഹനം തെന്നി മറിയാനുള്ള സാധ്യത ഏറെയാണ്.

ബ്രേക്ക് പിടിക്കുമ്പോൾ
സഡൻ ബ്രേക്ക് ഇടുക, മുന്നിലെയോ പിന്നിലെയോ ബ്രേക്ക് മാത്രമായി വേഗത്തിൽ പിടിക്കുക എന്നിവ വാഹനം തെന്നി മറിയാനുള്ള സാധ്യത കൂട്ടുന്നു. ഇരു ബ്രേക്കുകളും ഒരേ അളവിൽ പിടിക്കുന്നതാണു നല്ലത്.

ലൈറ്റ് അത്ര ‘ലൈറ്റല്ല’
വാഹനത്തിലെ ഹെഡ് ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, പാർക്ക് ലൈറ്റ് തുടങ്ങിയ എല്ലാ ലൈറ്റുകളും ശരിയായി പ്രവർത്തിക്കുന്നെന്ന് ഉറപ്പാക്കണം.

തിടുക്കം വേണ്ട
ടൂവീലർ എടുത്ത് വേഗത്തിൽ ഒന്നു പോയി കാര്യം സാധിച്ചു തിരിച്ചെത്താം എന്ന ചിന്ത മഴക്കാലത്ത് മാറ്റിവയ്ക്കാം. പരമാവധി വേഗം മണിക്കൂറിൽ 40 കിലോമീറ്റർ എന്നു നിജപ്പെടുത്തുന്നതാണ് ഉചിതം. ഇതനുസരിച്ചു നമ്മുടെ സമയക്രമത്തിൽ മാറ്റം വരുത്തിയാൽ മതി. രാവിലെ 9നാണ് ഓഫിസിലേക്ക് ഇറങ്ങുന്നതെങ്കിൽ അത് 8.30ന് ആക്കിയാൽ ‘റിസ്ക്’ ഒഴിവാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com